നവകേരള സദസ്സ്: മലപ്പുറത്ത് പ്രധാന പ്രശ്നം ഗതാഗതക്കുരുക്ക്
text_fieldsസംസ്ഥാന പാതയിലെ ഗതാഗതക്കുരുക്കാണ് പ്രധാന വിഷയം. ഏറ്റവും വലിയ കുരുക്ക് അനുഭവപ്പെടുന്നത് അങ്ങാടിപ്പുറത്താണ്. മങ്കട ഗവ. ആശുപത്രി താലൂക്ക് ആശുപത്രിയായി പ്രഖ്യാപിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ സൗകര്യങ്ങള്‍പോലും ഇല്ല. അങ്ങാടിപ്പുറം-വളാഞ്ചേരി റോഡ് തകര്‍ന്നുകിടക്കുകയാണ്. ആശുപത്രി നഗരമായ പെരിന്തൽമണ്ണയിലേക്ക് പോകുന്ന ആംബുലന്‍സുകൾപോലും പ്രയാസപ്പെടുന്നു. മഞ്ചേരി-മങ്കട-പെരിന്തല്‍മണ്ണ റോഡും ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന മങ്കട ടൗണും കൂടുതല്‍ സൗകര്യങ്ങളോടെ വികസിപ്പിക്കണം.
● പരിയാപുരത്ത് 14 കുടുംബങ്ങള്‍ക്ക് അശാസ്ത്രീയമായി മലഞ്ചെരുവില്‍ വീട് നിർമിച്ചതു മൂലം മണ്ണിടിച്ചിൽ ഭീഷണി
● മണ്ഡലത്തില്‍ രണ്ടായിരത്തിലധികം ഭൂരഹിതരുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്
● അങ്ങാടിപ്പുറം വലമ്പൂരിലെ ഫാമിലി ഹെല്‍ത്ത് സെന്ററിലും അത്യാവശ്യ സൗകര്യങ്ങളില്ല
● സെന്ററിന്റെ ബ്രാഞ്ച് അങ്ങാടിപ്പുറത്ത് തുടങ്ങണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യം
● മങ്കട ആയുര്‍വേദ ഡിസ്പെന്‍സറി കിടത്തിച്ചികിത്സയുള്ള ഒരു കേന്ദ്രമാക്കി മാറ്റണം
● പ്ലസ്ടു സീറ്റ് കുറവുണ്ട്
● പുഴക്കാട്ടിരി പരവക്കല്‍ ഐ.ടി.ഐ വര്‍ഷങ്ങളായി വാടകക്കെട്ടിടത്തിൽ
● മങ്കട ഗവ. കോളജിൽ കളിസ്ഥലം, കെട്ടിടങ്ങൾ എന്നിവയുടെ കുറവ്
● കോളജ് വളപ്പിലേക്ക് ശരിയായ റോഡില്ല
● കുരങ്ങന്‍ചോല അനിയന്ത്രിതമായ ക്വാറി ക്രഷര്‍ പ്രവര്‍ത്തനം മൂലം മണ്ണിടിച്ചിൽ ഭീഷണി
● മക്കരപ്പറമ്പ് പഞ്ചായത്ത് മിനി സിവില്‍ സ്റ്റേഷന് സ്ഥലം ലഭ്യമായെങ്കിലും നിർമാണം തുടങ്ങിയില്ല
കൊണ്ടുവരണം ഏറെ പദ്ധതികൾ
മണ്ഡലത്തിലെ നിരവധി ഓഫിസുകള്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മിനി സിവിൽ സ്റ്റേഷൻ വേണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. വിമാനത്താവളത്തിന്റെ റഫറല്‍ ആശുപത്രിയായ കൊണ്ടോട്ടി താലൂക്ക് ഗവ. ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ അനിവാര്യമാണ്. പ്രഖ്യാപിച്ച സബ്സ്റ്റേഷനുകൾ യാഥാർഥ്യമാക്കണമെന്നും പൈതൃക ടൂറിസത്തിന് പദ്ധതികൾ വേണമെന്ന ആവശ്യവും മണ്ഡലം മുന്നോട്ടുവെക്കുന്നു. വിമാനത്താവള റോഡ് അടക്കമുള്ളവയുടെ തകര്‍ച്ച യാത്രികരെ പ്രയാസത്തിലാക്കുന്നു
● മിനി സിവില്‍ സ്റ്റേഷന് ഇന്നും സ്വപ്നം
● കൊണ്ടോട്ടി താലൂക്ക് ഗവ. ആശുപത്രിയുടെ വികസനം ഫലപ്രദമല്ല
● ബ്ലോക്ക് ആശുപത്രി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയാക്കിയെങ്കിലും ആവശ്യമായ തസ്തികകള്‍ സൃഷ്ടിച്ചിട്ടില്ല.
● കൊണ്ടോട്ടി 33 കെ.വി. സബ്സ്റ്റേഷനും പുളിക്കല്‍ 110 കെ.വി. സബ് സ്റ്റേഷനും യാഥാർഥ്യമായില്ല.
