ചോരാത്ത ആവേശം; മലയോളം ആവശ്യവുമായി മലപ്പുറം
text_fieldsമലപ്പുറം: നവകേരള സദസ്സിന്റെ മൂന്നാം ദിനത്തിലും മലപ്പുറത്ത് ആവേശപ്രതികരണം. കൊണ്ടോട്ടി, മഞ്ചേരി, മങ്കട, മലപ്പുറം നിയോജകമണ്ഡലങ്ങളിലാണ് മൂന്നാം ദിവസത്തെ സദസ്സുകൾ നടന്നത്. എല്ലായിടത്തും വൻ ജനസദസ്സുണ്ടായിരുന്നു. മുഖ്യമന്ത്രിയും സംഘവും സഞ്ചരിച്ച ബസിന് നേരെ മഞ്ചേരി, കൊണ്ടോട്ടി തുടങ്ങിയയിടങ്ങളിൽ യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.
മലപ്പുറം, കൊണ്ടോട്ടി, മഞ്ചേരി, മങ്കട, കോട്ടക്കൽ, വള്ളിക്കുന്ന്, വേങ്ങര നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളുമായി നടത്തിയ പ്രഭാത സദസ്സോടെയാണ് ബുധനാഴ്ചത്തെ പരിപാടികൾക്ക് തുടക്കമായത്. നവകേരള സദസ്സ് ഒരു പുതിയ കാൽവെപ്പാണെന്നും സംസ്ഥാനത്തും രാജ്യത്തും ജനാധിപത്യ സംവിധാനത്തിലും പുതുമയുള്ള നടപടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിതാക്കളായെത്തിയവരോട് പറഞ്ഞു. തുടർന്ന് അര മണിക്കൂർ മാധ്യമങ്ങളുമായി സംസാരിച്ച ശേഷം അദ്ദേഹം കൊണ്ടോട്ടിയിലെ സദസ്സിൽ പങ്കെടുക്കാൻ പോയി.
പ്രതിപക്ഷം ബഹിഷ്കരിക്കാൻ തീരുമാനിച്ചതിനാലാണ് ജനം ഇത്ര വാശിയോടെ നവകേരള സദസ്സിൽ എത്തിച്ചേരുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലെ പോലെ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനമാണ് മൂന്നാം ദിവസവും മുഖ്യമന്ത്രി നടത്തിയത്. ബഹിഷ്കരണ വീരൻ എന്നാണ് പ്രതിപക്ഷ നേതാവിനെ വിശേഷിപ്പിച്ചത്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് നടന്ന പ്രഭാത സദസ്സിൽ 200 ഓളം ക്ഷണിതാക്കൾ
മലപ്പുറം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് നടന്ന പ്രഭാത സദസ്സിൽ ക്ഷണിക്കപ്പെട്ടവർ മുന്നോട്ടുവെച്ചത് നിരവധി ആവശ്യങ്ങൾ. വിവിധ മേഖലകളിൽ നിന്നുള്ളവരുടെ നിറഞ്ഞ സദസ്സായിരുന്നു പ്രഭാത സദസ്സിൽ. കോട്ടക്കൽ ആര്യവൈദ്യ ശാല മാനേജിങ് ട്രസ്റ്റി ഡോ. പി. മാധവൻ കുട്ടി വാര്യർ, മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ, മലപ്പുറം സെന്റ് ഫെറോന ചർച്ച് വികാരി മോൺസിഞ്ഞോർ വിൻസെന്റ് അറക്കൽ.
എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ, നർത്തക വി.പി. മൻസിയ, ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, ഫുട്ബാൾ താരം ഐ.എം. വിജയൻ തുടങ്ങി വ്യാപാരി, രാഷ്ട്രീയ, സാംസ്കാരിക, കായിക, ആരോഗ്യ മേഖലകളിൽ നിന്നുള്ള 200ഓളം പ്രത്യേകം ക്ഷണിതാക്കളാണ് മുഖ്യമന്ത്രിക്ക് മുന്നിൽ നാടിന്റെ വികസനത്തിനായുള്ള നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. ജില്ലയുടെ അഭിവൃദ്ധിയുമായി ബന്ധപ്പെട്ട് ക്ഷണിതാക്കൾ ഉന്നയിച്ച കാര്യങ്ങൾ പ്രത്യേകമായി തന്നെ പരിഗണിക്കുമെന്ന് എല്ലാവർക്കും മുഖ്യമന്ത്രി ഉറപ്പു നൽകി.
