എം.എസ്.പി സ്കൂൾ വിദ്യാഭ്യാസവകുപ്പ് ഏറ്റെടുക്കൽ; നടപടികൾ ഇഴയുന്നു
text_fieldsമലപ്പുറം: എയ്ഡഡ് വിഭാഗത്തിൽ പ്രവർത്തിക്കുന്ന മലപ്പുറം എം.എസ്.പി ഹയർ സെക്കൻഡറി സ്കൂളിനെ വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കുന്ന നടപടികൾ ഇഴയുന്നു. എം.എസ്.പി സ്കൂളിലെ നിയമനവുമായി ബന്ധപ്പെട്ട് മലപ്പുറം ചീനിത്തോട് സ്വദേശി മുഹമ്മദ് ഇബ്രാഹീം സംസ്ഥാന ന്യൂനപക്ഷ കമീഷന് നൽകിയ ഹരജി തീർപ്പാക്കി ഇറക്കിയ ഉത്തരവിൽ സ്കൂൾ സർക്കാർ ഏറ്റെടുക്കുന്നതിൽ തുടർനപടികളില്ലെന്ന കാര്യം വ്യക്തമാക്കുന്നുണ്ട്.
എയ്ഡഡ് വിഭാഗത്തിൽ പ്രവർത്തിക്കുന്ന സ്കൂളിനെ സർക്കാർ വിദ്യാലയമായി മാറ്റി വിദ്യാഭ്യാസവകുപ്പിന് വിട്ടു നൽകുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനം നടപ്പാക്കുന്നതിന് എം.എസ്.പി കമാൻഡന്റും സംസ്ഥാന പൊലീസ് മേധാവിയും നടപടി സ്വീകരിക്കണമെന്നാണ് സംസ്ഥാന ന്യൂനപക്ഷ കമീഷൻ ഉത്തരവിലൂടെ ആവശ്യപ്പെട്ടത്. പൊലീസിന്റെ പരേഡ് പോലുള്ള കാര്യങ്ങൾക്ക് എം.എസ്.പി സ്കൂൾ ഗ്രൗണ്ട് ആവശ്യമെങ്കിൽ സ്കൂൾ പ്രവർത്തനം തടസ്സം വരാത്തരീതിയിൽ ഉപയോഗപ്പെടുത്താം.
സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കുന്ന മുറക്ക് ഈ വിഷയത്തിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച സമഗ്ര റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ ന്യൂനപക്ഷ ക്ഷേമ കമീഷന് മുമ്പാകെ സമർപ്പിക്കണമെന്നും ഉത്തരവിലുണ്ട്. എം.എസ്.പി സ്കൂൾ സർക്കാർ ഏറ്റെടുക്കുമെന്ന് 2021ൽ ഔദ്യോഗിക രേഖയുണ്ടെന്നും വർഷങ്ങൾ കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട തുടർ നടപടികൾ പുരോഗമിക്കുന്നില്ലെന്നും ആക്ഷേപം ശക്തമാണ്.
2023 ഡിസംബർ 28ന് ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ മിനുട്സിലും എം.എസ്.പി സ്കൂൾ സർക്കാർ ഏറ്റെടുക്കുമെന്ന ഉത്തരവ് രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ട് ലഭിക്കാത്തത് മാത്രമാണ് സർക്കാറിന്റെ ഭാഗത്തുനിന്ന് തുടർനപടികൾക്ക് തടസ്സമാകുന്നതെന്നാണ് വിവരം.
എം.എസ്.പി സ്കൂളിലെ അധ്യാപക-അനധ്യാപക നിയമനങ്ങളിൽ സംവരണതത്വം ഉറപ്പാക്കാനും നിയമനങ്ങൾ പി.എസ്.സി മുഖാന്തരമാക്കാനും ഇടപെടൽ ആവശ്യപ്പെട്ടായിരുന്നു ചീനിത്തോട് സ്വദേശി ന്യൂനപക്ഷ കമീഷനെ സമീപിച്ചിരുന്നത്. സ്കൂളിലെ നിയമനങ്ങൾക്കെതിരെ കെ.എസ്.യു അടക്കമുള്ള സംഘടനകളും രംഗത്തു വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.