ദേശീയപാത വികസനം: നഷ്ടപരിഹാര തുകയായി സാബിറക്ക് ലഭിച്ചത് 2.3 കോടി രൂപ
text_fieldsദേശീയപാത വികസനം: നഷ്ടപരിഹാര തുകയായി സാബിറക്ക് ലഭിച്ചത് 2.3 കോടി രൂപ
മലപ്പുറം: ദേശീയപാത വികസനത്തിെൻറ ഭാഗമായി ഏറ്റെടുത്ത ഭൂമിക്കും കെട്ടിടങ്ങൾക്കുമുള്ള നഷ്ട പരിഹാര തുകയുടെ ആദ്യ ഗഡു വിതരണം ചെയ്തു. ഭൂമിയും കെട്ടിടവും വിട്ടു നൽകിയവർക്ക് നഷ്ടപരിഹാരം വിതരണം ചെയ്ത ചടങ്ങിൽ ഏറ്റവും കൂടുതൽ തുക ലഭിച്ചത് മൂടാൽ സ്വദേശി സാബിറക്ക്. രണ്ട് കോടി മൂന്ന് ലക്ഷത്തി നാൽപത്തി അയ്യായിരത്തി അമ്പത്തിയെട്ട് രൂപയാണ് ഇവർക്ക് കിട്ടിയത്. വാണിജ്യകെട്ടിടവും സ്ഥലവുമാണ് ദേശീയ പാത വികസനത്തിനായി സാബിറ വിട്ടുനല്‍കിയത്. ഏഴ് സെൻറ് സ്ഥലവും വീടും നഷ്ടപ്പെട്ട മൂടാല്‍ സ്വദേശി അബ്ദുല്‍ ഖാദറിന് നഷ്ടപരിഹാരമായി 90 ലക്ഷം രൂപ ലഭിച്ചതായും അധികൃതർ അറിയിച്ചു.
തിരൂര്‍ താലൂക്കിലെ നടുവട്ടം വില്ലേജിലുള്ളവർക്കാണ് തുക ലഭിച്ചത്. മൊത്തം 48.43 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. സർക്കാർ പ്രഖ്യാപിച്ച സമാശ്വാസ തുക അടക്കം ഒരു സെൻറ് ഭൂമിക്ക് 4,70,540 രൂപയാണ് നല്‍കിയത്.
വാണിജ്യ കെട്ടിടങ്ങള്‍ക്ക് ഒരു ചതുരശ്ര അടിക്ക് 5412 രൂപവരെയും താമസ കെട്ടിടങ്ങള്‍ക്ക് ചതുരശ്ര അടിക്ക് 3896 രൂപവരെയും അനുവദിച്ചിട്ടുണ്ട്. കാര്‍ഷിക വിളകള്‍ക്ക് വിള ഇന്‍ഷുറന്‍സില്‍ അനുവദിക്കുന്ന തുകയുടെ ഇരട്ടി ലഭിക്കും. മറ്റ് മരങ്ങള്‍ക്ക് വനം വകുപ്പ് നിശ്ചയിക്കുന്ന തുകയുടെ ഇരട്ടിയാണ് നൽകുക.
നടുവട്ടം വില്ലേജില്‍ ആദ്യ ഘട്ടത്തില്‍ ഏറ്റെടുക്കുന്നത് 2.7940 ഹെക്ടര്‍ ഭൂമിയാണ്. 2.6735 ഹെക്ടര്‍ സ്വകാര്യ ഭൂമിയും 0.1205 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയുമാണ്. 64 പേരില്‍ നിന്നാണ് ഇത്രയും ഭൂമി ഏറ്റെടുക്കുന്നത്. ഇതിൽ പൂർണമായും നഷ്ടപ്പെടുന്ന ഒമ്പത് വീടുകളും പതിനൊന്ന് കച്ചവട സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു.
വീടുകള്‍ക്ക് നഷ്ടപരിഹാരത്തിന് പുറമെ 2,86,000 രൂപ വീതവും വ്യാപാരികള്‍ക്ക് 75,000 രൂപ വീതവും മൊത്തം 33.99 ലക്ഷം രൂപ പുനരധിവാസത്തിനായി അനുവദിച്ചിട്ടുണ്ട്. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.ടി. ജലീൽ അധ്യക്ഷനായി. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണന്, കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഫസീന അഹമ്മദ്കുട്ടി, പരപ്പാറ സിദ്ദീഖ്, ടി.സി. ഷമീല, ജില്ല കലക്ടര്‍ കെ. ഗോപാലകൃഷ്ണന്, എ.ഡി.എം എന്‍.എം. മെഹറലി, ദേശീയപാത ഉദ്യോഗസ്ഥരായ സി.പി. മുഹമ്മദ് അഷ്റഫ്, ജെ. ബാലചന്ദര്‍, ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ. അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.