• കോട്ടക്കൽ ആര്യവൈദ്യ ശാല മാനേജിങ് ട്രസ്റ്റി ഡോ. പി. മാധവൻകുട്ടി വാര്യർ
‘‘പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ആയുർവേദ മേഖലയുടെ ഉന്നമനത്തിന് ആയുർവേദ പ്രമോഷൻ കൗൺസിൽ സർക്കാർ തലത്തിൽ രൂപവത്കരിക്കണം. സംസ്ഥാന സർക്കാറിന്റെ മെഡിസെപ് പദ്ധതിയിൽ ആയുർവേദ മേഖലയെയും കൂടി ഉൾപ്പെടുത്തണം. അംഗീകാരമില്ലാതെ പ്രാക്ടീസ് ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കണം. ആയുർവേദ റിസോർട്ട്, ഹോസ്പിറ്റൽ എന്നിവയെ വേർതിരിക്കുന്ന കൃത്യമായ മാർഗരേഖ ഉണ്ടാക്കണം’’
•ഖലീലുൽ ബുഖാരി തങ്ങൾ
ജില്ലയിൽ ഹയർ സെക്കൻഡറി മേഖലയിൽ പ്ലസ് വൺ സീറ്റ് വർധിപ്പിക്കണം. പോക്സോ കേസുകൾ ദുരുപയോഗം ചെയ്യുന്ന പ്രവണതക്കെതിരെ നടപടി എടുക്കണം.
•ഫാ. വിൻസന്റ് അറക്കൽ
കെടാവിളക്ക് സ്കോളർഷിപ് പരിധിയിൽ കൂടുതൽ സമുദായങ്ങളെ കൂടി ഉൾപ്പെടുത്തണം.
•ഭിന്നശേഷി പ്രവർത്തകൻ- തോരപ്പ മുസ്തഫ
‘‘ഭിന്നശേഷിക്കാരിൽ 70 ശതമാനം പേരും സ്വയംതൊഴിൽ എടുക്കാൻ പ്രാപ്തരാണ്. പൊതുമേഖല/ സ്വകാര്യ സ്ഥാപനങ്ങളിൽ ഈ വിഭാഗക്കാർക്ക് നാലു ശതമാനം തൊഴിൽ സംവരണം അനുവദിക്കണം’’
• എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ്- ഡോ. ഫസൽ ഗഫൂർ
കായികരംഗത്തെന്നും മികച്ച കളിക്കാരെ സൃഷ്ടിക്കുന്ന ജില്ലയിലെ സർക്കാർ/എയ്ഡഡ് കോളജുകളിൽ സ്പോർട്സ് കോംപ്ലക്സ് നിർമിക്കണം. കാസ്പ് പദ്ധതിയിൽ ഉണ്ടാകുന്ന കുടിശ്ശിക പ്രതിസന്ധി പരിഹരിക്കണം.
•ഇന്റർവെൽ സ്റ്റാർട്ടപ് പ്രതിനിധി- അസ്ലഹ്
കോവിഡ് കാലത്തിന് ശേഷം യു.പി, ഹൈസ്കൂൾ തലത്തിലെത്തിയ കുട്ടികൾക്ക് ഇന്നും എഴുതാനും വായിക്കാനും അറിയാത്ത അവസ്ഥയുണ്ടെന്ന് ഇതിന് പരിഹാരം കാണണം
•നർത്തകി വി.പി. മൻസിയ
‘‘മലപ്പുറത്തെ ഹെറിറ്റേജ് ജില്ലയായി പ്രഖ്യാപിച്ച് ഒരു സാംസ്കാരിക പാക്കേജ് പ്രഖ്യാപിക്കണം.
