ഇരട്ട ഗർഭസ്ഥ ശിശുക്കളുടെ മരണം റിപ്പോർട്ട് സമർപ്പിക്കാത്തതിന് എതിരെ ദേശീയ വനിത കമീഷൻ
text_fieldsമഞ്ചേരി: പൂർണ ഗർഭിണിയായ യുവതിക്ക് മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാത്ത സർക്കാർ നടപടിക്കെതിരെ ദേശീയ വനിത കമീഷെൻറ ഇടപെടൽ. കമീഷൻ വീണ്ടും സംസ്ഥാന ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തയച്ചു. എന്തുകൊണ്ടാണ് ആവശ്യപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാതിരുന്നതെന്ന് ചോദിച്ച കമീഷൻ, ഒരുമാസത്തിനകം സംഭവത്തിൽ സ്വീകരിച്ച നടപടി സംബന്ധിച്ച് റിപ്പോർട്ട് നൽകണമെന്നും ആവശ്യപ്പെട്ടു. പുത്തനഴി സ്വദേശി ഡോ. സൈനുൽ ആബിദീൻ ഹുദവി നൽകിയ പരാതിയിലാണ് നടപടി.
സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദേശീയ വനിത കമീഷൻ അധ്യക്ഷ രേഖ ശർമ കഴിഞ്ഞവർഷം ഒക്ടോബർ ഒമ്പതിന് സംസ്ഥാന ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ചികിത്സ നിഷേധം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും വിഷയത്തിൽ ഇതുവരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിൽ അറിയിക്കണമെന്നും ആയിരുന്നു ആവശ്യം. എന്നാൽ, ഇതിന് ഒരുമറുപടിയും നൽകാൻ ആരോഗ്യവകുപ്പ് തയാറായില്ല. മാധ്യമപ്രവർത്തകനായ എൻ.സി. മുഹമ്മദ് ഷെരീഫ്-സഹല തസ്നീം ദമ്പതികളുടെ ഇരട്ട ഗർഭസ്ഥ ശിശുക്കളാണ് 2020 സെപ്റ്റംബർ 27ന് മരിച്ചത്.
സംഭവം നടന്നിട്ട് എട്ട് മാസത്തോളം ആയെങ്കിലും കുറ്റക്കാർക്കെതിരെ നടപടി ഉണ്ടായിട്ടില്ല. ഈ അവസരത്തിലാണ് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിത കമീഷൻ വീണ്ടും ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തയച്ചത്. പ്രസവ വേദന ഉണ്ടെന്ന് അറിയിച്ചിട്ടും ചികിത്സ നൽകാതെ മഞ്ചേരി മെഡിക്കൽ കോളജിൽനിന്ന് നിർബന്ധപൂർവം മടക്കി അയച്ചെന്നാണ് ബന്ധുക്കളുടെ പരാതി.
കുറ്റക്കാർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻ.സി. മുഹമ്മദ് ഷെരീഫ് ജില്ല പൊലിസ് മേധാവിക്ക് നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയും സംസ്ഥാന സർക്കാറിെൻറ നിർദേശപ്രകാരം കോഴിക്കോട് മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗം മേധാവിയും മലപ്പുറം ജില്ല മെഡിക്കൽ ഓഫിസറും ഉൾപ്പെടുന്ന അന്വേഷണ സംഘം യുവതിയുടെയും ഭർത്താവിെൻറയും മൊഴി എടുക്കുകയും ചെയ്തിരുന്നെങ്കിലും അന്വേഷണത്തിൽ പുരോഗതി ഉണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.