നിലമ്പൂർ മിനി സ്റ്റേഡിയം നിർമാണം വിദഗ്ധ സംഘം പരിശോധിച്ചു
text_fieldsനിലമ്പൂര്‍: ഗവ. മാനവേദൻ സ്കൂളിൽ നിർമാണം പുരോഗമിക്കുന്ന മിനി സ്റ്റേഡിയം പ്രവൃത്തി കായിക യുവജന വകുപ്പിന്റെ വിദഗ്ധസംഘം വിലയിരുത്തി. പരിശോധനയുടെ ഭാഗമായി കണ്ടെത്തിയ ന്യൂനതകൾ പരിഹരിക്കും. മഴവെള്ളം സ്റ്റേഡിയത്തിലേക്ക് ഇറങ്ങുന്നത് തടയാൻ ഡ്രൈനേജും മണ്ണ് ഇടിഞ്ഞ് വീഴാതിരിക്കാൻ സംരക്ഷണ ഭിത്തിയും നിർമിക്കും. സ്പോർട്സ് കേരള ഫൗണ്ടേഷനാണ് നിർമാണച്ചുമതല.
നിലവിൽ കിറ്റ്കോ നടത്തിക്കൊണ്ടിരിക്കുന്ന പ്രവൃത്തി ആദ്യഘട്ടം പൂർത്തിയായിട്ടുണ്ട്. സിന്തറ്റിക് ട്രാക്കിലെ ന്യൂനതകൾ അറ്റകുറ്റപ്പണി നടത്തി പരിഹരിക്കും. അഞ്ച് വർഷം വരെ നിർമാണ ഏജൻസിയായ കിറ്റ്കോ അറ്റകുറ്റപ്പണി നടത്തും. ഡ്രൈനേജ്, സംരക്ഷണഭിത്തി നിർമാണത്തിന് പുതിയ എസ്റ്റിമേറ്റ് തയാറാക്കും. 17 കോടി രൂപ ചെലവിലാണ് നിര്‍മാണം ആരംഭിച്ചത്. ഇതുവരെ 13 കോടിയോളം ചെലവഴിച്ചു.
ബാക്കി തുകക്ക് ഡ്രൈനേജ്, സംരക്ഷണഭിത്തി എന്നിവയുടെ നിര്‍മാണം നടത്തുമെന്ന് സംഘത്തോടൊപ്പമുണ്ടായിരുന്ന പി.വി. അന്‍വര്‍ എം.എല്‍.എ പറഞ്ഞു. സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനീയർ അനിൽകുമാർ, എക്സിക്യൂട്ടീവ് എൻജിനീയർ മുഹമ്മദ് അഷ്റഫ്, ഡെപ്യൂട്ടി ഡയറക്ടർ ജയചന്ദ്രൻ, എൻജിനീയർമാരായ അച്ചു, രാഹുൽ, നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം എന്നിവരടങ്ങുന്ന സംഘമാണ് സ്റ്റേഡിയം സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.