‘ദേശീയപാത: ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കണം’
text_fieldsമലപ്പുറം: ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് രണ്ടത്താണിയിലടക്കം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ ആവശ്യപ്പെട്ടു. പലയിടങ്ങളിലും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം പോലും തടയുന്ന രൂപത്തിലാണ് ദേശീയപാതാ അതോറിറ്റി പ്രവര്‍ത്തിക്കുന്നതെന്നും എം.എല്‍.എ അഭിപ്രായപ്പെട്ടു. ഇക്കാര്യം അടിയന്തിര പ്രാധാന്യത്തോടെ പരിഹരിക്കേണ്ടതാണ്. മറ്റ് സംസ്ഥാനങ്ങളുടെ ദേശീയപാത വികസന രീതി പോലെ ജില്ലയെ കാണാൻ കഴിയില്ല. ജനങ്ങൾ ഏറെ തിങ്ങി പാർക്കുന്ന ജില്ലയിൽ അതിന് അനുസൃതമായ തരത്തിൽ വേണം പദ്ധതി നടപ്പിലാക്കാനെന്നും അല്ലാതെയുള്ള വികസനം ജനങ്ങൾക്ക് പ്രയോജനകരമാകില്ലെന്നും എം.എൽ.എ അറിയിച്ചു. ജില്ല വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എടവണ്ണപ്പാറ ജങ്ഷനില്‍ വാഹനാപകടങ്ങള്‍ കൂടി വരികയാണെന്നും ഇക്കാര്യത്തില്‍ അടിയന്തിര പരിഹാര നടപടികള്‍ സ്വീകരിക്കണമെന്നും ടി.വി ഇബ്രാഹിം എം.എല്‍.എ ആവശ്യപ്പെട്ടു. ജില്ലയിലെ പല ടൗണുകളിലും അനധികൃത പാര്‍ക്കിങ് വാഹനാപകടങ്ങള്‍ക്ക് കാരണമാവുന്നുണ്ടെന്നും ഇതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും കലക്ടര്‍ പൊലീസിന് നിര്‍ദേശം നല്കി.
ഭരണാനുമതി വേഗത്തിലാക്കണം
ജില്ലയില്‍ എം.എല്‍.എമാരുടെ വികസന ഫണ്ടുപയോഗിച്ച് നടത്തുന്ന പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്കാന് താമസമുണ്ടെന്നും അനുമതി വേഗത്തിലാക്കണണെന്നും പി. ഉബൈദുല്ല എം.എല്‍.എ. എല്ലാ രേഖകളും കൃത്യമായി ലഭിക്കുന്ന മുറക്ക് 30 ദിവസത്തിനകം ഭരണാനുമതി നല്‍കാറുണ്ടെന്നും ഇക്കാര്യം പരിശോധിക്കാമെന്നും ഫിനാന്‍സ് ഓഫിസര്‍ യോഗത്തില്‍ അറിയിച്ചു.
വാഹനങ്ങൾ ലേലം ചെയ്യണം
വിവിധ കേസുകളിലായി കസ്റ്റഡിയിലെടുത്ത് മലപ്പുറം സിവില്‍ സ്റ്റേഷന് പരിസരത്ത് കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങളുടെ ലേല നടപടികള്‍ പൂര്‍ത്തിയായതായും ഉടന്‍ തന്നെ ഇവ നീക്കം ചെയ്യുമെന്നും പി. ഉബൈദുല്ല എം.എല്‍.എയുടെ ചോദ്യത്തിനുത്തരമായി കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. തിരൂരങ്ങാടി സ്മാര്‍ട്ട് വില്ലേജ് ഓഫിസ് പൂര്‍ത്തീകരണം, പെരുമണ്ണ ക്ലാരി സ്മാര്‍ട്ട് വില്ലേജ് നിര്‍മാണം തുടങ്ങിയ പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്ന് കെ.പി.എ മജീദ് എം.എല്‍.എ ആവശ്യപ്പെട്ടു.
ബസ് വാങ്ങാൻ ടെൻഡർ തുടങ്ങി
എളങ്കൂര്‍ ജി.യു.പി.എസ്, മാരിയാട് ജി.എൽ.പി.എസ്, മഞ്ചേരി ജി.എൽ.പി.എസ് എന്നീ സ്കൂളുകളില്‍ എം.എല്‍.എ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂള്‍ വാഹനം വാങ്ങുന്നതിന് ഇ.ടെൻഡര്‍ നടപടികള്‍ ആരംഭിച്ചതായി യു.എ ലത്തീഫ് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
ഭൂമി കൈമാറും
മരവട്ടം 110 കെ.വി സബ്സ്റ്റേഷന് നിര്‍മാണത്തിനായുള്ള ഭൂമി ഫെബ്രുവരി 28ന് കെ.എസ്.ഇ.ബി അധികൃതര്‍ക്ക് കൈമാറുമെന്ന് പ്രഫ. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) അറിയിച്ചു. കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിലെ ഐ.സി.യുവിലേക്ക് നാലു നഴ്സിങ് ഓഫിസര്‍ തസ്തിക സൃഷ്ടിക്കുന്നതിനായി സര്‍ക്കാറിലേക്ക് പ്രപ്പോസല്‍ സമര്പ്പിച്ചിച്ചുണ്ടെന്നും എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) അറിയിച്ചു. ജില്ല പ്ലാനിങ് സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ വി.ആര്. വിനോദ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.