മുജീബ് റഹ്മാന്‍റെ മരണം: മൂന്നുപേർകൂടി അറസ്റ്റിൽ
text_fieldsനിലമ്പൂർ: മമ്പാട് ടൗണിലെ ടെക്സ്റ്റൈൽസ് ഗോഡൗണിൽ കോട്ടക്കൽ വെസ്റ്റ് വെല്ലൂർ സ്വദേശി പള്ളിത്തൊടി മുജീബ് റഹ്മാന്‍റെ (29) മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മൂന്നുപേരെകൂടി നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു.ഒളിവിൽ പോയ പ്രതി മഞ്ചേരി മാലാംകുളം സ്വദേശി മധുരക്കറിയൻ ഷാഹുലിനെ രക്ഷപ്പെടാൻ സഹായിച്ച മഞ്ചേരി മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം മുഹ്സിൻ (27), അത്തിമണ്ണിൽ അൻവർ ഷാഹിദ് (25), മുട്ടിപ്പാലം സ്വദേശി പേരാപ്പുറം ജാഫർ ഖാൻ (24) എന്നിവരെയാണ് നിലമ്പൂർ ഇൻസ്പെക്ടർ പി. വിഷ്ണു അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാവിലെ 10 മണിയോടെ പ്രതി രക്ഷപ്പെടാൻ ഉപയോഗിച്ച കാർ ഗൂഢല്ലൂർ ഭാഗത്തുനിന്നു വരുന്നുണ്ടെന്ന രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് നിലമ്പൂർ തേക്ക് മ്യൂസിയത്തിന് സമീപം പൊലീസ് കാർ തടയാൻ ശ്രമിച്ചെങ്കിലും അമിത വേഗത്തിൽ ഓടിച്ചുപോയി. കാർ പിന്തുടർന്ന് നിലമ്പൂർ പോസ്റ്റ് ഓഫിസിനു സമീപം തടഞ്ഞ് മൂന്നുപേരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി നിലമ്പൂർ കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു. മുമ്പ് അറസ്റ്റിലായ 12 പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. സംഘം ചേർന്ന് തട്ടിക്കൊണ്ടുവന്ന് തടവിൽ പാർപ്പിച്ച് മർദനം, ആത്മഹത‍്യ പ്രേരണ എന്നിവയാണ് ഇവരുടെ പേരിലുള്ള കുറ്റം.കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന് ഇടയാക്കിയ സംഭവം. ഇൻഡസ്ട്രിയൽ വർക്ക് കരാർ അടിസ്ഥാനത്തിൽ ചെയ്തു കൊടുക്കുന്നയാളാണ് മുജീബ് റഹ്മാൻ. രണ്ടുമാസം മുമ്പ് മമ്പാടിലെ തുണിക്കട ഉടമ ഷഹദിന്‍റെ മഞ്ചേരി 32ലുള്ള ഹാർഡ്വെയേഴ്സിൽനിന്ന് 64,000 രൂപ വില വരുന്ന സാധനങ്ങൾ കടം വാങ്ങിയിരുന്നു.
പറഞ്ഞ സമയത്ത് പണം തിരിച്ചുകൊടുത്തില്ല. ഇതുമായി ബന്ധപ്പെട്ട് മുജീബ് റഹ്മാനെ സംഘം തട്ടിക്കൊണ്ടുവരുകയും ബന്ദിയാക്കി മർദിക്കുകയും ചെയ്തു. പിന്നീട് മുജീബ് തൂങ്ങിമരിക്കുകയായിരുന്നു.നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. അബ്രഹാമിന്‍റെ നിർദേശപ്രകാരം എസ്.ഐ നവീൻ ഷാജ്, എ.എസ്.ഐ മാരായ വി.കെ. പ്രദീപ്, റെനി ഫിലിപ്പ്, അൻവർ സാദത്ത്, എ. ജാഫർ, സജേഷ്, ധന്യേഷ്, പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ എം. അസ്സെനാർ, എൻ.പി. സുനിൽ, കെ.ടി. ആശിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.