•ചേംബർ ഓഫ് കോമേഴ്സ് പ്രതിനിധി- കെ.വി. അൻവർ
‘‘കോട്ടക്കുന്നിൽ സാംസ്കാരിക വകുപ്പിന്റെ ഒഴിഞ്ഞുകിടക്കുന്ന 2.6 ഏക്കർ ഭൂമി ഉപയോഗപ്പെടുത്തി സാംസ്കാരിക ചത്വരം സ്ഥാപിക്കണം’’
•മുൻ പ്രവാസി- പാലൊളി അബ്ദു റഹ്മാൻ
‘‘വർഷങ്ങളായി പ്രവാസ ജീവിതം നയിച്ച് നാട്ടിലെത്തിയവർക്ക് പുനരധിവാസം ഉറപ്പാക്കണം. ക്ഷേമനിധിയിൽ അംഗമാകാനുള്ള പ്രായപരിധി ഒഴിവാക്കണം. ചെറുകിട-ഇടത്തരം സംരംഭം ആരംഭിക്കുന്നതിന് ബാങ്ക് വായ്പ ലഭിക്കാത്ത അവസ്ഥകൾക്ക് പരിഹാരം കാണണം.’’
•എം.ഇ.എസ് കോളജ് പ്രിൻസിപ്പൽ- ഡോ. വിനോദ്
‘‘ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികവിന്റെ കേന്ദ്രം ജില്ലയിൽ ആരംഭിക്കണം. ജില്ലയിലെ കോളജുകളിൽ ആധുനിക കോഴ്സുകൾ തുടങ്ങണം. ഗവേഷണ രംഗത്ത് കൂടുതൽ പദ്ധതികൾ നടപ്പാക്കണം.
•മെഡി. കോളജ് പ്രിൻസിപ്പൽ- ഡോ. ഗീത
‘‘മഞ്ചേരി സർക്കാർ മെഡിക്കൽ കോളജ് എം.ആർ.ഐ സംവിധാനം ആരംഭിക്കുന്നതിന് ആറു കോടി രൂപ വേണം. മെഡിക്കൽ കോളജിലെ ഒ.പി വിഭാഗം പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള നടപടികൾ, മെഡിക്കൽ കോളജിനായുള്ള സ്ഥലമേറ്റെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളും നടപ്പാക്കണം.
•സ്വകാര്യ ആശുപത്രി പ്രതിനിധി- ഉമ്മർ ബാവ
മലപ്പുറം താലൂക്ക് ആശുപത്രിയിൽ രക്ത ബാങ്ക് യൂനിറ്റ് സ്ഥാപിക്കണം.
•ഡോ. പി.എ. കബീർ
‘‘സ്വകാര്യ ആശുപത്രി മേഖലക്ക് വികസിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കണം’’.
•ഡോ. ഹുസൈൻ രണ്ടത്താണി
‘‘കഥകളി, നാടൻ കലകൾ തുടങ്ങി കലാപാരമ്പര്യമുള്ള നാടായ കോട്ടക്കൽ കേന്ദ്രമാക്കി കലാകേന്ദ്രം സ്ഥാപിക്കണം
•കോളജ് യൂനിയൻ ചെയർപേഴ്സൻ- അനഘ
‘‘85 ശതമാനവും പെൺകുട്ടികൾ പഠിക്കുന്ന കോട്ടക്കൽ ആയുർവേദ കോളജിൽ പുതിയ വനിത ഹോസ്റ്റൽ കെട്ടിടം വേണം’’
•ഗവേഷക വിദ്യാർഥി -വൈശാഖ്
‘‘വിവിധ ഗവേഷക ഫെലോഷിപ്പുകൾ കേന്ദ്ര സർക്കാർ അവസാനിപ്പിക്കുന്ന ഈ കാലത്ത് ഇതിനൊരു ബദൽ എന്ന നിലക്ക് സംസ്ഥാന സർക്കാറിന് കീഴിൽ തനതായ ഫെലോഷിപ്പ് ആരംഭിക്കണം. ഫെലോഷിപ്പുകൾ സമയബന്ധിതമായി ലഭിക്കാൻ സംസ്ഥാനത്ത് നോഡൽ ഓഫിസ് ആരംഭിക്കണം’’
•ഹരിതകർമ സേനാംഗം -വി.പി. ഗീത
‘‘മാലിന്യം പുറത്തേക്ക് വലിച്ചെറിയുന്ന ശീലം കുട്ടികളിൽ ഇല്ലാതാക്കുന്നതിനായി മാലിന്യ സംസ്കരണ പാഠം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. കൂടുതൽ എം.സി.എഫുകൾ സ്ഥാപിക്കണം.’’
