പുതുവർഷം: പൊലീസ് പട്രോളിങ് ശക്തമാക്കും. നാടുകാണി ചുരത്തിൽ പ്രത്യേക നിരീക്ഷണം
text_fieldsമലപ്പുറം: പുതുവത്സര ഭാഗമായി ജില്ലയിലെ ആറ് സബ് ഡിവിഷൻ ഡിവൈ.എസ്.പി മാർ, ഇൻസ്പെക്ടർമാർ, എസ്.ഐമാർ ഉൾപ്പെടെയുള്ള ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷക്കായി നിയോഗിച്ചു.
ശനിയാഴ്ച രാത്രി പത്തിന് ശേഷം ബാറുകൾ, ബീർ/ വൈൻ പാർലറുകൾ, കള്ള് ഷാപ്പുകൾ എന്നിവയുടെയും പടക്ക വിൽപനശാലകളുടെയും പ്രവർത്തനം തടയും. വിനോദസഞ്ചാര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗം തടയാനുള്ള നിരീക്ഷണത്തിന് പ്രത്യേക സംഘത്തെയും, സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക പട്രോളിങ് സംഘത്തെയും ജില്ല പൊലീസ് മേധാവി നിയോഗിച്ചു. അനുമതിയില്ലാതെ ഡി.ജെ പാർട്ടികൾ അനുവദിക്കില്ല. രാത്രി പാതയോരങ്ങളിലും മറ്റും അനധികൃത ആൾക്കൂട്ടങ്ങൾക്കും നിയന്ത്രണമുണ്ട്. വാഹനഗതാഗതം തടസ്സപ്പെടുത്തിയാൽ കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കി. പൊതുസ്ഥലത്ത് ലഹരി ഉപയോഗിക്കുന്നവരെയും നിരോധിത ലഹരി മരുന്നുകളുടെ വിൽപന, ഉപയോഗം എന്നിവ കണ്ടെത്താനും പരിശോധന ഊർജിതമാക്കി. മദ്യനിർമാണം, ചാരായ വാറ്റ്, സെക്കൻഡ്സ് മദ്യവിൽപന തുടങ്ങിയവ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. കള്ളുഷാപ്പുകളിൽ വിൽപന നടത്തുന്ന മദ്യത്തിന്റെ സാംപിൾ രാസപരിശോധനക്ക് വിധേയമാക്കും. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, വ്യാപാര സ്ഥാപനങ്ങൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം പൊലീസ് നിരീക്ഷണമുണ്ടാകും. പോക്കറ്റടിക്കാർ, ലഹരി വിൽപനക്കാർ, ഗുണ്ടകൾ തുടങ്ങിയവരും കേസുകളിൽ ജാമ്യമെടുത്തവരും നിരീക്ഷണത്തിലായിരിക്കുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.
നാടുകാണി ചുരത്തിൽ പ്രത്യേക നിരീക്ഷണം
നിലമ്പൂർ: പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് അനിഷ്ട സംഭവങ്ങളും ക്രമസമാധാന പ്രശ്നങ്ങളും ഒഴിവാക്കാൻ അതിർത്തി പഞ്ചായത്തായ വഴിക്കടവിൽ പൊലീസ് കർശന പരിശോധന ഏർപ്പെടുത്തും. ഹോട്ടലുകൾ, തട്ടുകടകൾ എന്നിവയടക്കമുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും 31ന് രാത്രി ഒമ്പതിനുള്ളിൽ അടക്കണമെന്ന് വഴിക്കടവ് ഇൻസ്പെക്ടർ മനോജ് പറയറ്റ അറിയിച്ചു. വ്യാപാരികൾക്ക് നിർദേശം അടങ്ങുന്ന നോട്ടീസും നൽകി. നാടുകാണി ചുരത്തിൽ കർശന നിരീക്ഷണം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.