നവകേരള സദസ്സ്: പ്രചാരണത്തിനായി കൂട്ടയോട്ടം
text_fieldsതേഞ്ഞിപ്പലം: വള്ളിക്കുന്ന് മണ്ഡലം നവകേരള സദസ്സിന്റെ പ്രചരണാർഥം കൂട്ടയോട്ടം സംഘടിപ്പിച്ചു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നവകേരള സദസ്സ് നടക്കുന്ന വേദിക്കരികിൽനിന്ന് കോഹിനൂര്‍ വരെയായിരുന്നു കൂട്ടയോട്ടം. സംഘാടക സമിതി വൈസ് ചെയര്‍പേഴ്സനും സിന്‍ഡിക്കേറ്റ് അംഗവുമായ ഡോ. ടി. വസുമതി ഉദ്ഘാടനം ചെയ്തു. നോഡല്‍ ഓഫിസര്‍ ആര്. ദിനേശ് അധ്യക്ഷത വഹിച്ചു. ഇ. നരേന്ദ്രദേവ്, പി. ഹൃഷികേശ് കുമാര്‍, ടി. പ്രഭാകരന്, വിനോദ് എന്‍. നീക്കംപുറത്ത്, അയ്യപ്പന് കോഹിനൂര്‍ എന്നിവര്‍ സംസാരിച്ചു.
വേങ്ങര: ഈ മാസം 28ന് കുറ്റാളൂർ സബാഹ് സ്ക്വയറിൽ നടക്കുന്ന നവകേരള സദസ്സിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. ജർമൻ സാങ്കേതിക വിദ്യയിലൊരുക്കുന്ന, 5000 പേർക്ക് ഇരിപ്പിടമുള്ള മൂന്നുനില പന്തൽ സബാഹ് സ്ക്വയറിൽ തയാറാകും. പരാതികൾ സ്വീകരിക്കാൻ വനിതകൾ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ എന്നിവർക്ക് പ്രത്യേക കൗണ്ടർ അടക്കം 20 കൗണ്ടറുകൾ അന്ന് ഉച്ചക്കുശേഷം ഒന്നോടെ പ്രവർത്തനം ആരംഭിക്കും. 27ന് വൈകീട്ട് നാലിന് സബാഹ് സ്ക്വയറിൽനിന്ന് വിളംബരജാഥ വേങ്ങര പട്ടണത്തിൽ പ്രവേശിക്കും. യോഗത്തിൽ സംഘാടകസമിതി ചെയർമാൻ കടമ്പോട് മുസ്തഫ അധ്യക്ഷത വഹിച്ചു. നോഡൽ ഓഫിസർ കെ.പി. രമേശ് കുമാർ, വൈസ് ചെയർമാൻമാരായ കെ.ടി. അലവിക്കുട്ടി, സബാഹ് കുണ്ടുപുഴക്കൽ, വേങ്ങര എസ്.എച്ച്.ഒ, എം. മുഹമ്മദ് ഹനീഫ, ഡപ്യൂട്ടി തഹസിൽദാർ കെ.പി. ഗോവിന്ദൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു.
പരപ്പനങ്ങാടി നഗരസഭ റോഡിന് ഫണ്ടനുവദിച്ചതിൽ വിവാദം
പരപ്പനങ്ങാടി: നവകേരള സദസ്സിന് വേദിയൊരുക്കുന്നതിനിടെ സമീപത്തെ സ്റ്റേഡിയം റോഡ് അറ്റകുറ്റപ്പണിക്ക് യു.ഡി.എഫ് ഭരിക്കുന്ന പരപ്പനങ്ങാടി നഗരസഭ ഫണ്ട് അനുവദിച്ചതിൽ വിവാദം. നവകേരള സദസ്സിന് വേദിയൊരുക്കുന്ന പരപ്പനങ്ങാടി പുത്തരിക്കലിലെ സ്റ്റേഡിയത്തിലേക്കുള്ള റോഡിന് ഫണ്ട് അനുവദിച്ചതാണ് വിവാദമായത്.
അതേസമയം സ്റ്റേഡിയം റോഡ് മിനുക്കാൻ പ്രത്യേക ഫണ്ട് അനുവദിച്ചെന്ന പ്രചാരണം ശരിയല്ലെന്നും സമീപത്തെ റോഡുകൾക്കൊക്കെ അനുവദിച്ചതുപോലെ സ്റ്റേഡിയം റോഡിനും ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും അത് മുഖ്യമന്ത്രി യാത്ര നടത്തുന്ന സമയത്തായെന്നതിനാൽ തടഞ്ഞുവെക്കാൻ വകുപ്പില്ലെന്നും നഗരസഭ ചെയർമാൻ എ. ഉസ്മാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.