നീറ്റ് പരീക്ഷ; ജില്ലയിൽ 14,520 വിദ്യാർഥികൾ
text_fieldsപെരിന്തൽമണ്ണ: നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) ദേശീയതലത്തിൽ മെഡിക്കൽ, അനുബന്ധ കോഴ്സുകളുടെ പ്രവേശനത്തിനായി നടത്തുന്ന ദേശീയ മത്സര പരീക്ഷ (നീറ്റ് യു.ജി) ക്ക് ഇത്തവണ മലപ്പുറത്ത് 3000 വിദ്യാർഥികളുടെ വർധനവ്.
14,520 വിദ്യാർഥികളാണ് ജില്ലയിൽ 30 കേന്ദ്രങ്ങളിലായി ഞായറാഴ്ച പരീക്ഷ എഴുതുന്നത്. മുൻവർഷം 29 കേന്ദ്രങ്ങളായിരുന്നു. ജില്ലയിൽ 27 സി.ബി.എസ്.ഇ വിദ്യാലയങ്ങളും രണ്ട് എൻജിനീയറിങ് കോളജുകളും ഒരു ആർട്സ് ആൻഡ് സയൻസ് കോളജുമാണ് കേന്ദ്രങ്ങൾ.
പരീക്ഷ കേന്ദ്രങ്ങളിൽ ലൈവ് സ്ക്രീനിങ് അടക്കം അത്യാധുനിക സൗകര്യങ്ങൾ ഒരുക്കി. പരീക്ഷയുടെ കാര്യക്ഷമമായ നടത്തിപ്പിന് ജില്ലയെ ഇത്തവണ രണ്ട് മേഖലകളായി തിരിച്ച് 15 വീതം കേന്ദ്രങ്ങളുടെ നിയന്ത്രണം ക്രമീകരിച്ചു. മലപ്പുറം ഒന്നിന് മഞ്ചേരി ബെഞ്ച്മാർക്സ് ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ കെ. ഉണ്ണികൃഷ്ണൻ, മലപ്പുറം രണ്ടിന് കോട്ടക്കൽ പീസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ എം. ജൗഹർ എന്നിവർക്കാണ് ചുമതല.
മേഖല ഒന്നിൽ 7220 വിദ്യാർഥികളും രണ്ടിൽ 7300 വിദ്യാർഥികളുമായി ജില്ലയിൽ 14520 പരീക്ഷാർഥികൾ. 1152 വിദ്യാർഥികൾ പരീക്ഷയെഴുതുന്ന മലപ്പുറം മഅദിൻ പബ്ലിക് സ്കൂൾ ജില്ലയിലെ ഏറ്റവും വലിയ പരീക്ഷാകേന്ദ്രവും 240 വിദ്യാർഥികൾ എഴുതുന്ന തിരുനാവായ ഭാരതീയ വിദ്യാഭവൻ ചെറിയ പരീക്ഷ കേന്ദ്രവുമാണ്. പെരിന്തൽമണ്ണയിൽ ശ്രീ വള്ളുവനാട് വിദ്യാഭവൻ, പാറക്കോട്ടിൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ, സിൽവർ മൗണ്ട് സ്കൂൾ എന്നിവ പരീക്ഷ കേന്ദ്രങ്ങളാണ്.
ശ്രീ വള്ളുവനാട് വിദ്യാഭവനിൽ 744 വിദ്യാർഥികളും സിൽവർ മൗണ്ട് സ്കൂളിലും പാറക്കോട്ടിൽ ഇംഗ്ലീഷ് മീഡിയം സ്കൂളിലും 360 വീതം കുട്ടികളുമാണ് എഴുതുന്നത്. ജില്ലയിലെ സെൻറർ സൂപ്രണ്ടുമാർക്കും ഒബ്സർവർമാർക്കും അവസാനഘട്ട പരിശീലനം ശനിയാഴ്ച പെരിന്തൽമണ്ണ വള്ളുവനാട് സ്കൂളിൽ നടത്തി. 24 വിദ്യാർഥികൾക്ക് രണ്ട് അധ്യാപകർ എന്ന തോതിലാണ് സെൻററുകളിൽ ചുമതല വരിക.
ഹാളിലേക്ക് പ്രവേശനം 11 മുതൽ 1.30 വരെ
പെരിന്തൽമണ്ണ: പരീക്ഷക്ക് വേണ്ട എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായി സി.ബി.എസ്.ഇ സിറ്റി കോഓഡിനേറ്ററും നീറ്റ് സെൻട്രൽ സൂപ്രണ്ടുമായ പി. ഹരിദാസ് അറിയിച്ചു. രാവിലെ 11 മുതൽ കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കും. 1.30ന് പ്രവേശനം അവസാനിക്കും. രണ്ടിന് പരീക്ഷ തുടങ്ങും. ഹാൾടിക്കറ്റ്, പാസ് പോർട്ട് സൈസ് ഫോട്ടോ, തിരിച്ചറിയൽ കാർഡ് എന്നിവ കരുതണം. സുതാര്യമായി വാട്ടർ ബോട്ടിൽ കൈയിൽ കരുതാൻ അനുമതിയുണ്ട്. പരീക്ഷാർഥികളെ മാത്രമേ ഗേറ്റിന് അകത്തേക്ക് കടത്തൂ. അഡ്മിറ്റ് കാർഡിൽ നിർദേശിച്ച സമയത്തുതന്നെ പരീക്ഷാർഥികൾ പരീക്ഷ കേന്ദ്രത്തിലെത്തണം. പരീക്ഷാർഥികൾക്ക് മാസ്കും പേനയും എൻ.ടി.എ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.