ദേശീയപാത തുറന്നതോടെ കക്കാട് ബസുകൾ നിർത്തുന്നില്ല; നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രിയുടെ ഓഫിസ്
text_fieldsതിരൂരങ്ങാടി: പൂക്കിപ്പറമ്പ് മുതൽ കക്കാട് കൂരിയാട് പാലം വരെ സുഗമമായി യാത്ര ചെയ്യാൻ പറ്റുന്ന വിധത്തിൽ പുതിയ ദേശീയപാത തുറന്നു കൊടുത്തതോടെ കക്കാട് സ്റ്റോപ്പിൽ കൂടുതൽ ബസുകൾ കൃത്യമായി നിർത്താത്തത് പരിശോധിച്ച് ഉചിതമായ നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രിയുടെ ഓഫിസ് അറിയിച്ചു. കക്കാട് കരിമ്പിൽ സ്വദേശി ടി.പി. ഇമ്രാൻ ഗതാഗത മന്ത്രിക്ക് നൽകിയ പരാതിയിലാണ് മന്ത്രിയുടെ ഓഫിസ് നടപടിയെടുക്കുമെന്ന് അറിയിച്ചത്. പുതിയ പാത തുറന്നു കൊടുത്തതോടെ ദീർഘദൂര കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസ്സുകളും നിർത്തുന്നില്ല. പൂക്കിപ്പറമ്പ് മുതൽ കരിമ്പിൽ ആലിൻ ചുവട് വരെ മാസങ്ങൾക്ക് മുൻപ് തന്നെ തുറന്നു കൊടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് കരിമ്പിൽ ആലിൻ ചുവട് മുതൽ കക്കാട് കൂരിയാട് പാലം വരെ തുറന്നു കൊടുത്തത്. ഇതോടെ തൃശൂരിൽനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസ്സും കോഴിക്കോട്ടുനിന്ന് തൃശൂരിലേക്ക് വരുന്ന ബസ്സുകളും പുതിയ പാതയിലൂടെയാണ് കടന്നു പോകുന്നത്. പുതിയ പാത കക്കാട് ടൗൺ ഭാഗത്ത് ഏറെ താഴ്ചയിലാണ്.
സർവിസ് റോഡിലൂടെ യാത്ര ചെയ്താൽ മാത്രമേ കക്കാട് സ്റ്റോപ്പിൽ ബസ് കയറാനാകൂ. ചങ്കുവെട്ടിയും സർവകലാശാലയും കഴിഞ്ഞാൽ പ്രധാന സ്റ്റോപ് ആയ കക്കാട് ടൗണിൽ ബസുകൾ നിർത്താതെ പോകുന്നത് യാത്രക്കാർക്ക് ദുരിതമാണ്. പി.എസ്.എം.ഒ കോളജ് ഉൾപ്പെടെ നിരവധി വിദ്യാലയങ്ങൾ, തിരൂരങ്ങാടി താലൂക്ക് ആസ്ഥാനം, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, മമ്പുറം മഖാം എന്നിവിടങ്ങളിലേക്ക് വരാനുള്ള ഏക സ്റ്റോപ്പാണ് കക്കാട്.
ബസ് കാത്തുനിൽക്കുന്ന ദീർഘദൂര യാത്രക്കാർക്കും ഇറങ്ങേണ്ട യാത്രക്കാർക്കും ഇത് ഏറെ പ്രയാസകരമാണ്. ചില ബസുകൾ യാത്രക്കാരെ പുതിയ പാതയിൽ താഴെ ഇറക്കിവിടുന്നത് കാരണം കക്കാട്ടേക്ക് വരണമെങ്കിൽ മറ്റു വാഹനങ്ങളെ ആശ്രയിക്കണം. രാത്രിയിൽ ഇത്തരത്തിൽ അടിപ്പാതയിൽ ഇറക്കിവിടുന്നത് കാരണം വാഹനങ്ങൾ കിട്ടാതെ യാത്രക്കാർ പ്രയാസപ്പെട്ടിരുന്നു. ജില്ലയിൽ പുതിയ ദേശീയപാത കടന്നുപോകുന്ന ഇത്തരം സ്ഥലങ്ങളിലെല്ലാം യാത്രക്കാരുടെ ദുരിതങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് കരിമ്പിൽ സ്വദേശി ടി.പി. ഇമ്രാൻ ഗതാഗത മന്ത്രിക്ക് പരാതി നൽകിയത്. ഈ പരാതിയിലാണ് മന്ത്രിയുടെ ഓഫിസ് ഉചിതമായ നടപടി എടുക്കുമെന്ന് അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.