● പുളിക്കല്‍ ചവിട്ടാനി കുന്ന് റോഡ്, മുതുവല്ലൂരിലെ പ്രധാനപാത നവീകരണം ഇഴയുന്നു
● കോഴിക്കോട്-പാലക്കാട് ദേശീയപാത തകര്‍ച്ചയിൽ
● രാമനാട്ടുകര-പാലക്കാട് എന്‍.എച്ച് 966 റോഡിന്റെ നിലവിലുള്ള റോഡിന്റെ വിപുലീകരണം നടക്കുന്നില്ല.
● കൊണ്ടോട്ടി മുതല്‍ മുസ്ലിയാരങ്ങാടി പോത്തുവെട്ടിപ്പാറവരെ റോഡ് തകർച്ചയിൽ
● ചീക്കോട് കുടിവെള്ള പദ്ധതി ഇനിയും പൂർണമായി കമീഷന് ചെയ്യാനായിട്ടില്ല
● ലൈഫ് പദ്ധതി സജീവമാണെങ്കിലും നിരവധി ഭവനരഹിതർ ഇപ്പോഴുമുണ്ട്. കൂടുതൽ ഭവനരഹിതരെ കണ്ടെത്താൻ നടപടിയില്ല.
● കൊണ്ടോട്ടി താലൂക്ക് ഗവ. ആശുപത്രിയിലും വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തിലും കിടത്തിച്ചികിത്സ വേണം
● വിദ്യാഭ്യാസ കോംപ്ലക്സിന്റെ പ്രവര്‍ത്തനം അവസാന ഘട്ടത്തിൽ.
● ശാസ്ത്രീയമായ മാലിന്യനിര്‍മാർജനത്തിന് പദ്ധതി വേണം
● കൊണ്ടോട്ടി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചുള്ള വനിതാ സൗഹൃദ വിശ്രമകേന്ദ്രവും പാതിവഴിയിൽ
● മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ പ്രധാന കര്‍മമേഖലയായിരുന്ന ഇവിടം പൈതൃക ടൂറിസത്തിന് സാധ്യത
● വലിയതോട് കേന്ദ്രീകരിച്ച് പ്രഖ്യാപിച്ച ജലടൂറിസം പദ്ധതിയും വാക്കിലൊതുങ്ങി.
സാധ്യതയുടെ കോട്ട; കുന്നോളം മോഹം
മലപ്പുറം മണ്ഡലത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് കോട്ടക്കുന്ന്. ആഘോഷ വേളകളിൽ ആയിരങ്ങളാണ് നഗരമധ്യത്തിലെ ഈ കേന്ദ്രത്തിലേക്ക് ഒഴുകുന്നത്. ചരിത്രപ്രാധാന്യമുള്ള കോട്ടക്കുന്നിലെ വിനോദസഞ്ചാര സാധ്യത പ്രയോജനപ്പെടുത്തിയാൽ ജില്ലക്ക് പുറത്തുനിന്നും സംസ്ഥാനത്തിന് പുറത്തുനിന്നും സഞ്ചാരികളെ ആകർഷിക്കാൻ കഴിയും.
ബ്രിട്ടീഷുകാർ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വെടിവെച്ച് കൊലപ്പെടുത്തിയത് ഇവിടെവെച്ചാണ്. കോളജ് വിദ്യാർഥികളെ പ്രയോജനപ്പെടുത്തി ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ചില പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
പരിമിതിയിൽ താലൂക്ക് ആശുപത്രി
താലൂക്ക് ആശുപത്രി സ്ഥലപരിമിതിയിൽ ബുദ്ധിമുട്ടുകയാണ്. പോസ്റ്റ് മോർട്ടത്തിനായി ഫോറൻസിക് സർജൻ, സൂപ്പർ സ്പെഷാലിറ്റി ആശുപത്രി നിലവാരത്തിലേക്ക് ഉയർത്തൽ, വെൻറിലേറ്റർ സൗകര്യത്തിനനുസരിച്ച് ഡോക്ടർമാരെയും സ്റ്റാഫ് നഴ്സിനെയും നിയമിക്കൽ, പബ്ലിക് ഹെൽത്ത് ലാബിന് സ്ഥലം അനുവദിക്കൽ, ആശുപത്രിയിൽ ബ്ലഡ് ബാങ്ക് സ്ഥാപിക്കൽ എന്നിവ താലൂക്ക് ആശുപത്രിക്ക് അത്യാവശ്യമാണ്.
കുടിവെള്ള പദ്ധതി
മലപ്പുറം നഗരത്തിനും കോഡൂർ, കൂട്ടിലങ്ങാടി, മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തുകൾക്കും ഉപകാരപ്രദമാകുന്ന നാമ്പ്രാണി തടയണ അഞ്ചു മാസമായി നിർമാണം നിലച്ച സ്ഥിതിയിൽ. കടലുണ്ടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നതോടെയാണ് പണി നിർത്തിവെച്ചത്. ജലനിരപ്പ് താഴ്ന്നാൽ പ്രവൃത്തി പുനരാരംഭിക്കുമെന്നാണ് പറയുന്നത്. നിലവിൽ ജല അതോറിറ്റിയുടെ കീഴിൽ 28 വർഷം പഴക്കമുള്ള ഒരു തടയണ ഇവിടെയുണ്ടെങ്കിലും ചോർച്ച മൂലം വെള്ളം സംഭരിക്കാനാകുന്നില്ല.
