എ.ടി.എം കൗണ്ടർ വെട്ടിപ്പൊളിച്ച് മോഷണശ്രമം; മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിൽ
text_fieldsനിലമ്പൂർ: നിലമ്പൂർ സഹകരണ അർബൻ ബാങ്കിന്റെ വഴിക്കടവ് ശാഖയുടെ എ.ടി.എം കൗണ്ടറിലും വഴിക്കടവ് സുവർണനിധി ലിമിറ്റഡ് ധനകാര്യ ശാഖയിലും മോഷണ ശ്രമം നടത്തിയ പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി. തിരുവാലി പത്തിരിയാൽ പൂന്തോട്ടം നന്ദനം വീട്ടിൽ അമൽ (27) ആണ് വഴിക്കടവ് പൊലീസിന്റെ പിടിയിലായത്.
ഗൂഡല്ലൂരിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് വഴിക്കടവ് ഇൻസ്പെക്ടർ മനോജ് പറയറ്റയും സംഘവും പ്രതിയെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലർച്ചെയാണ് വഴിക്കടവ് പഞ്ചായത്ത് അങ്ങാടിയിലെ എ.ടി.എം കൗണ്ടറിൽ മോഷണ ശ്രമം നടന്നത്. പഞ്ചായത്ത് അങ്ങാടിയിലെ തന്നെ സുവർണനിധി ധനകാര്യ സ്ഥാപനത്തിന്റെ പൂട്ടും മുറിക്കാൻ ശ്രമം നടത്തി.
പൂട്ടിന്റെ പകുതിഭാഗം ആക്സോ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചിരുന്നു. ഇത് പരാജയപ്പെട്ടതോടെയാണ് സമീപത്തെ എ.ടി.എം കൗണ്ടറിലേക്ക് തിരിഞ്ഞത്. രണ്ടിടങ്ങളിൽ നിന്നും പണം മോഷ്ടിക്കാനായില്ല.
എ.ടി.എമ്മിൽ കയറിയ മുഖം മൂടി ധരിച്ച മോഷ്ടാവ് കൈ മഴു ഉപയോഗിച്ച് കൗണ്ടർ വെട്ടിപ്പൊളിക്കാനുള്ള ശ്രമം നടത്തുന്നത് സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. വഴിക്കടവ് ടൗണിലെയും പരിസരങ്ങളിലെയും 50 ഓളം സി.സി.ടി.വി കാമറകൾ പരിശോധിച്ചതിൽ പ്രതിയുടെ മുഖം ഉൾപ്പടെയുള്ള ചിത്രം ലഭിച്ചു. ജില്ല പൊലീസ് മേധാവി ശശിധരന്റെ നിർദേശപ്രകാരം നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. അബ്രഹാം, വഴിക്കടവ് ഇൻസ്പെക്ടർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം ഊർജിതപ്പെടുത്തി. കെ.എസ്.ആർ.ടി.സിയിൽ പ്രതി തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന ലഭിച്ചു. ഗൂഡല്ലൂരിലെത്തിയ പൊലീസ് തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ ഗൂഡല്ലൂർ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്. പ്രതിയെ നിലമ്പൂർ കോടതി റിമാൻഡ് ചെയ്തു.
വഴിക്കടവ് സ്റ്റേഷനിലെ എസ്.ഐ അബൂബക്കർ, എ.എസ്.ഐ അനിൽകുമാർ, പൊലീസ് ഓഫിസർമാരായ അനു മാത്യൂ, കെ. നിജേഷ്, രതീഷ്, അഭിലാഷ്, ആസിഫ്, ഇ.ജി. പ്രദീപ്, വിനീഷ് മാന്തൊടി, പി. വിനു, പി.വി. നിഖിൽ, ഗൂഡല്ലൂർ എസ്.ഐ ഇബ്രാഹിം, പൊലീസുകാരായ പ്രഭാകരൻ, അൻബലാഗൻ, ഷെഫീഖ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.