ഗര്‍ഭസ്ഥശിശുക്കള്‍ മരിച്ചതിന് ഉത്തരവാദി ആശുപത്രി അധികൃതരെന്ന് യുവതി
text_fieldsമലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ കോവിഡ് ചികിത്സയില്‍ കഴിയവെ 19 ആഴ്ച പ്രായമുള്ള രണ്ട് ഗര്‍ഭസ്ഥശിശുക്കള്‍ മരിച്ചത് അധികൃതരുടെ അനാസ്ഥമൂലമെന്ന് യുവതി. പലതവണ പറഞ്ഞിട്ടും ആരും ശ്രദ്ധിച്ചില്ലെന്നും പൊലീസ് ഇടപെട്ടാണ് കിടക്കയുൾപ്പെടെ ലഭ്യമാക്കിയതെന്നും വള്ളിക്കുന്ന് ഗ്രേസ് വീട്ടില്‍ മീനുദാസും ഭർത്താവ് അരുണ്‍ ഉണ്ണികൃഷ്ണനും വാർത്തസമ്മേളനത്തിൽ ആരോപിച്ചു. മേയ് 20നാണ് ഇരുവരും ദുബൈയില്‍നിന്ന് നെടുമ്പാശ്ശേരിവഴി എത്തിയത്. വീട്ടിൽ ക്വാറൻറീനില്‍ കഴിയവെ ജൂണ്‍ നാലിന് കോവിഡ് ടെസ്റ്റിന് ഹാജരാകണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് 108 ആബുലന്‍സില്‍ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് പോയി. ഇരട്ടക്കുട്ടികളായതുകൊണ്ട് പൂര്‍ണവിശ്രമം വേണമെന്ന് ഗള്‍ഫിലെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.
രാത്രി 12നാണ് സ്രവം എടുക്കാന്‍ ഡോക്ടര്‍ എത്തിയത്. വേദനയുടെ കാര്യം പറഞ്ഞപ്പോള്‍ സ്കാനിങ്ങിന് കൊണ്ടുപോയി. പിന്നീട് ഉടൻ ചെയ്യാന്‍ കഴിയില്ലെന്നും അറിയിച്ചു. ആംബുലന്‍സ് എത്തി പുലര്‍ച്ചെ 3.15ഓടെ സ്കാന്‍ ചെയ്യാതെയാണ് വീട്ടിലേക്ക് മടങ്ങിയത്. ജൂണ്‍ എട്ടിന് പരിശോധന ഫലം പോസിറ്റീവാണെന്നറിയിച്ച് മെഡിക്കല്‍ കോളജില്‍നിന്ന് ഫോൺ വന്നു. സ്വന്തം വാഹനത്തില്‍ ഭര്‍ത്താവിനൊപ്പം ആശുപത്രിയില്‍ എത്തി അഡ്മിറ്റായി. രാത്രി വേദനയുണ്ടായപ്പോള്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും സഹായത്തിന് വിളിച്ചെങ്കിലും അവര്‍ ഫോണില്‍ ബന്ധപ്പെടുക മാത്രമാണ് ചെയ്തതെന്നും പിറ്റേദിവസം രാവിലെയാണ് സ്കാന്‍ ചെയ്യാന്‍ തയാറായതെന്നും യുവതി പറയുന്നു. അപ്പോഴേക്കും ഗർഭം അലസിയിരുന്നു. അധികൃതരുടെ അനാസ്ഥ കാണിച്ച് ആരോഗ്യമന്ത്രിക്കും ജില്ല കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് ദമ്പതികള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.