ആനമറി-പുഞ്ചക്കൊല്ലി കോൺക്രീറ്റ് റോഡ്: ഉദ്ഘാടനത്തിൽ രാഷ്ട്രീയ പോര്
text_fieldsനിലമ്പൂർ: തൊഴിലുറപ്പ് പദ്ധതിയിൽ കോൺക്രീറ്റ് ചെയ്ത വഴിക്കടവ് പഞ്ചായത്തിലെ ആനമറി-പുഞ്ചക്കൊല്ലി റോഡിന്‍റെ ഉദ്ഘാടനത്തെ ചൊല്ലി രാഷ്ട്രീയ പോര്.
വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി റോഡിന്‍റെ രണ്ട് ഉദ്ഘാടനങ്ങൾക്ക് കളമൊരുങ്ങി. ശനിയാഴ്ച രാവിലെ 11ന് ദേവസ്വം-പിന്നാക്ക ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്നറിയിച്ച് വ‍്യാഴാഴ്ച സി.പി.എം പോസ്റ്റർ ഇറക്കി. മന്ത്രിയുടെയും പി.വി. അൻവർ എം.എൽ.എയുടെയും ചിത്രങ്ങൾ സഹിതമുള്ള പോസ്റ്ററുകളാണ് ഇറങ്ങിയത്. ഇതോടെ വ‍്യാഴാഴ്ച ഉച്ചയോടെ യു.ഡി.എഫ് പഞ്ചായത്ത് ഭരണസമിതിയുടെയും റോഡ് ഉദ്ഘാടന പോസ്റ്ററുകൾ ഇറങ്ങി.
വെള്ളിയാഴ്ച രാവിലെ 10ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തങ്കമ്മ നെടുമ്പടി ഉദ്ഘാടനം ചെയ്യുമെന്നറിയിച്ചാണ് ചിത്രങ്ങൾ സഹിതമുള്ള പോസ്റ്റർ ഇറക്കിയത്. വെള്ളിയാഴ്ച രാവിലെ റോഡ് ഉദ്ഘാടനം ചെയ്യുമെന്ന് പഞ്ചായത്ത് ഭരണസമിതി ഔദ‍്യോഗികമായി മാധ‍്യമങ്ങളെ അറിയിച്ചിട്ടുണ്ട്. പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ചർച്ച ചെയ്താണ് തീരുമാനമെടുത്തതെന്ന് വൈസ് പ്രസിഡന്‍റ് റെജി കണ്ടത്തിൽ അറിയിച്ചു.
ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 97.97 ലക്ഷം രൂപ ചെലവിലാണ് പഞ്ചായത്തിന്‍റെ മേൽനോട്ടത്തിൽ 2.7 കിലോമീറ്റർ റോഡ് പ്രവൃത്തി പൂർത്തീകരിച്ചത്. 23ന് മന്ത്രി ഉദ്ഘാടനം ചെയ്യുന്ന വിവരം രണ്ട് ദിവസം മുമ്പാണ് പഞ്ചായത്ത് സെക്രട്ടറി വഴി അനൗദ‍്യോഗികമായി ഭരണസമിതി അറിയുന്നതെന്ന് പ്രസിഡന്‍റ് തങ്കമ്മ നെടുമ്പടി പറഞ്ഞു.
ഉദ്ഘാടന വിവരം പഞ്ചായത്തിനെ അറിയിച്ചില്ലെന്നും റമദാനിന് ഉദ്ഘാടനം വെച്ചാൽ ആളുകൾക്ക് പങ്കെടുക്കാൻ അസൗകര‍്യമുണ്ടാവുമെന്നും അതിനാൽ നീട്ടിവെക്കണമെന്നും കാണിച്ച് മന്ത്രിക്കും മന്ത്രിയുടെ ഓഫിസിനും മെയിൽ അയച്ചിരുന്നു. ഇതിന് വ‍്യാഴാഴ്ച ഉച്ചവരെ മറുപടി ലഭിച്ചില്ല. മാത്രമല്ല, വെള്ളിയാഴ്ച രാവിലെ 11ന് മന്ത്രി റോഡ് ഉദ്ഘാടനം ചെയ്യുന്നുവെന്ന പോസ്റ്റർ സി.പി.എം പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് വെള്ളിയാഴ്ച ഉദ്ഘാടനം നിശ്ചയിച്ചതെന്നും വൈസ് പ്രസിഡന്‍റ് വിശദീകരിച്ചു.
അതേസമയം, റോഡ് ഉദ്ഘാടനത്തിന് മന്ത്രിയെ കിട്ടുമോയെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് തന്നോട് അന്വേഷിച്ചെന്നും അതിന്‍റെ അടിസ്ഥാനത്തിൽ പി.വി. അൻവർ എം.എൽ.എയുടെ സഹായത്തോടെ പിന്നാക്ക ക്ഷേമ മന്ത്രിയെ സമീപിക്കുകയും 23ന് വരാൻ തയാറാവുകയും ചെയ്തെന്നും ഈ വിവരം പഞ്ചായത്ത് പ്രസിഡന്‍റിനെയും വൈസ് പ്രസിഡന്‍റിനെയും അറിയിച്ച ശേഷമാണ് പോസ്റ്റർ ഇറക്കി പ്രചരിപ്പിച്ചതെന്നും സി.പി.എം വഴിക്കടവ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ടി. അലി വിശദീകരിച്ചു. ഉദ്ഘാടനം മാറ്റിവെക്കണമെന്നാവശ‍്യപ്പെട്ട് മന്ത്രിയുടെ ഓഫിസിന് കത്തയക്കുകയും ശേഷം വെള്ളിയാഴ്ച റോഡിന്‍റെ ഉദ്ഘാടനം നിശ്ചയിക്കുകയും ചെയ്ത പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.