അംഗൻവാടി വിവാദം: ഹൈകോടതി സ്റ്റേ കാലാവധി ഒരുമാസത്തേക്ക് കൂടി നീട്ടി
text_fieldsനിലമ്പൂർ: വഴിക്കടവിൽ അംഗൻവാടിയുടെ പ്രവർത്തനത്തെച്ചൊല്ലി പ്രദേശത്തുകാർ തമ്മിലുള്ള തർക്ക വിഷയത്തിൽ ഹൈകോടതി നൽകിയ സ്റ്റേ കാലാവധി നീട്ടി. ജില്ല ശിശുവികസന ഓഫിസറുടെ ഉത്തരവിനാണ് ഹൈകോടതി ഈ മാസം 18 വരെ സ്റ്റേ അനുവദിച്ചിരുന്നത്. ഇത് അടുത്തമാസം 18 വരെയാണ് നീട്ടിയത്. ആനപ്പാറ നിവാസികൾ നൽകിയ ഹരജിയിലാണ് കോടതി സ്റ്റേ അനുവദിച്ചത്.
വഴിക്കടവ് പഞ്ചായത്തിലെ സെന്റർ നമ്പർ 39 അംഗൻവാടിയെച്ചൊല്ലിയാണ് പൂളക്കുന്ന്, ആനപ്പാറ പ്രദേശത്തുകാർ തമ്മിൽ ചേരിതിരിഞ്ഞ് തർക്കം ഉടലെടുത്തത്. 16 വർഷം മുമ്പാണ് മണൽപ്പാടം പൂളക്കുന്നിൽ താൽക്കാലിക കെട്ടിടത്തിൽ 15 ഓളം കുട്ടികളുമായി 39 നമ്പർ അംഗൻവാടി പ്രവർത്തനം തുടങ്ങിയത്. അഞ്ച് വർഷത്തിലധികം ഇവിടെ പ്രവർത്തിച്ച അംഗൻവാടി മതിയായ സൗകര്യമില്ലാത്തതിനാൽ അന്നത്തെ വാർഡ് മെംബർ ഇടപെട്ട് രണ്ട് കിലോമീറ്ററോളം ദൂരമുള്ള ആനപ്പാറയിലേക്ക് മാറ്റിയിരുന്നു.
പതിനൊന്ന് വർഷത്തോളമായി ആനപ്പാറയിലെ വാടക കെട്ടിടത്തിലാണ് അംഗൻവാടി പ്രവർത്തിക്കുന്നത്. ആനപ്പാറ പ്രദേശത്തെ ഇരുപതോളം കുട്ടികളും അംഗൻവാടിയിലുണ്ട്. ഇതിനിടയിൽ പഞ്ചായത്തിന്റെ സഹായത്തോടെയും നാട്ടുകാർ പിരിവെടുത്തും പൂളക്കുന്നിൽ ആറ് സെന്റ് ഭൂമി അംഗൻവാടിക്കായി വാങ്ങി. ഭൂമി കൈമാറി കിട്ടിയതോടെ ഇവിടെ സ്വന്തം കെട്ടിടം നിർമിക്കാൻ ഐ.സി.ഡി.എസ് ഒരുക്കം തുടങ്ങി. അംഗൻവാടി പ്രവർത്തിക്കുന്നതിന് പൂളക്കുന്നിൽ നാട്ടുകാർ താൽക്കാലിക കെട്ടിടം കണ്ടെത്തുകയും അംഗൻവാടിയുടെ പ്രവർത്തനം ഒരാഴ്ച മുമ്പ് പൂളക്കുന്നിലേക്ക് മാറ്റുകയും ചെയ്തു.
പൂളക്കുന്ന് നിവാസികൾ നൽകിയ നിവേദനത്തെത്തുടർന്ന് ജില്ല വനിത ശിശുവികസന ഓഫിസറുടെ ഉത്തരവ് പ്രകാരമാണ് പൂളക്കുന്നിലേക്ക് തന്നെ അംഗൻവാടി മാറ്റിയത്. ആനപ്പാറയിലെ കുട്ടികൾക്ക് പൂളക്കുന്നിലെത്തി പഠനം തുടരാനാവില്ലെന്നും ആനപ്പാറയിൽ തന്നെ അംഗൻവാടി നിലനിർത്തണമെന്നും ആവശ്യപ്പെട്ട് ആനപ്പാറ നിവാസികളും കുട്ടികളുടെ രക്ഷകർത്താകളും ഹൈകോടതിയെ സമീപിച്ചതോടെയാണ് കോടതി തൽസ്ഥിതി തുടരാൻ ഉത്തരവിട്ടത്. ജില്ല വനിത ശിശുവികസന ഓഫിസറുടെ ഉത്തരവിന് താൽക്കാലികമായി കോടതി സ്റ്റേ അനുവദിക്കുകയും ചെയ്തു. ഇതോടെ പൂളക്കുന്നിലെ അംഗൻവാടി തൽക്കാലത്തേക്ക് അടച്ചിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.