മാനവികതയുടെ വേദവെളിച്ചം പരത്തി മുജാഹിദ് സമ്മേളനത്തിന് പ്രൗഢ സമാപനം
text_fieldsകരിപ്പൂര്‍: കേരള നവോഥാന ചരിത്രത്തിൽ പുതിയ അധ്യായമെഴുതിയും മാനവികതയുടെ വേദവെളിച്ചം പരത്തിയും പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് കരിപ്പൂരിലെ ‘വെളിച്ചം’ നഗരിയില്‍ പ്രൗഢോജ്ജ്വല സമാപനം. വൈവിധ്യമാര്‍ന്ന സെഷനുകളിലും വ്യത്യസ്ത പരിപാടികളിലുമായി രണ്ടാഴ്ചയോളം പതിനായിരങ്ങളാണ് സമ്മേളനനഗരിയില്‍ ഒഴുകിയെത്തിയത്. അനുബന്ധ പരിപാടികള്‍ക്കു ശേഷം വ്യാഴാഴ്ച ആരംഭിച്ച സമ്മേളനം വേറിട്ട പരിപാടികളിലൂടെയും സംഘാടന മികവിനാലും ശ്രദ്ധേയമായി. വെറുപ്പിന്റെ രാഷ്ട്രീയം കൊടികുത്തി വാഴുമ്പോള്‍ ഐക്യപ്പെടലിന്റെ മാനവിക സന്ദേശം ഉയര്‍ത്തിപ്പിടിച്ച സമ്മേളനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മതവും ശാസ്ത്രവും ലോകജനത നേരിടുന്ന പ്രശ്നങ്ങളുമെല്ലാം ഒരേ വേദിയില്‍ ചര്‍ച്ചയായപ്പോള്‍ ലക്ഷക്കണക്കിന് പേര് സാക്ഷികളായി.
ഐഡിയോളജി ആൻഡ് തസ്കിയ കോണ്‍ഫറന്‍സോടെയാണ് സമാപന ദിവസത്തെ പരിപാടികള്‍ക്ക് തുടക്കമായത്. ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അക്രമത്തിനും അനീതിക്കുമെതിരെ എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത എം.കെ. രാഘവന് എം.പി പറഞ്ഞു. കെ.പി. അബ്ദുറഹ്മാന് സുല്ലമി അധ്യക്ഷത വഹിച്ചു. നാഷനല്‍ അറബിക് കോണ്‍ഫറന്‍സ് ഫലസ്തീൻ എംബസി പൊളിറ്റിക്കൽ ആൻഡ് മീഡിയ കോൺസലർ ഡോ. അബ്ദുർറസാഖ് അബൂ ജസർ ഉദ്ഘാടനം ചെയ്തു. പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമ്പോള്‍ വിവിധ വിഭാഗങ്ങള്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കാൻ നടപടികള്‍ വേണമെന്ന് ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവ് അഭിപ്രായപ്പെട്ടു.
സമ്മേളനഭാഗമായി സംഘടിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളികളുടെ സംഗമവും ഭിന്നശേഷി സമ്മേളനവും വേറിട്ട അനുഭവമായി. അര ലക്ഷത്തിലധികംപേര്‍ കണ്ട ‘ദ മെസേജ്’ സയന്‍സ് എക്സ്പോ സമ്മേളനനഗരിയെ വ്യത്യസ്തമാക്കി. ഖുര്‍ആന്റെ അന്തര്‍ധാരകളിലേക്ക് വസ്തുനിഷ്ഠമായി ഇറങ്ങിച്ചെന്ന സമ്പൂര്‍ണ പഠനവേദി, കാര്‍ഷികമേള, വിവിധ എക്സ്പോകള്‍ എന്നിവയും മാറ്റുകൂട്ടി. പതിനായിരങ്ങള്‍ പങ്കെടുത്ത വനിത സമ്മേളനവും വിദ്യാര്‍ഥി സമ്മേളനവും ജനപങ്കാളിത്തത്താലും ആശയവൈവിധ്യത്താലും വേറിട്ടുനിന്നു.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുത്ത മാധ്യമ സെമിനാര്‍, വിവിധ സമുദായങ്ങളിലെ പ്രമുഖര്‍ പങ്കെടുത്ത മതമൈത്രി സംഗമം തുടങ്ങിയവയായിരുന്നു മറ്റ് ആകർഷക പരിപാടികൾ. ഞായറാഴ്ച വൈകീട്ട് നാലിന് സമാപന സമ്മേളന ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.