സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലെ പുതുമുഖം; സ്വരാജിന് ഇത് പ്രവർത്തന മികവിനുള്ള അംഗീകാരം
text_fieldsമലപ്പുറം/എടക്കര: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ പുതുമുഖമായി എം. സ്വരാജ് എത്തുമ്പോൾ അത് പ്രവർത്തനമികവിന് പാർട്ടി നൽകിയ അംഗീകാരം തന്നെയാണ്. സമീപകാലത്ത് താരതമ്യേന ചെറുപ്രായത്തില്‍ സംസ്ഥാന സെക്രേട്ടറിയറ്റിലെത്തുന്ന വ്യക്തി കൂടിയായിരിക്കുകയാണ് 42കാരനായ സ്വരാജ്. നിലമ്പൂര്‍ മേഖലയില്‍ നിന്ന് ആദ്യമായി സെക്രേട്ടറിയറ്റിലെത്തുന്ന വ്യക്തിയുമാണ്. 2011ല്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റും 2013ലും 2016 ലും സംസ്ഥാന സെക്രട്ടറിയുമായിരുന്നു. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍, 2021ൽ പരാജയപ്പെട്ടു.
പ്രാഥമിക വിദ്യാഭ്യാസ ശേഷം പാലേമാട് എസ്.വി.എച്ച്.എസ്.എസില്‍ സെക്കന്‍ഡറി വിദ്യാഭ്യാസവും ചുങ്കത്തറ മാര്‍ത്തോമ കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബി.എയും പൂര്‍ത്തിയാക്കി. എല്‍.എല്‍.ബി ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. വിദ്യാര്‍ഥി രാഷ്ര്ടീയത്തിലൂടെയാണ് സ്വരാജ് സജീവമായത്. പതിനെട്ടാം വയസ്സില്‍ ഏറ്റവും പ്രായം കുറഞ്ഞ എസ്.എഫ്.ഐ ജില്ല പ്രസിഡന്‍റായി.
1999 ല്‍ കാലിക്കറ്റ് സർവകലാശാല സ്റ്റുഡന്‍റ്സ് യൂനിയന്‍ ചെയര്‍മാനായും 2005 ല്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. പുസ്തകവും രചിച്ചിട്ടുണ്ട്. പോത്തുകല്ല് ഞെട്ടിക്കുളം സുമാ നിവാസിൽ പി.എന്‍. മുരളീധരന്‍റെയും പി.ആര്‍. സുമംഗി അമ്മയുടെയും മകനായി 1979 മേയ് 27 നാണ് ജനനം. സരിതയാണ് ഭാര്യ.
സംസ്ഥാന സമിതിയിലേക്ക് മലപ്പുറം ജില്ലയിൽനിന്ന് ഏഴുപേർ
മലപ്പുറം: സി.പി.എം സംസ്ഥാന സമിതിയിൽ ജില്ലയിൽനിന്ന് ഇത്തവണ ഏഴുപേർ. സംസ്ഥാന സെക്രട്ടേറിയറ്റിൽ പുതുമുഖമായി ഇടം നേടി എം. സ്വരാജ് നേതൃസ്ഥാനത്തെ യുവപ്രാതിനിധ്യവും ഉറപ്പുവരുത്തി. എ. വിജയരാഘവൻ, വി.പി. സാനു, പി. നന്ദകുമാർ, പി. ശ്രീരാമകൃഷ്ണൻ, ഇ.എൻ. മോഹൻദാസ്, പി.കെ. സൈനബ തുടങ്ങിയവരാണ് സ്വരാജിനെ കൂടാതെ സംസ്ഥാന സമിതിയിൽ ഇടം നേടിയവർ.
മുൻ സമിതിയിലുണ്ടായിരുന്ന പി.പി. വാസുദേവനെ പ്രായപരിധി കണക്കിലെടുത്ത് ഒഴിവാക്കി. പുതിയ സമിതിയിൽ വി.പി. സാനുവാണ് ജില്ലയിൽ നിന്നുള്ള പുതുമുഖം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് സി.പി.എം സ്ഥാനാർഥിയായിരുന്നു. ബാലസംഘത്തിലൂടെ രാഷ്ട്രീയത്തിലേക്കെത്തിയ സാനു എസ്.എഫ്.ഐ ദേശീയ, സംസ്ഥാന, ജില്ല അധ്യക്ഷ സ്ഥാനങ്ങൾ വഹിച്ചു. സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം വി.പി. സക്കറിയയുടെ മകനാണ്.
സംസ്ഥാന സമിതിയിലേക്ക് അഞ്ചാം തവണയാണ് മുൻ സ്പീക്കർ കൂടിയായ പി. ശ്രീരാമകൃഷ്ണൻ തെരഞ്ഞെടുക്കപ്പെടുന്നത്. ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്‍റും അഖിലേന്ത്യ പ്രസിഡന്‍റുമാണ്. രണ്ട് തവണ പൊന്നാനിയിൽനിന്ന് എം.എൽ.എ ആയിരുന്നു. നിലവിൽ നോർക്ക റൂട്ട്സ് വൈസ് ചെയർമാനാണ്. ട്രേഡ് യൂനിയൻ നേതാവായ പി. നന്ദകുമാർ തുടർച്ചയായി മൂന്നാം തവണയാണ് സംസ്ഥാന സമിതിയിലെത്തുന്നത്. സി.ഐ.ടി.യു ജില്ല സെക്രട്ടറിയായിരുന്ന നന്ദകുമാർ നിലവിൽ ദേശീയ സെക്രട്ടറിയും പൊന്നാനി എം.എൽ.എയുമാണ്.
ജില്ല സെക്രട്ടറിയായ ഇ.എൻ. മോഹൻദാസ് തുടർച്ചയായി രണ്ടാംതവണയാണ് സംസ്ഥാന സമിതിയിലെത്തുന്നത്. 1970ൽ സി.പി.എം അംഗമായ മോഹൻദാസ് ഇന്ത്യനൂര്‍ ബ്രാഞ്ച് സെക്രട്ടറി, കോട്ടക്കല്‍ ലോക്കല്‍ സെക്രട്ടറി, 11 വര്‍ഷം മലപ്പുറം ഏരിയ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
എസ്.എഫ്.ഐ ജില്ല ജോയന്‍റ് സെക്രട്ടറിയും ഡി.വൈ.എഫ്.ഐയുടെ പ്രഥമ ജില്ല പ്രസിഡന്‍റുമായി. പി.കെ. സൈനബ ഏഴാം തവണയാണ് തെരഞ്ഞെടുക്കപ്പെടുന്നത്. ജില്ലയിൽനിന്ന് കൂടുതൽ തവണ സംസ്ഥാന സമിതിയിലെത്തിയത് എ. വിജയരാഘവനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.