നവകേരള സദസ്സിന് മുന്നിൽ പ്രതീക്ഷയോടെ
text_fieldsവേങ്ങരയിലെ ഗതാഗത കുരുക്കഴിക്കണം
ബൈപാസ് റോഡ് നടപടി അനിശ്ചിതത്വത്തിൽ
വേങ്ങര: നാടുകാണി-പരപ്പനങ്ങാടി സംസ്ഥാന പാതയിലെ പ്രധാന നഗരങ്ങളിലൊന്നായ വേങ്ങരയിലെ ഗതാഗതക്കുരുക്കിന് പരിഹാരം നീളുന്നു. ഊരകം കരിമ്പിലിയില്നിന്ന് തുടങ്ങി കൂരിയാട് ചേരുന്ന വേങ്ങര ബൈപാസ് റോഡിനായുള്ള നടപടി എട്ടു വര്‍ഷം മുമ്പ് ആരംഭിച്ചെങ്കിലും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട അപ്രായോഗികത കാരണം പദ്ധതി അനിശ്ചിതത്വത്തിലായി.
കരിമ്പിലിയിൽനിന്ന് തുടങ്ങി കൊളപ്പുറത്ത് അവസാനിക്കുന്ന ബൈപാസിന്റെ പ്രാഥമിക ചെലവിനായി 2018-2019 ബജറ്റിൽ 60 കോടി വകയിരുത്തിയിരുന്നെങ്കിലും പിന്നീട് പദ്ധതി ഉപേക്ഷിച്ചു. ബൈപാസിനായി സര്‍വേയടക്കമുള്ള നടപടി പൂര്‍ത്തിയാക്കിയ ശേഷമാണ് പദ്ധതി ഉപേക്ഷിച്ചത്. പിന്നീട് ഗതാഗതക്കുരുക്കിന് പരിഹാരമായി ടൗണില്‍ മേല്‍പാലം നിർമിക്കാനുള്ള പദ്ധതി കൊണ്ടുവന്നു. ഇതിനായി മണ്ണ് പരിശോധന ഉള്‍പ്പെടെ പ്രാരംഭ നടപടി നടന്നിട്ടുണ്ട്. എന്നാല്‍, തുടർനടപടി കടലാസിൽ ഒതുങ്ങുകയാണ്.
വേണം, മിനി സിവില്‍ സ്റ്റേഷന്
വേങ്ങര: വേങ്ങരയിലെ പ്രധാന സര്‍ക്കാര്‍ ഓഫിസുകളിലെ പലതും ഇപ്പോഴും പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിൽ. ചില സർക്കാർ സ്കൂളുകൾ പ്രവർത്തിക്കുന്നതും വാടക കെട്ടിടത്തിലാണ്.
സര്‍ക്കാര്‍ ഓഫിസുകള്‍ ഏകോപിപ്പിച്ച് മിനി സിവില്‍ സ്റ്റേഷന് തുടങ്ങണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. 2015ല്‍ വേങ്ങരയില്‍ നിലവില്‍ വന്ന വേങ്ങര സബ് ട്രഷറി, രജിസ്ട്രാര്‍ ഓഫിസ് എന്നിവ ഇപ്പോഴും അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന എസ്.എസ് റോഡിലെ വാടക കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്.
മണ്ഡലത്തിന് അനുവദിച്ച ന്യൂനപക്ഷ പരിശീലന കേന്ദ്രവും പത്ത് വര്‍ഷത്തിലധികമായി പ്രവർത്തിക്കുന്നത് കൊളപ്പുറത്തെ വാടക കെട്ടിടത്തിൽ തന്നെ. വേങ്ങര ഉപജില്ല ഓഫിസ് പ്രവർത്തിക്കുന്നതും ഒട്ടും സൗകര്യങ്ങളില്ലാത്ത വാടക കെട്ടിടത്തിലാണ്. രണ്ട് കിലോമീറ്റർ അകലെ കച്ചേരിപ്പടിയിലാണ് വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്നത്.
വ്യവസായ പാർക്കിനായി കാത്തിരിപ്പ്
വേങ്ങര: വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്ന സ്ഥലം എം.എൽ.എയുടെ മണ്ഡലമായിട്ടുപോലും വേങ്ങരയിൽ കാര്യമായ വ്യവസായ സംരംഭങ്ങളൊന്നുമില്ല. കണ്ണമംഗലത്ത് വ്യവസായ വകുപ്പിന്റെ ഉടമസ്ഥതയില്‍ ഭൂമി ഉണ്ടെങ്കിലും കാര്യക്ഷമമായ രീതിയിൽ വ്യവസായ സംരംഭം ഈ മേഖലയില്‍ തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല.
മണ്ഡലത്തിലെ തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ ലഭ്യമാവുന്ന തരത്തിലുള്ള വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കണമെന്ന ആവശ്യം സജീവമാണ്. വ്യവസായ പാർക്കുകൾ തുടങ്ങാൻ ഊരകം, കണ്ണമംഗലം വില്ലേജുകളിൽ അനുയോജ്യമായ ധാരാളം ഭൂമികളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.