ആദിവാസി ഭൂസമരം അവശരായവരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടു
text_fieldsനിലമ്പൂര്‍: ഒരു കുടുംബത്തിന് ഒരേക്കറിൽ കുറയാത്ത ഭൂമിയാവശ്യപ്പെട്ട് ആദിവാസികൾ നടത്തുന്ന ഭൂസമരം ഏഴാം ദിവസത്തിലേക്ക് കടന്നു. നിലമ്പൂർ പട്ടികവർഗ ഓഫിസിന് മുന്നിൽ ബിന്ദു വൈലാശ്ശേരിയും അമ്മിണിയുമാണ് നിരാഹാരസമരം അനുഷ്ഠിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം ഇവരെ നിലമ്പൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടു. ആദിവാസികൾ എതിർത്തതോടെ ശ്രമത്തിൽ നിന്ന് പിൻമാറുകയായിരുന്നു. നിലമ്പൂര്‍ തഹസില്‍ദാര്‍ എം.പി. സിന്ധു, പൊലീസ് ഇൻസ്പെക്ടർ പി. വിഷ്ണു, ജില്ല ആശുപത്രി ആര്.എം.ഒ ഡോ. വഹാവുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് സമരക്കാരെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമം നടത്തിയത്. ആവശ്യം അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്നും അതുവരെ ആശുപത്രിയിലേക്ക് മാറ്റാൻ സമ്മതിക്കില്ലെന്നും ആദിവാസികൾ പറഞ്ഞു. ഇതോടെ ആംബുലൻസ് മടക്കിയയച്ചു.
സമരപ്പന്തലിലെത്തി നടത്തിയ പരിശോധനയിൽ നിരാഹാരം ഇരിക്കുന്നവർക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. മേയ് 10നാണ് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ തേടാതെ ആദിവാസികൾ സമരരംഗത്തിറങ്ങിയത്. 2004 ലെ സുപ്രീം കോടതി വിധി നടപ്പാക്കി ഭൂരഹിതരായ മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും ഒരേക്കറിൽ കുറയാത്ത ഭൂമി ഉടൻ വിതരണം ചെയ്യണമെന്നാണ് ആവശ്യം. 19,000 ഹെക്ടർ സ്ഥലം ആദിവാസികൾക്ക് പതിച്ച് നൽകാൻ കണ്ടെത്തിയിട്ടുണ്ടെങ്കിലും പലതും കുത്തകകളുടെ കൈവശമാണെന്നും സമരക്കാർ കുറ്റപ്പെടുത്തി. കഴിഞ്ഞദിവസം സബ് കലക്ടർ ഉൾപ്പെടെ സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും കലക്ടർ സ്ഥലത്തെത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. ബുധനാഴ്ച കലക്ടർ സമരപന്തലിലെത്തി ചർച്ച നടത്തുമെന്ന് പറയുന്നുണ്ടെങ്കിലും സമരക്കാർക്ക് ഉറപ്പ് ലഭിച്ചിട്ടില്ല. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യം പോലുമില്ലാതെയാണ് സ്ത്രികളും കുട്ടികളും ഉൾപ്പടെയുള്ളവർ സമരം നടത്തുന്നത്.
ഭൂമി നൽകാനുള്ള നടപടികൾ അന്തിമഘട്ടത്തിൽ; സമരം അവസാനിപ്പിക്കണം -മന്ത്രി
നിലമ്പൂർ: ഭൂമിയാവശ്യപ്പെട്ട് നിലമ്പൂരിൽ ആദിവാസികൾ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് പട്ടികവർഗ വികസന മന്ത്രി കെ. രാധാകൃഷ്ണൻ. ജില്ലയിലെ ഭൂരഹിതരായ 1,254 പട്ടികവർഗക്കാർക്ക് ഭൂമി നൽകാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ഈ സമയത്ത് ഗുണഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് സമരം നടത്തുകയാണ്. സമരക്കാരിൽ അപേക്ഷ നൽകിയിട്ടുള്ളവർക്കും ഭൂമി ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സമരം നയിക്കുന്ന ബിന്ദുവിനും സഹോദരിക്കും ചാലിയാർ കണ്ണംകുണ്ടിൽ 50 സെന്റ് വീതം ഭൂമിയും വീടും 2021ൽ നൽകിയതാണ്.
2018ലെ പ്രളയ പുനരധിവാസ പദ്ധതി പ്രകാരമാണ് ഇവർക്ക് ഭൂമി നൽകിയത്. ഭൂമിയില്ലാത്ത എല്ലാ പട്ടികവർഗക്കാർക്കും ഭൂമി നൽകുകയെന്നതാണ് സർക്കാർ നയം.
അതിനാൽ ഭൂലഭ്യതയനുസരിച്ച് എല്ലാ പട്ടികവർഗക്കാർക്കും ഭൂമി നൽകും. മലപ്പുറത്ത് ലഭ്യമായ ഭൂമി പരമാവധി പട്ടികവർഗക്കാർക്ക് നൽകുകയാണ്. നിലവിൽ 10 മുതൽ 20 സെന്റ് വരെ അനുവദിക്കും. കൂടുതൽ ഭൂമി ലഭ്യമാകുമ്പോൾ അധികമായി നൽകാൻ ശ്രമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.