താമസയോഗ്യമായ വീടും വഴിയും വേണം; പ്രതീക്ഷയില്‍ ചില്ല
കൊണ്ടോട്ടി: വാസയോഗ്യമായ വീടും വഴിയും ആവശ്യപ്പെട്ട് മലയിറങ്ങി നവകേരള സദസ്സിനെത്തിയ വയോധിക നവകേരള പ്രതീക്ഷയിലാണ്. പുളിക്കല്‍ ഒളവട്ടൂര്‍ ഇരിപ്പംകുന്നത്ത് ചില്ലയാണ് (71) മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കാനായെത്തിയത്. ഇരുകാലുകള്‍ക്കും ശേഷിക്കുറവുള്ള ഇവര്‍ മുഖ്യമന്ത്രിക്ക് നേരിട്ടു പരാതി നല്കാനാകില്ലെന്നറിഞ്ഞതോടെ സന്നദ്ധ സേവകരുടെ സഹായത്താല്‍ ഭിന്നശേഷിക്കാര്‍ക്കുള്ള കൗണ്ടറില്‍ പരാതി നല്കി.
12 വയസ്സുള്ളപ്പോളാണ് ചില്ലയുടെ ഇരുകാലുകളും തളർന്നത്. ഇതോടെ അഞ്ചാംതരത്തില്‍ പഠനം മുടങ്ങി. ഇരിപ്പംകുന്നിനു മുകളിലെ തകര്‍ന്നുവീഴാറായ വീട്ടിലാണ് താമസം. വീട്ടിലേക്കുള്ള ചെങ്കുത്തായ വഴിയിലും വീടിനകത്തും വാക്കര്‍ ഉപയോഗിച്ചാണ് നടക്കുന്നത്.
മാതാപിതാക്കൾ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചതിനാൽ അവിവാഹിതയായ ചില്ല വീട്ടില്‍ തനിച്ചാണ്. രണ്ട് സഹോദരന്മാര് വിവാഹം കഴിച്ച് വേറെ വീടുകളിലാണ് താമസം. റേഷന്‍ വിഹിതവും അയല്‍ക്കാരുടെ സഹായവുംകൊണ്ടാണ് ജീവിതം മുന്നോട്ടു പോകുന്നത്.
ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്ന ചില്ലക്ക് പാലിയേറ്റിവ് പ്രവര്‍ത്തകരാണ് ആവശ്യമായ മരുന്നുകള്‍ വീട്ടിലെത്തിച്ചു നല്‍കുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ കൊണ്ടോട്ടിയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തണമെങ്കില്‍ താഴെയുള്ള അയല്‍വീട് വരെയാണ് ഓട്ടോറിക്ഷയെത്തുക.
ഇതിനായി വാക്കര്‍ ഉപയോഗിച്ച് കുന്നിറങ്ങി വരണം. കുന്നിനുതാഴെ വഴിപ്രശ്നമില്ലാത്ത സ്ഥലത്ത് വാസയോഗ്യമായ വീട് ലഭിക്കണമെന്നത് ഇവരുടെ ഏറെക്കാലത്തെ ആവശ്യമാണ്. സദസ്സില്‍ സമര്‍പ്പിച്ച തന്റെ പരാതി പരിഗണിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് ചില്ല.
ലിന ഫാത്തിമക്ക് വേണം സർക്കാർ ഇടപെടൽ
കൊണ്ടോട്ടി: ഗുസ്തി മത്സരത്തിൽ ദേശീയ മെഡൽ നേടാൻ മുഖ്യമന്ത്രിയും കായിക മന്ത്രിയും ഇടപെടണമെന്ന ആവശ്യവുമായാണ് കൊട്ടുക്കര പി.പി.എം.എച്ച് സ്കൂളിലെ ലിന ഫാത്തിമ കൊണ്ടോട്ടി നവ കേരള സദസ്സിൽ എത്തിയത്. സംസ്ഥാന തലത്തിൽ തനിക്ക് ലഭിച്ച സ്വർണ മെഡലുമായാണ് ഈ പത്താം ക്ലാസ് വിദ്യാർഥിനി പരാതി കൗണ്ടറിൽ എത്തിയത്.
