നവകേരള സദസ്സിന്റെ വരവ്-ചെലവ് കണക്കെത്ര?
text_fieldsമലപ്പുറം: മുഖ്യമന്ത്രിയുടെ നവകേരള സദസ്സിന് ജില്ലയിലെ വരവ് -ചെലവ് കണക്കുകളെ സംബന്ധിച്ച എം.എൽ.എമാരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയില്ലാതെ ജില്ല ഭരണകൂടം. ശനിയാഴ്ച നടത്തിയ ജില്ല വികസന സമിതി യോഗത്തിലാണ് 16 മണ്ഡലങ്ങളിലെ നവകേരള സദസ്സിന് എത്ര തുക ചെലവ് വന്നു, എത്ര തുകയാണ് പിരിഞ്ഞുകിട്ടിയത്, ഏതൊക്കെ ഇനത്തിൽ പണം വിനിയോഗിച്ചു തുടങ്ങിയ എം.എൽ.എമാരുടെ ചോദ്യങ്ങൾക്ക് അധികൃതർക്ക് മറുപടി നൽകാൻ കഴിയാതെ വന്നത്. ടി.വി. ഇബ്രാഹിം എം.എൽ.എയാണ് വിഷയത്തിൽ ചോദ്യങ്ങളുമായി ആദ്യം രംഗത്തുവന്നത്.
കൊണ്ടോട്ടി മണ്ഡലത്തിൽ നടത്തിയ സദസ്സിന് എത്ര രൂപയാണ് ലഭിച്ചതെന്നും ഇത് എങ്ങനെ വിനിയോഗിച്ചെന്നും ചോദിച്ചതോടെയാണ് കൃത്യമായി മറുപടി നൽകാൻ കഴിയാതെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രയാസപ്പെട്ടത്. ഓരോ മണ്ഡലങ്ങളിലെയും ചെലവുകൾ പരിപാടിയുടെ സംഘാടക സമിതിയാണ് കൈകാര്യം ചെയ്യുന്നതെന്ന ഒഴുക്കൻ മറുപടിയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് ലഭിച്ചത്. ഉദ്യോഗസ്ഥരുടെ ഉത്തരം വ്യക്തതയില്ലാത്തതാണെന്ന് ടി.വി. ഇബ്രാഹിം എം.എൽ.എ ചൂണ്ടിക്കാട്ടി. സർക്കാർ നടത്തുന്ന പരിപാടികൾ ഓഡിറ്റിന് വിധേയമാകേണ്ടതാണ്. പരിപാടിക്ക് സർക്കാർ ഫണ്ട് എത്ര വിനിയോഗിച്ചു, സ്പോൺസർ ഷിപ്പിലൂടെ എത്ര ലഭിച്ചു, വ്യക്തികളിൽനിന്ന് എത്ര പിരിച്ചു എന്നിവക്ക് അടക്കം രേഖയും രസീതും വേണമെന്നും അല്ലാതെ മുന്നോട്ടുപോകുന്നത് ശരിയല്ലെന്നും എം.എൽ.എ വിശദീകരിച്ചു. പി. നന്ദകുമാർ ഒഴികെ യോഗത്തിൽ പങ്കെടുത്ത മറ്റ് എം.എൽ.എമാർ ഇതോടെ പ്രതിഷേധവുമായി രംഗത്തെത്തി. എം.എൽ.എമാർ ജില്ല കലക്ടർ വി.ആർ. വിനോദിനോട് നേരിട്ട് പ്രതിഷേധം അറിയിച്ചു. വിഷയം പരിശോധിച്ച് ജില്ലയിലെ വരവ് -ചെലവ് കണക്ക് ലഭ്യമാക്കാൻ വേണ്ട നടപടി സ്വീകരിക്കാമെന്ന് കലക്ടർ ഉറപ്പുനൽകി. നവംബർ 27 മുതല് 30 വരെയാണ് ജില്ലയില് നവകേരള സദസ്സ് നടന്നത്.
