പക്ഷികൾക്ക് സ്വപ്നക്കൂടൊരുക്കി നാസർ
text_fieldsകോട്ടക്കൽ: പക്ഷികൾക്ക് സ്വർഗമാണ് എടരിക്കോട് അരീക്കലിലെ അധ്യാപകനായ കെ.പി. നാസർ ഒരുക്കിയ 'സ്വപ്നക്കൂട്'. വീട്ടുമുറ്റത്തെ പ്ലാവിനെ ആവരണം ചെയ്ത് പത്തടി ഉയരത്തിലും15 അടി വീതിയിലുമാണ് കൂട് നിർമിച്ചിരിക്കുന്നത്. പക്ഷികൾക്ക് യഥേഷ്ടം പാറിക്കളിക്കാനും മഴ നനയാനും വെയിൽ കൊള്ളാനും കുളിക്കാനുമെല്ലാം സൗകര്യത്തിലാണ് കൂട് ഒരുക്കിയിരിക്കുന്നത്. ചെടികളെയും പൂക്കളേയും ഏറെ ഇഷ്ടപ്പെടുന്ന നാസർ കൂട്ടിലും വൈവിധ്യമാർന്ന ചെടികളാണ് നട്ടുപിടിപ്പിച്ചിരിക്കുന്നത്.
ഭക്ഷണസാധനങ്ങൾക്ക് പുറമെ മണ്ണിലെ ചെറുജീവികളെയും പച്ചിലകളുമെല്ലാം ഭക്ഷിക്കാൻ പക്ഷികൾക്ക് കഴിയും. വീട്ടുവളപ്പിലെ മരങ്ങളിൽനിന്നും ചെടികളിലെ പൂക്കളിൽനിന്നും തേൻ ശേഖരിക്കാൻ എത്തുന്ന പക്ഷികളെയും ദിവസവും കണ്ടുതുടങ്ങിയതോടെയാണ് ഇത്തരമൊരാശയമുദിച്ചത്. ഇതോടെ പാറിപ്പറക്കാൻ ഒരു വലിയ കിളിക്കൂട് നിർമിക്കാൻ തീരുമാനിച്ചു.
കൂടൊരുക്കാൻ തെൻറ വിദ്യാർഥിയായ ടി.പി. അൻവറിെൻറ സഹായവും സുഹൃത്തുക്കളായ ആദം, യഹ്കൂബ്, അലി എന്നിവരുടെ പിന്തുണയും ലഭിച്ചു. പക്ഷികൾക്കിരിക്കാൻ വനത്തിൽനിന്ന് കൊണ്ടുവന്ന വള്ളികളാണൊരുക്കിയത്. മുട്ടയിടാനായി ചെറിയ കൂടുകൾക്ക് പുറമെ ചെറിയ കമ്പുകളും നാരുകളും ഉൾപ്പെടുത്തിയാണ് ഇതര കൂടുകൾ.
സാങ്കേതിക വിദ്യയോടെ പ്രവർത്തിക്കുന്ന ചെറിയ തടാകവും മനോഹര കാഴ്ചയാണ്. ലൗ ബേർഡ്സ്, ഫിഞ്ചസ്, ജാവ, ഡയമണ്ട് ഡോവ് എന്നീ ഇനങ്ങളിൽ നിന്നുള്ള ഇരുപതിലധികം പക്ഷികളാണ് ഇവിടെയുള്ളത്. ഘട്ടം ഘട്ടങ്ങളിലായി അര ലക്ഷത്തോളം രൂപയാണ് നിർമാണ ചെലവ്. ഭാര്യ സജ്ന, മക്കളായ സന, സനിൻ, സന്ന എന്നിവരാണ് പക്ഷികളെ പരിപാലിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.