മമ്പാട് യുവാവിന്‍റെ ആത്മഹത്യ: ടെക്സ്റ്റൈൽസ് ഉടമ ഉൾപ്പെടെ 12 പേർ അറസ്റ്റിൽ
text_fieldsനിലമ്പൂർ: മമ്പാട് ടൗണിലെ ടെക്സ്റ്റൈൽസ് ഗോഡൗണിൽ കോട്ടക്കൽ സ്വദേശി പുലിക്കോട്ടിൽ മുജീബ് റഹ്മാന്‍റെ (29) മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ടെക്സ്റ്റൈൽസ് ഉടമ ഉൾപ്പെടെ 12 പേർ അറസ്റ്റിൽ.
മമ്പാട് സുലു ടെക്സ്റ്റൈൽസ് ഉടമയും മഞ്ചേരി കാരകുന്ന് സ്വദേശിയുമായ മൂലത്ത് അബ്ദുൽ ഷഹദ് (23), നടുവൻതൊടിക ഫാസിൽ (23), കൊല്ലേരി മുഹമ്മദ് മിഷാൽ (22), ചിറക്കൽ മുഹമ്മദ് റാഫി (23), പയ്യൻ ഷബീബ് (28), മഞ്ചേരി പുൽപ്പറ്റ സ്വദേശി ചുണ്ടാംപുറത്ത് ഷബീർ അലി (23), തൃക്കലങ്ങോട് മരത്താണി സ്വദേശി മേച്ചേരി മുഹമ്മദ് റാഫി (27), മഞ്ചേരി മംഗലശ്ശേരി സ്വദേശി നമ്പൻകുന്നൻ മർവാൻ (23), കാരാപറമ്പ് സ്വദേശി വള്ളിപ്പാടൻ അബ്ദുൽ അലി (36), മഞ്ചേരി നറുകര സ്വദേശി പുത്തലത്ത് ജാഫർ (26), മഞ്ചേരിയിലെ വാടകസ്റ്റോർ ഉടമ കിഴക്കേത്തല സ്വദേശി പെരുംപള്ളി കുഞ്ഞഹമ്മദ് (56), ഇയാളുടെ മകൻ മുഹമ്മദ് അനസ് (25) എന്നിവരെയാണ് നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ പി. വിഷ്ണു അറസ്റ്റ് ചെയ്തത്.
തട്ടിക്കൊണ്ടുവന്ന് തടവിൽ പാർപ്പിച്ച് മർദനത്തിനും ആത്മഹത‍്യപ്രേരണക്കുമാണ് അറസ്റ്റ്. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ക്രൂരമായ ശാരീരിക പീഡനത്തെത്തുടർന്നുള്ള മാനസികസമ്മർദമാണ് മുജീബ് റഹ്മാൻ തൂങ്ങിമരിക്കാൻ കാരണമെന്നാണ് പൊലീസ് കണ്ടെത്തി. പ്രതിയായ അബ്ദുൽ ഷഹദിന്‍റെ ഹാർഡ്വെയേഴ്സിൽനിന്ന് വാങ്ങിയ സാധനങ്ങളുടെ പണം തിരികെ നൽകാത്തതിനായിരുന്നു ക്രൂരമർദനം.
ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ഒന്നാംപ്രതി ഷഹദിന്‍റെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റുവാഹനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. കേസിൽ ഒരാൾകൂടി പിടിയിലാകാനുണ്ട്. ഒളിവിൽ പോയ ഇയാൾക്കായി അന്വേഷണം ഊർജിതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.