ഭൂമി തരംമാറ്റലിന് അദാലത്ത് നടത്തും
ഭൂമി തരംമാറ്റുന്നതിന് നൽകിയ അപേക്ഷകൾ തീർപ്പാക്കാൻ പ്രത്യേക അദാലത്ത് നടത്തും. സബ് കലക്ടർമാരുടെ ഓഫിസുകളിൽ ഇതിനായി അധിക ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്നും സ്ഥലപരിശോധന നടത്തുകയും അദാലത്ത് നടത്തി വേഗത്തിൽ പരിഹരിക്കുമെന്നും കലക്ടർ വികസന സമിതി യോഗത്തിൽ അറിയിച്ചു.
കൈയേറ്റം ഒഴിപ്പിക്കാൻ ദൗത്യസംഘം
പൊന്നാനി നിളയോര പാതയിലെ കൈയേറ്റം ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് പി. നന്ദകുമാർ എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു. കൈയേറ്റം ഒഴിപ്പിക്കാൻ ദൗത്യസംഘത്തെ രൂപവത്കരിച്ചിട്ടുണ്ടെന്നും ഭൂരേഖ ഡെപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ നടപടി സ്വീകരിച്ചുവരുന്നുണ്ടെന്നും റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ യോഗത്തിൽ അറിയിച്ചു.
ഗതാഗത തടസ്സം പരിഹരിക്കണം
ദേശീയപാതിൽ ചേളാരിയിൽ മണിക്കൂറുകൾ ഗതാഗത തടസ്സം നേരിടുന്നുണ്ടെന്നും പരിഹരിക്കണമെന്നും പി. അബ്ദുൽ ഹമീദ് എം.എൽ.എ ആവശ്യപ്പെട്ടു. സ്ഥല പരിശോധന നടത്തിയിട്ടുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ദേശീയപാത പ്രോജക്ട് ഡയറക്ടർ യോഗത്തിൽ അറിയിച്ചു.
മുങ്ങിമരണങ്ങൾ കുറക്കാൻ നടപടി വേണം
മുങ്ങിമരണങ്ങൾ ഇല്ലാതാക്കാൻ ബോധവത്കരണ പ്രവർത്തനങ്ങളും നടപടികളും സ്വീകരിക്കണമെന്ന് ടി.വി. ഇബ്രാഹിം എം.എൽ.എ ആവശ്യപ്പെട്ടു. രക്ഷപ്രവർത്തനത്തിനായി കൂടുതൽ സൗകര്യമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബോധവത്കരണ പ്രവൃത്തികൾ പുരോഗമിക്കുന്നുണ്ടെന്നും ജില്ല ഭരണകൂടത്തിന്റെയും ഫയർ റെസ്ക്യൂ വകുപ്പിന്റെയും നേതൃത്വത്തിൽ നീന്തൽ പരിശീലനം അടക്കമുള്ള വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു. ജില്ലയിൽ ലൈസൻസില്ലാതെ സർവിസ് നടത്തുന്ന ബോട്ടുകൾ കണ്ടെത്തണമെന്നും നടപടിയെടുക്കണമെന്നും എം.എൽ.എമാർ പറഞ്ഞു. പരിശോധന നടത്തുന്നതിന് ജില്ല പൊലീസ് മേധാവിയോടും പോർട്ട് ഓഫിസറോടും ആവശ്യപ്പെട്ടു.
വകുപ്പുകളുടെ ഏകോപനത്തിന് യോഗം
റോഡ് നിർമാണത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനമില്ലാത്തത് പ്രശ്നം സൃഷ്ടിക്കുന്നുണ്ടെന്ന് നജീബ് കാന്തപുരം എം.എൽ.എ അഭിപ്രായപ്പെട്ടു. പ്രശ്നം പരിഹരിക്കുന്നതിന് ജനുവരി എട്ടിന് യോഗം വിളിച്ചിട്ടുണ്ടെന്ന് ജില്ല കലക്ടർ അറിയിച്ചു. മഞ്ചേരി മെഡിക്കൽ കോളജിലെ 12 ഡോക്ടർമാരെ അനാവശ്യമായി സ്ഥലംമാറ്റിയെന്നും ഇത് മെഡിക്കൽ കോളജിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ടെന്നും യു.എ. ലത്തീഫ് എം.എൽ.എ പറഞ്ഞു. ആരോഗ്യവകുപ്പ് സെക്രട്ടറിയുമായി ചർച്ചചെയ്ത് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.