ഷ്രെഡ്ഡിങ് യൂനിറ്റിലെ മാലിന്യം സൂക്ഷിക്കാൻ താൽക്കാലിക സ്ഥലം കണ്ടെത്തി നഗരസഭ
text_fieldsമലപ്പുറം: നഗരസഭ ഖനി ഖരമാലിന്യ ഷ്രെഡ്ഡിങ് യൂനിറ്റിലെ മാലിന്യം താൽക്കാലികമായി നീക്കം ചെയ്ത് സൂക്ഷിക്കാൻ സ്ഥലം കണ്ടെത്തി അധികൃതർ. നഗരസഭ മൂന്നാം വാർഡ് ചെറുപറമ്പിലെ ആളൊഴിഞ്ഞ പ്രദേശമാണ് അധികൃതർ കണ്ടെത്തിയത്. ജൂൺ മൂന്നിന് നഗരസഭ അധികൃതർ സ്ഥലം സന്ദർശിച്ച് ഏകദേശ ധാരണയായി. ഇനി അധികൃതർ കൂടിയാലോചന നടത്തി സ്ഥലം വാടകക്ക് എടുക്കണോ, വില കൊടുത്തു വാങ്ങാൻ സാധിക്കുമോ എന്ന കാര്യം പരിശോധിക്കും. നടപടി ക്രമങ്ങൾ അനുസരിച്ചാകും തീരുമാനമെടുക്കുക. വാടകക്ക് എടുക്കുകയാണെങ്കിൽ താൽക്കാലിക ഷെഡ്ഡ് കെട്ടിയാകും മാലിന്യം സൂക്ഷിക്കുക. നഗരസഭ പരിസരത്തുള്ള ഷ്രെഡ്ഡിങ് യൂനിറ്റിൽ മാലിന്യം അളവിൽ കൂടുതൽ കെട്ടിക്കിടന്നതോടെയാണ് താൽക്കാലിക സൂക്ഷിപ്പുകേന്ദ്രത്തെ കുറിച്ച് ആലോചിച്ചത്. ഷ്രെഡ്ഡിങ് യൂനിറ്റിലെ മെഷീൻ തകർന്നതോടെയാണ് കേന്ദ്രത്തിൽ മാലിന്യം കുന്നുകൂടിയത്.
ഏപ്രിൽ മാസത്തോടെയാണ് പ്രശ്നം ആരംഭിച്ചത്. വിഷയം മേയ് 25ന് നടന്ന കൗൺസിൽ യോഗത്തിൽ വലിയ ചർച്ചകൾക്കും വഴിവെച്ചിരുന്നു. വിഷയം പഠിച്ച് താൽക്കാലിക പ്രതിവിധിയടക്കം തയാറാക്കി ജൂൺ 10നകം റിപ്പോർട്ടാക്കി നഗരസഭ ഹെൽത്ത് സൂപ്പർവൈസർ കൗൺസിലിന് സമർപ്പിക്കാനായിരുന്നു തീരുമാനം. നേരത്തെ ഖനിയിലെ മാലിന്യ തോത് കൂടിയതോടെ താൽക്കാലികമായി മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റാനാണ് അധികൃതർ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി 40ാം വാർഡ് പെരുമ്പറമ്പിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലം കണ്ടെത്തി. എന്നാൽ വാടക നിശ്ചയിക്കുന്നതിലെ സാങ്കേതിക തടസ്സം കാരണം താൽക്കാലിക കേന്ദ്രത്തിലേക്കുള്ള മാലിന്യനീക്കം സാധ്യമായില്ല. കണ്ടെത്തിയ സ്ഥലത്തിന്റെ ആധാരവും സമീപ പ്രദേശങ്ങളിലെ അഞ്ച് ആധാരങ്ങളും ലഭിച്ചാൽ മാത്രമേ വാടക നിശ്ചയിക്കാൻ കഴിയൂവെന്നാണ് ഉദ്യോഗസ്ഥർ കൗൺസിൽ യോഗത്തിൽ നൽകിയ വിശദീകരണം. നിലവിൽ മാലിന്യ നീക്കം പതിയെ പുരോഗമിക്കുന്നുണ്ട്. കഴിഞ്ഞ 10 ദിവസത്തിനിടെ അഞ്ച് ലോഡ് വേർതിരിച്ച പ്ലാസ്റ്റിക് മാലിന്യം ക്ലീൻ കേരള കമ്പനിക്ക് അധികൃതർ കൈമാറി. ബാക്കി വരുന്നത് അടുത്ത ദിവസങ്ങളിലായി ക്ലീൻ കേരളക്ക് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.