ഏറെ നാളത്തെ പരിശീലനത്തിന്റെയും കഠിനാധ്വാനത്തിന്റെ ഫലമായാണ് സംസ്ഥാന ഗുസ്തി മത്സരത്തിൽ 15 വയസ്സിന് താഴെയുള്ളവരുടെ 32 കിലോ വിഭാഗത്തിൽ ലിനാ ഫാത്തിമക്ക് സ്വർണം ലഭിച്ചത്. കഴിഞ്ഞ മേയിൽ പാലക്കാട് നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലൂടെയാണ് ദേശീയതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ദേശീയ മത്സരത്തിന് തയാറെടുക്കാൻ ഒരുങ്ങുമ്പോഴാണ് ചില സാങ്കേതിക കാരണങ്ങളാൽ ദേശീയ ചാമ്പ്യൻഷിപ്പ് നടത്തുന്നില്ലെന്ന് അറിയാൻ കഴിഞ്ഞത്. വയസ്സും ഭാരവും നിശ്ചിത മാനദണ്ഡങ്ങളായി നടത്തുന്ന മത്സരമായതിനാൽ ഇത്തവണ അവസരം നഷ്ടപ്പെട്ടാൽ 15 വയസ്സിനു താഴെയുള്ളവരുടെ വിഭാഗത്തിൽ ലിനക്ക് ഇനി മത്സരിക്കാനാവില്ല. മത്സരം നടത്താനായി സംസ്ഥാന സർക്കാറിന്റെ ഭാഗത്ത് നിന്നും സമയബന്ധിതമായ ഇടപെടലും ഉറച്ച പിന്തുണയുമുണ്ടാകുമെന്ന വിശ്വാസത്തിലാണ് ലിന ഫാത്തിമ.
അന്തിയുറങ്ങാന്‍ കൂട് തേടി സഹദും ജസീലയും
കൊണ്ടോട്ടി: അംഗപരിമിതിയെ മറികടക്കാന്‍ ജീവിതത്തില്‍ പരസ്പരം താങ്ങായി മാറിയ സഹദും ഫസീലയും നവകേരള സദസ്സിലെത്തിയത് അന്തിയുറങ്ങാനുള്ള കൂട് തേടി. കാലുകള്‍ക്ക് ശേഷിക്കുറവുള്ള പൂഴിക്കുന്ന് സഹദ് മഞ്ചേരി തുറക്കല്‍ സ്വദേശിയാണ്.
ഇതേ പ്രയാസം അനുഭവിക്കുന്ന പെരിന്തല്‍മണ്ണ താഴേക്കോട് സ്വദേശി ജസീലയാണ് ജീവിതത്തില്‍ കൂട്ടായെത്തിയത്. സ്വസ്ഥമായി താമസിക്കാന്‍ സ്വന്തമായൊരു വീട് എന്ന സ്വപ്നമാണ് ഇവരെ മേലങ്ങാടി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന സദസ്സിലേക്കെത്തിച്ചത്.
നിലവില്‍ പുളിക്കലിലെ എബിലിറ്റി ഫൗണ്ടേഷന്റെ സംരക്ഷണയിലാണ് ഇരുവരും താമസിക്കുന്നത്. ഇവർക്ക് വീട് നിര്‍മിക്കാന്‍ സ്വകാര്യ വ്യക്തി സ്ഥലം ലഭ്യമാക്കിയിട്ടുണ്ട്. അവിടെ വീടൊരുക്കാന്‍ സര്‍ക്കാറില്‍നിന്ന് സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വീല്‍ ചെയറിലെത്തി പരാതി നല്‍കിയത്. വിവാഹ ശേഷം ഇവര്‍ റേഷന്‍ കാര്‍ഡിന് അപേക്ഷ നല്കിയപ്പോള് ലഭിച്ചത് മുന്‍ഗണനേതര വിഭാഗത്തിലുള്ള കാര്‍ഡാണ്.
