സുരക്ഷയൊരുക്കിയാൽ ആമസോൺ വ്യൂ പോയന്റ് ടൂറിസം കേന്ദ്രമാക്കാം
text_fieldsനിലമ്പൂർ: എടവണ്ണയിലെ ആമസോൺ വ്യൂ പോയന്റ് മതിയായ സുരക്ഷ സംവിധാനത്തോടെ ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കണമെന്ന് ആവശ്യം. കിഴക്കേ ചാത്തല്ലൂരിലെ മൂന്നുകല്ല് മലയിലാണ് മനോഹരമായ ആമസോണ്‍ വ്യൂ പോയന്റ്. ദൃശ്യവിസ്മയം കാണാൻ നിരവധി സഞ്ചാരികളാണ് ജില്ലക്ക് പുറത്തുനിന്നുവരെ ഇവിടെ എത്തുന്നത്. കോവിഡ് കാലത്ത് പുറത്തിറങ്ങിയ വിഡിയോ ആണ് ആമസോൺ വ്യൂപോയന്റ് പുറം ലോകത്ത് കാഴ്ചയായത്.
കോവിഡിന് ശേഷം സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി. വ്യൂ പോയന്റിലേക്കുള്ള യാത്ര ദുർഘടമാണ്. കയറ്റവും ഇറക്കവും വളവും തിരിവുകളുമുള്ള പാതയാണിത്. വ്യൂ പോയന്റ് കണ്ട് സ്കൂട്ടറിൽ മടങ്ങുന്ന കുടുംബം അപകടത്തിൽപ്പെട്ട് മൂന്ന് വയസ്സുകാരൻ ഉൾപ്പടെ രണ്ട് പേർ മരിച്ചത് കഴിഞ്ഞ ദിവസമാണ്. വ്യൂ പോയന്റും അപകട സാധ്യതയുളളതാണ്. കാഴ്ചകള്‍ കാണുന്നതിനിടെ പാറയില്‍നിന്ന് ഒന്ന് കാല് തെറ്റിയാല്‍ 300 അടിയിലധികം താഴ്ചയുള്ള കൊക്കയിലേക്ക് വീഴും. ഒരുവിധ സുരക്ഷ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടില്ല. വനം വകുപ്പിന്റെ ഇക്കോടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി സുരക്ഷ സംവിധാനത്തോടെ വ്യൂപോയന്റ് വികസിപ്പിച്ച് ടൂറിസം കേന്ദ്രമാക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.