വനിത കോളജിന് ഇനിയും വേണം കെട്ടിടം
2015-16 അധ്യയനവർഷത്തിൽ പ്രവർത്തനം ആരംഭിച്ച ഗവ. വനിത കോളജ് ഇപ്പോഴും വാടക കെട്ടിടത്തിൽ. എം.എൽ.എ ഫണ്ടിൽനിന്ന് രണ്ടുനില കെട്ടിടം പൂർത്തിയായിട്ടുണ്ടെങ്കിലും മുഴുവൻ കുട്ടികളെയും ഉൾക്കൊള്ളാൻ പുതിയ കെട്ടിടത്തിൽ സൗകര്യമില്ല. കിഫ്ബിയിൽ കെട്ടിടം നിർമിക്കാൻ 15.69 കോടി അനുവദിച്ചിട്ടുണ്ട്.
കോട്ടക്കുന്നിലെ െഡ്രയിനേജ്
കോട്ടക്കുന്നിലെ മണ്ണിടിച്ചില്‍ സാധ്യത ഒഴിവാക്കാന്‍ പ്രഖ്യാപിച്ച െഡ്രയിനേജ് ഇപ്പോഴും ഫയലിലുറങ്ങുകയാണ്. കോട്ടക്കുന്നിലെ മണ്ണിടിച്ചില്‍ ദുരന്തം ഒഴിവാക്കാന്‍ മുകള്‍ഭാഗത്തുള്ള വെള്ളം ഒഴുകുന്ന ചാലിന്റെ വീതിയും ആഴവും വര്‍ധിപ്പിച്ച് െഡ്രയിനേജ് വഴി കോട്ടപ്പടി വലിയ തോട്ടിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
മുന്നേറാൻ ഇനിയുമേറെ
ഏറ്റവും കൂടുതൽ രോഗികൾ എത്തുന്ന മെഡിക്കൽ കോളജ് മഞ്ചേരി മണ്ഡലത്തിലാണ്. 2013ൽ മെഡിക്കൽ കോളജാക്കി ഉയർത്തിയ മഞ്ചേരിയിലെ ജനറൽ ആശുപത്രിയിൽ സ്പെഷാലിറ്റി ചികിത്സകൾ ഒന്നുംതന്നെ ഇല്ല. സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനായി വ്യവസായി വകുപ്പിന്റെ സഹകരണത്തോടെ ആരംഭിച്ച മിഷൻ 500 പദ്ധതി മികച്ച രീതിയിൽ മുന്നോട്ടുപോകുന്നു. ഒട്ടേറെ വനിതൾക്ക് ജോലി നൽകാനും സാധിച്ചു.
● മെഡിക്കൽ കോളജിൽ കൂടുതൽ സൗകര്യങ്ങളും ഡോക്ടർമാരും വേണം. സ്ഥലപരിമിതിയും ആശുപത്രി വികസനത്തിന് വെല്ലുവിളിയാണ്
● സ്വകാര്യ എയ്ഡഡ് കോളജ് ഉണ്ടെങ്കിലും മണ്ഡലത്തിൽ സർക്കാർ കോളജില്ല
● വേനൽക്കാലത്ത് മഞ്ചേരി നഗരസഭ പരിധിയിലും തൃക്കലങ്ങോട് പഞ്ചായത്തിലും കുടിവെള്ള ക്ഷാമം
● 16 കോടി ചെലവിൽ നഗരത്തിലെ കുടിവെള്ള വിതരണ പൈപ്പുകൾ മാറ്റുന്ന പ്രവൃത്തി നാല് വർഷം പിന്നിട്ടിട്ടും പാതിവഴിയിൽ
● തടപ്പറമ്പ് കുടിവെള്ള പദ്ധതിയും നീളുന്നു
● നിലമ്പൂർ റോഡ് കാലങ്ങളായി തകർന്ന് കിടക്കുന്നു. നാടുകാണി -പരപ്പനങ്ങാടി റോഡ് നവീകരണം നിലച്ചു
● 2012ൽ ഭരണാനുമതി ലഭിച്ച ജസീല ജങ്ഷൻ മേൽപാലം പ്രവൃത്തി ആരംഭിച്ചിട്ടില്ല.
● വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച മഞ്ചേരി - ഒലിപ്പുഴ റോഡിന്റെ പ്രവൃത്തിയും വൈകുന്നു.
● ചെരണി ടൂറിസം ഉദ്യാൻ ഉണ്ടെങ്കിലും ആളുകളെത്തുന്നത് കുറവാണ്. ഡി.ടി.പി.സിക്ക് കീഴിലാണ് പ്രവർത്തനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.