പാറക്കൂട്ടങ്ങൾക്കിടയിൽ സൂക്ഷിച്ച 305 ലിറ്റർ വാഷ് പിടികൂടി
text_fieldsനിലമ്പൂർ: ചാലിയാർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലമ്പൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.ആർ. രതീഷും സംഘവും നടത്തിയ പട്രോളിങ്ങിനിടെ പാറക്കൂട്ടങ്ങൾക്കിടയിൽ കലക്കി സൂക്ഷിച്ച 305 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. ആഢ്യൻപാറ-മായംപള്ളി ഭാഗത്ത് മൂന്ന് കന്നാസുകളിലും ഇരുമ്പ് ബാരലിലും സൂക്ഷിച്ച വാഷാണ് കണ്ടെത്തിയത്.
സ്വകാര്യ പറമ്പ് പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന പെരുമ്പത്തൂർ കുറുംകുളം സ്വദേശി ആലുങ്ങൽ പറമ്പിൽ രാധാകൃഷ്ണനെതിരെ കേസെടുത്തു. ഇയാളുടെ പേരിൽ നിരവധി പരാതികൾ പൊലീസ് -എക്സൈസ് വകുപ്പുകൾക്ക് മുമ്പും ലഭിച്ചിട്ടുണ്ട്. സ്ഥലത്തുണ്ടായിരുന്ന പ്രതി ഓടിരക്ഷപ്പെട്ടതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചില്ല.
ചോലയുടെ ഭാഗത്ത് പാറക്കൂട്ടങ്ങൾക്കിടയിൽ കരിയിലകളും മറ്റും കൊണ്ട് മൂടിയ നിലയിലാണ് വാഷ് സൂക്ഷിച്ചിരുന്നത്. കേസിന്റെ രേഖകളും തൊണ്ടി മുതലുകളും നിലമ്പൂർ റേഞ്ച് ഓഫിസിൽ ഹാജരാക്കി. കേസിന്റെ തുടരന്വേഷണം നിലമ്പൂർ റേഞ്ച് ഇൻസ്പെക്ടർക്ക് കൈമാറി. പരിശോധനയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ആർ.പി. സുരേഷ് ബാബു, സി.ഇ.ഒമാരായ സി.ടി. ഷംനാസ്, എബിൻ സണ്ണി, സബിൻ ദാസ്, ഡ്രൈവർ മഹമൂദ് എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.