ഇത് കുടുംബത്തിന്റെ യഥാര്‍ഥ അവസ്ഥ മനസ്സിലാക്കി അന്ത്യോദയ അന്നയോജന വിഭാഗത്തിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പരാതിയും സമര്‍പ്പിച്ചു. ഭവനരഹിതര്‍ക്ക് വീടൊരുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ പദ്ധതിയുള്ളപ്പോള്‍ തങ്ങളുടെ ആവശ്യം പരിഗണിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് സഹദും ഫസീലയും. സ്വന്തമായി വീടായിക്കഴിയുന്നതോടെ നിത്യ ജീവിതത്തിനുള്ള വരുമാനം എബിലിറ്റി ഫൗണ്ടേഷന്റെ സഹായത്തോടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയും ഇവര്‍ക്കുണ്ട്.
കാണണം ഞങ്ങളെ; പ്രതീക്ഷയുടെ വെളിച്ചം തേടി ഖാദറും നിയാസും
മങ്കട: കണ്ണിൽ ഇരുട്ടുപടർന്നെങ്കിലും ജീവിതത്തിൽ വെളിച്ചം വീശാൻ നവകേരള സദസ്സ് അത്താണിയാകുമെന്ന പ്രതീക്ഷയിൽ ഖാദറും നിയാസും. മങ്കടയിൽ നടക്കുന്ന മുഖ്യമന്ത്രിയുടെ കേരള സദസ്സിലാണ് ജോലിക്കായുള്ള നിവേദനം നൽകാൻ കാഴ്ചപരിമിതനായ അബ്ദുൽ ഖാദറും സുഹൃത്ത് നിയാസും കോട്ടക്കലിൽനിന്ന് എത്തിയത്. ഇരുവരും കാഴ്ച പരിമിതരും ബിരുദധാരികളും ആണ്. കോട്ടക്കൽ സ്വദേശി പരേതനായ ചക്കിങ്ങൽ കുഞ്ഞുമുഹമ്മദിന്റെ ആറു മക്കളിൽ രണ്ടാമത്തെ മകനാണ് അബ്ദുൽ ഖാദർ.
എൽ.പി സ്കൂൾ മുതൽ വള്ളിക്കാപറ്റ അന്ധവിദ്യാലയത്തിലും തുടർന്ന് പ്ലസ് ടു മങ്കട ഗവ. ഹയർ സെക്കൻഡറി സ്കൂളിലുമാണ് ഇരുവരും പഠിച്ചത്. ഇരുവരും മങ്കട ഗവ. കോളജിൽനിന്ന് ചരിത്രത്തിൽ ബിരുദവും നേടി. അബ്ദുൽ ഖാദറിന്റെ മൂത്ത സഹോദരൻ ഹൃദയ വാൽവിന് ശസ്ത്രക്രിയ കഴിഞ്ഞ അവസ്ഥയിലാണ്. ഭാരിച്ച ജോലി ഒന്നും ചെയ്യാൻ കഴിയില്ല. ഇദ്ദേഹം ഇപ്പോൾ ഓട്ടോ ഓടിച്ചാണ് കുടുംബം കഴിയുന്നത്.
തനിക്ക് ഒരു ജോലി ആയാൽ കുടുംബത്തിന് ആശ്വാസമാകും എന്നാണ് അബ്ദുൽ ഖാദർ കരുതുന്നത്. നിയാസിന്റെയും കുടുംബ പ്രാരാബ്ധങ്ങൾ വലുതാണ്. ജോലി തേടാൻ പ്രേരിപ്പിക്കുന്നതും കുടുംബ പശ്ചാത്തലം തന്നെ. രണ്ടുപേർക്കും എത്രയും വേഗം ജോലി ശരിയായി കുടുംബത്തിന് താങ്ങാകണമെന്നാണ് ആഗ്രഹം. തുടർ പഠനത്തിന് ആഗ്രഹമുണ്ടെങ്കിലും കുടുംബ സാഹചര്യങ്ങൾ അനുവദിക്കാത്ത സങ്കടവും ഇവർ പങ്കുവെക്കുന്നു.
