ദേശീയപാത വികസനം: കട്ട നിർമാണ യൂനിറ്റിനെതിരെ വ്യാപക പ്രതിഷേധം
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്സിറ്റി എൻജിനീയറിങ് കോളജിന് സമീപം ദേശീയപാത വികസന പ്രവൃത്തിക്കുള്ള കട്ട നിർമാണ യൂനിറ്റിനെതിരെ പ്രതിഷേധം ശക്തം. കമ്പനിയിൽനിന്നുള്ള മലിനജലം ഊർന്നിറങ്ങി സമീപ പ്രദേശത്തെ കിണറുകളിലെ വെള്ളത്തിന് നിറവ്യത്യാസവും ദുർഗന്ധവും അനുഭവപ്പെട്ടതിനെ തുടർന്ന് ശനിയാഴ്ചയും നാട്ടുകാർ നിർമാണശാല പ്രവർത്തനം തടയാനെത്തി.
പ്രവൃത്തി തടയാനെത്തുമെന്നറിഞ്ഞ് കമ്പനി പ്രവർത്തിച്ചില്ല. ബുധനാഴ്ചയും നിർമാണ പ്രവൃത്തി നാട്ടുകാർ തടഞ്ഞിരുന്നു. തുടർന്ന് കിണറിലെ മലിനജലപ്രശ്നം പരിഹരിക്കാമെന്ന് കമ്പനി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് ജനം പിരിഞ്ഞത്. എന്നാൽ, നടപടി ഇല്ലാത്തതിനെ തുടർന്നാണ് ശനിയാഴ്ച നാട്ടുകാർ വീണ്ടും സംഘടിച്ച് കമ്പനി പ്രവർത്തനം തടയാനെത്തിയത്.
ഗ്രാമപഞ്ചായത്ത് അംഗം പി.വി. ജാഫർ സാദിഖിന്റെ നേതൃത്വത്തിൽ കെ. ബാബു, സ്റ്റാലിൻ, എം. ഹംസക്കോയ, കെ. സുബൈർ, പ്രകാശൻ, കെ. ജാബിർ, പി. മുസ്തഫ, എം. ഷംസുദ്ദീൻ എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. കിണറിലെ വെള്ളം ശാസ്ത്രീയപരിശോധന നടത്തിയതിൽ മാലിന്യം കലർന്നതിന്റെ അംശം കണ്ടെത്തിയിരുന്നു. തുടർന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സ്‌റ്റോപ് മെമ്മോ നൽകിയെങ്കിലും കമ്പനി പ്രവർത്തനവുമായി മുന്നോട്ടുപോവുകയായിരുന്നു.
മഴക്കാലമായാൽ കമ്പനിയിലെ മലിനജലം കിണറുകളിൽ എത്തുന്നത് കൂടുതലാവുമെന്നാണ് നാട്ടുകാരുടെ ആശങ്ക. അതേസമയം, ശനിയാഴ്ച നാട്ടുകാർ പ്രതിഷേധവുമായി എത്തുന്നത് മനസ്സിലാക്കി വെള്ളം മലിനമായ കിണർ വൃത്തിയാക്കാൻ കമ്പനി അധികൃതർ എത്തി. സ്റ്റോപ് മെമോ നൽകിയിട്ടും പ്രവൃത്തി നിർത്താത്ത സാഹചര്യത്തിൽ പൊലീസിന്റെ സഹായം തേടി പഞ്ചായത്ത് സെക്രട്ടറി തേഞ്ഞിപ്പലം പൊലീസിന് കത്ത് നൽകി. കിണറിലെ വെള്ളം മലിനമായ പ്രശ്നം പൂർണമായി പരിഹരിച്ചില്ലെങ്കിൽ ജനകീയപ്രക്ഷോഭവുമായി മുന്നോട്ടുപോവാനാണ് നാട്ടുകാരുടെ തീരുമാനം.
മലിനമായത് കാരണം രണ്ട് വീട്ടുകാരുടെ കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്. പാതയോരം ഭിത്തി കെട്ടി സംരക്ഷിക്കാനാവശ്യമായ ലോക്കിങ് സംവിധാനമുള്ള കട്ടകളാണ് ഇവിടെ നിർമിക്കുന്നത്. ലക്ഷക്കണക്കിന് കട്ട ഉൽപാദിപ്പിക്കാൻ സൗകര്യത്തിൽ പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പ് മൂന്ന് വർഷത്തേക്കാണ് കമ്പനി വാടകക്കെടുത്തത്. ഒരു മാസം മുമ്പാണ് പ്രവർത്തനം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.