നവകേരള സദസ്സിന് ഫണ്ട്: കൗൺസിൽ യോഗത്തിൽ വാക്കേറ്റം; ഫണ്ട് അനുവദിക്കില്ലെന്ന് ഭരണപക്ഷം, നൽകണമെന്ന് പ്രതിപക്ഷം
text_fieldsമലപ്പുറം: സംസ്ഥാന സർക്കാറിന്റെ നവകേരള സദസ്സിന് നഗരസഭ തനത് ഫണ്ടിൽനിന്ന് പണം ചെലവഴിക്കുന്നത് സംബന്ധിച്ച കൗൺസിൽ യോഗ അജണ്ടയിൽ ഭരണ-പ്രതിപക്ഷ വാക്കേറ്റം. പരിപാടിക്ക് ഫണ്ട് നൽകിയാൽ നഗരസഭയുടെ സാമ്പത്തികഭദ്രതയെ ബാധിക്കുമെന്നും ഇക്കാരണത്താൽ പണം നൽകേണ്ടതില്ലെന്നും ഭരണപക്ഷം വാദിച്ചു.
സർക്കാർ പ്രഖ്യാപിച്ച പരിപാടിക്ക് പണം നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷം പരിപാടിയുടെ നേട്ടങ്ങൾ അവതരിപ്പിക്കുന്നതിനിടെ ഭരണപക്ഷം കേറി ഇടപെട്ടതോടെ വാക്കേറ്റത്തിൽ കലാശിക്കുകയായിരുന്നു. ബുധനാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ നാലാമത്തെ അജണ്ടയായിട്ടാണ് വിഷയം ചർച്ചക്ക് എടുത്തത്. സംഭവത്തിൽ ഇരുവിഭാഗവും 10 മിനിറ്റോളം പരസ്പരം വാക്കേറ്റം തുടർന്നു. ഇരുവിഭാഗവും വിട്ട് മുന്നോട്ട് പോയതിനിടെ പ്രതിപക്ഷ അംഗങ്ങൾ നഗരസഭാധ്യക്ഷന്റെ ഡയസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. ഇതോടെ ഭരണപക്ഷവും സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യവുമായി മുന്നോട്ട് വന്നു. ഇരുവിഭാഗവും സഭയുടെ നടുത്തളത്തിൽ മുദ്രാവാക്യം വിളികൾ നടത്തി. ഇതേസമയം അധ്യക്ഷൻ മുജീബ് കാടേരി വാക്കേറ്റം തന്റെ കസേരയിൽ ഇരുന്ന് വീക്ഷിക്കുന്നുണ്ടായിരുന്നു. ഏറെ മുദ്രാവാക്യം വിളികൾക്ക് ശേഷം പ്രതിപക്ഷം പ്രതിഷേധിച്ച് സഭ വിട്ട് പുറത്തുപോയി.
തുടർന്ന് ഭരണപക്ഷം നവ കേരള സദസ്സിന് പണം നൽകേണ്ടതില്ലെന്ന് അറിയിച്ച് ശബ്ദവോട്ടോടെ അജണ്ട തള്ളി. വിഷയത്തിൽ വേണമെങ്കിൽ നഗരസഭ സെക്രട്ടറിയുടെ അധികാരം പ്രയോജനപ്പെടുത്തി വേണ്ടത് ചെയ്യാമെന്നും കൗൺസിൽ യോഗം തീരുമാനിച്ചു.
തദ്ദേശ വകുപ്പിന്റെ ഉത്തരവ് നടപ്പാക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും പരിപാടിക്കായി ഫണ്ട് അനുവദിക്കുമെന്നും സെക്രട്ടറി കെ.പി. ഹസീന യോഗത്തിന് ശേഷം അറിയിച്ചു. തദ്ദേശ വകുപ്പിന്റെ 2144/2023 ഉത്തരവ് പ്രകാരം നഗരസഭകൾക്ക് ഒരുലക്ഷം വരെ തനത് ഫണ്ടിൽനിന്ന് പരിപാടിക്ക് അനുവദിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.