ജില്ലയിൽ പര്യടനം ഇന്ന് പൂർത്തിയാകും
മലപ്പുറം: മുഖ്യമന്ത്രിയുടെ നവകേരള സദസ്സ് ജില്ലയിൽ വ്യാഴാഴ്ച പര്യടനം പൂർത്തിയാക്കും. ഏറനാട്, നിലമ്പൂർ, വണ്ടൂർ, പെരിന്തൽമണ്ണ എന്നിവങ്ങളിൽ പര്യടനം പൂർത്തിയാക്കി പാലക്കാട് ജില്ലയിലേക്ക് കടക്കും. രാവിലെ ഒമ്പതിന് പെരിന്തൽമണ്ണ ശിഫ കൺവെൻഷൻ സെന്ററിൽ നാല് മണ്ഡലങ്ങളുടെ പ്രഭാത സദസ്സോടെയാണ് വ്യാഴാഴ്ച പരിപാടികൾ ആരംഭിക്കുക. രാവിലെ 11ന് ഏറനാട് നവകേരള സദസ്സ് അരീക്കോട് പഞ്ചായത്ത് ഗ്രൗണ്ടിൽ നടക്കും.
വൈകീട്ട് മൂന്നിന് നിലമ്പൂർ മണ്ഡലം സദസ്സ് വഴിക്കടവ് പഞ്ചായത്തിലെ മുണ്ട ഗ്രൗണ്ടിലും വണ്ടൂർ മണ്ഡലം സദസ്സ് വൈകീട്ട് 4.30ന് വി.എം.സി ഹൈസ്കൂൾ ഗ്രൗണ്ടിലും പെരിന്തൽമണ്ണ മണ്ഡലം സദസ്സ് വൈകീട്ട് ആറിന് നെഹ്റു സ്റ്റേഡിയത്തിലും നടക്കും. ജില്ലയിൽ ഇതുവരെ 12 മണ്ഡലങ്ങളിലൂടെ മൂന്ന് ദിവസങ്ങളിലായി കടന്നുപോയ സദസ്സിന് മികച്ച ജനപിന്തുണയാണ് ലഭിച്ചത്. ഓരോ മണ്ഡലങ്ങളിലും ജനങ്ങളുടെ പരാതികൾ സ്വീകരിക്കാനായി പ്രത്യേകം കൗണ്ടറുകൾ ഒരുക്കിയിരുന്നു. ഇവിടങ്ങളിലെല്ലാം വൻജനത്തിരക്കാണ് അനുഭവപ്പെട്ടത്.
ആകെ ലഭിച്ചത് 53,446 നിവേദനങ്ങൾ
മലപ്പുറം: നവകേരള സദസ്സ് ജില്ലയിൽ മൂന്ന് ദിവസം പൂർത്തിയായപ്പോൾ ആകെ ലഭിച്ചത് 53,446 നിവേദനങ്ങൾ. ജില്ലയിലെ ആദ്യ ദിനമായ തിങ്കളാഴ്ച 14,866 നിവേദനങ്ങളും രണ്ടാം ദിനമായ ചൊവ്വാഴ്ച 16,735 നിവേദനങ്ങളും ബുധനാഴ്ച 21,845 നിവേദനങ്ങളും ലഭിച്ചു. ബുധനാഴ്ച മഞ്ചേരി - 5683, കൊണ്ടോട്ടി -7259, മങ്കട - 4122, മലപ്പുറം -4781 എന്നിങ്ങനെയാണ് നിവേദനങ്ങൾ ലഭിച്ചത്. വള്ളിക്കുന്ന്-4778, തിരൂരങ്ങാടി-4317, കോട്ടക്കൽ-3673, വേങ്ങര-3967 എന്നിങ്ങനെയാണ് ചൊവ്വാഴ്ച ലഭിച്ച നിവേദനങ്ങളുടെ എണ്ണം. പൊന്നാനി-4192, തവനൂർ-3766, തിരൂർ-4094, താനൂർ-2814 എന്നിങ്ങനെയാണ് തിങ്കളാഴ്ച നിവേദനങ്ങൾ ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.