പ്രാവുകൾക്ക് അർജുനൻ അന്നദാതാവായിട്ട് ഒരു പതിറ്റാണ്ട്
text_fieldsനിലമ്പൂർ: ചന്തക്കുന്ന് പഴയ ബസ് സ്റ്റാൻഡിൽ ദിവസവും രാവിലെ നൂറുകണക്കിന് പ്രാവുകളെ കാണാം. ഒറ്റ തിരിഞ്ഞും കൂട്ടമായും രാവിലെ എട്ടരയോടെ ഇവർ ബസ് സ്റ്റാൻഡിൽ ചിറകടിച്ച് പറന്നിറങ്ങും. നിത്യവും തങ്ങളെ തേടിയെത്തുന്ന അന്നദാതാവിനെ തേടിയാണ് മുടക്കമില്ലാത്ത വരവ്. അർജുനെൻറ നിഴൽവെട്ടം കണ്ടാൽ വട്ടമിട്ട് പറന്നിറങ്ങും.
ധാന്യങ്ങൾ വയറുനിറയെതിന്ന് അർജുനെൻറ തോളത്തും തലയിലും കൈകളിലും ഇരുന്ന് കുറുകി നന്ദി അറിയിച്ച് ഇവർ പറന്നകലും. ഒരു പതിറ്റാണ്ടിലേറെ കാലമായി മുടക്കമില്ലാതെ ഈ കാഴ്ച കാണുന്നു.
കോഴിപ്പള്ളി അർജുനൻ ഇേപ്പാൾ ചന്തക്കുന്ന് ബസ് സ്റ്റാൻഡിലെ ലോട്ടറി വ്യാപാരിയാണ്. ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ നേരത്തേ അരിക്കടയുണ്ടായിരുന്നു. ചാക്കുകളിൽനിന്നും വീഴുന്ന അരിമണി കൊത്തിത്തിന്നാൻ പ്രാവുകളെത്തും. കുറച്ച് പ്രാവുകളാണ് സ്ഥിരമായി വന്നിരുന്നത്. അർജുനനുമായി ഇവർ ഏറെ ചങ്ങാത്തത്തിലായി. നഷ്ടം വന്നപ്പോൾ അരിക്കട പൂട്ടി.
ലോട്ടറികട തുടങ്ങി. പ്രാവുകൾ പക്ഷേ, കടയുടെ പരിസരത്ത് കുറുകി നിൽപ്പ് തുടർന്നു. അടുത്ത കടകളിൽനിന്ന് ഗോതമ്പ് വാങ്ങി നൽകി. പിന്നെ അത് ജീവിതചര്യയായി.
പുനർനിർമാണത്തിെൻറ ഭാഗമായി നഗരസഭ കഴിഞ്ഞ വർഷം ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചു. അർജുനൻ ഫാത്തിമഗിരി റോഡിലേക്ക് കച്ചവടം മാറ്റി. എന്നാൽ, ദിവസവും രാവിലെ പ്രാവുകൾ അർജുനെൻറ കടക്കുചുറ്റും വട്ടമിടും. സമീപത്തെ റേഷൻ കടകളിൽനിന്നും അരികടകളിൽനിന്നും ഗോതമ്പും അരിയും ശേഖരിച്ച് പ്രാവുകളെ ഊട്ടും. കാര്യങ്ങളറിയാവുന്ന വ്യാപാരികൾ കിലോക്ക് 15 രൂപക്ക് ധാന്യങ്ങൾ നൽകും. അഞ്ഞൂറോളം പ്രാക്കൾക്ക് അർജുനൻ ഇപ്പോൾ അന്നദാതാവാണ്. ദിവസം അഞ്ചര കിലോയോളം ധാന്യങ്ങൾ ചെലവഴിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.