നാടുകാണി ചുരത്തിൽ ഗുഡ്സ് ജീപ്പ് മറിഞ്ഞു; മൂന്നുപേർക്ക് പരിക്ക്
text_fieldsനിലമ്പൂർ: നാടുകാണി ചുരത്തിൽ തേൻപ്പാറക്ക് സമീപം ഗുഡ്സ് ജീപ്പ് മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു. തമിഴ്നാട് തഞ്ചാവൂർ സ്വദേശികളായ ഹരി, കാർത്തി, സോളി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. തിങ്കളാഴ്ച രാത്രി 8.30ഓടെയാണ് അപകടം. ബത്തേരിയിൽനിന്ന് പഴയ ബാറ്ററികളുമായി പാലക്കാട് വഴി തഞ്ചാവൂരിലേക്ക് പോകാൻ ചുരം ഇറങ്ങുന്നതിനിടെയാണ് അപകടം. വളവിൽ ബ്രേക്കിട്ടപ്പോൾ നിയന്ത്രണം വിട്ട് റോഡിൽ മറിയുകയായിരുന്നു. ജീപ്പിൽ ഏഴുപേരാണുണ്ടായിരുന്നത്.
അപകട സ്ഥലത്തിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിലെ യാത്രക്കാരാണ് ജീപ്പിൽനിന്ന് ആളുകളെ രക്ഷിച്ചത്. വിവരം അറിഞ്ഞ് വഴിക്കടവ് പൊലീസും സ്ഥലത്തെത്തി. മറിഞ്ഞ ജീപ്പ് റോഡിൽനിന്ന് അരികിലേക്ക് നീക്കിയിട്ടു. ആംബുലൻസിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.