എൻജിനീയറിങ് വൈദഗ്ധ്യത്തിന്റെ നേര്‍സാക്ഷ്യമായി നെടുങ്കയം ഗർഡർ പാലം
text_fieldsകരുളായി: നെടുങ്കയത്തിന് ബ്രിട്ടീഷുകാരുടെ സംഭാവനയായി അവശേഷിക്കുന്ന നിറക്കാഴ്ചയാണ് ഗര്‍ഡര്‍ പാലം. നവതിയുടെ നിറവില്‍ നെടുങ്കയത്തിന്റെ സൗന്ദര്യമായി നിൽക്കുന്ന ഈ പാലം 1933ലാണ് ബ്രിട്ടീഷുകാര്‍ പണിതത്. ഉള്‍വനത്തിലെ നെടുങ്കയം ടൂറിസം കേന്ദ്രത്തിലെ കരിമ്പുഴക്ക് കുറുകെയുള്ള ഇരുമ്പുപാലം നെടുങ്കയത്തിന്റെ ശിൽപിയെന്ന് അറിയപ്പെടുന്ന ഇന്ത്യന്‍ ഫോറസ്റ്റ് എൻജിനീയറായിരുന്ന ഇ.എസ്. ഡോസനാണ് രൂപകല്പന ചെയ്തത്. ഇത്തരത്തിലുള്ള രണ്ട് പാലങ്ങളാണ് അദ്ദേഹം നെടുങ്കയത്ത് നിർമിച്ചത്. രണ്ടാമത്തേത് കരിമ്പുഴ വന്യജീവി സങ്കേത കവാടമായ ചെറുപുഴയിലാണ്. ഗതാഗത സംവിധാനങ്ങളും സാങ്കേതികവിദ്യയും അത്ര പുരോഗമിച്ചിട്ടില്ലാത്ത അക്കാലത്ത് വനത്തിനുള്ളില്‍ പണിത ആദ്യ പാലങ്ങളില്‍ ഒന്നാണിത്. നാട്ടില്‍തന്നെ റോഡുകളും പാലങ്ങളും അപര്യാപ്തമായിരുന്ന കാലത്താണ് കാട്ടില്‍ ഇരുമ്പു പാലമുയർന്നത്. ഇന്ത്യയില്‍ ഉരുക്ക് നിര്‍മാണത്തിന് പേരുകേട്ട ടാറ്റയുടെയും വലിയ നിര്‍മിതികള്‍ക്കാവശ്യമായ ഉരുക്ക് ഘടനകളുണ്ടാക്കുന്നതില് വിദഗ്ധരായിരുന്ന ഇംഗ്ലണ്ടിലെ ഡോര്മാന് ലോങ് കമ്പനിയുടേയും ഉരുക്ക് തൂണുകളാണ് നിര്‍മാണത്തിന് ഉപയോഗിച്ചത്. ഇവ ഇംഗ്ലണ്ടില്‍നിന്ന് കപ്പലിലാണ് ഇന്ത്യയിലെത്തിച്ചത്.
കരിങ്കല്ല് വെട്ടിയെടുത്ത് പ്രത്യേക മിശ്രിതം ഉപയോഗിച്ച് അട്ടിവെച്ചാണ് പാലത്തിന്റെ കാലുകള്‍ പണിതത്. ഒമ്പത് പതിറ്റാണ്ടായി കരിമ്പുഴയിലൂടെ ഇരമ്പിയെത്തുന്ന മലവെള്ളത്തെയും കടപുഴകിവീണ് ഒലിച്ചെത്തുന്ന വന്മരങ്ങളെയും തട്ടിത്തെറിപ്പിച്ച് നില്ക്കുന്ന ഈ പാലം ബ്രിട്ടീഷ് എൻജിനീയറിങ് വൈദഗ്ധ്യത്തിന്റെ നേര്‍സാക്ഷ്യമാണ്.
പാരിസ്ഥിതിക വിനോദസഞ്ചാര കേന്ദ്രമായ നെടുങ്കയത്തെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന കാഴ്ച കൂടിയാണ് ഈ പാലം. ഇവിടെയെത്തുന്നവര്‍ പാലം പശ്ചാത്തലമാക്കി പടംപിടിക്കാതെ മടങ്ങാറില്ല. പാലം പണിത വര്‍ഷം ഇതിന്റെ സംരക്ഷണ ഭിത്തിയില്‍ കൊത്തിവെച്ചിട്ടുണ്ട്. അധികൃതരുടെ അനാസ്ഥ കാരണം പാലത്തിന്റെ ഇരുമ്പു കൈവരികള്‍ തുരുമ്പെടുത്ത് തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.