മികച്ച അംഗൻവാടിക്കുള്ള പുരസ്കാരം ചക്കാലക്കുത്ത് ചേലശ്ശേരിക്കുന്ന് ഹൈടെക് അംഗൻവാടിക്ക്
text_fieldsനിലമ്പൂർ: സംയോജിത ശിശുവികസന സേവന പദ്ധതിയിൽ സംസ്ഥാനതല അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ നിലമ്പൂരിന് ഇരട്ടി മധുരം. മികച്ച അംഗൻവാടിക്കുള്ള പുരസ്കാരം ചക്കാലക്കുത്ത് ചേലശ്ശേരിക്കുന്ന് ഹൈടെക് അംഗൻവാടിക്ക് ലഭിച്ചു.
മികച്ച വർക്കർക്കുള്ള പുരസ്കാരം ഇതേ അംഗൻവാടിയിലെ കെ.ടി. സുഹ്റ നേടി.
ചേലശ്ശേരിക്കുന്നിൽ 2007 മുതൽ 12 വർഷം അംഗൻവാടി വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചത്. നഗരസഭ കൗൺസിലർ ഡെയ്സി ചാക്കോയുടെ നേതൃത്വത്തിൽ അഗൻവാടി ലെവൽ മോണിറ്ററിങ് ആൻഡ് സപ്പോർട്ടിങ് സമിതി നടത്തിയ ശ്രമങ്ങളാണ് ഉന്നത നിലവാരത്തിലെത്തിച്ചത്. സമിതി വാങ്ങിയ മൂന്ന് സെൻറിൽ നഗരസഭ പദ്ധതിയിൽ 15 ലക്ഷം രൂപ ചെലവഴിച്ച് ഇരുനില കെട്ടിടം നിർമിച്ചു. 2019ൽ വാടകക്കെട്ടിടത്തിൽനിന്ന് മോചനമായി.
ചുമർചിത്രങ്ങളോടുകൂടിയ ശീതീകരിച്ച ശിശുസൗഹൃദ ക്ലാസ് മുറി, പ്രൊജക്ടർ സഹായത്തോടെ പഠനം, ഉല്ലാസത്തിന് പ്രത്യേകം ഹാൾ, കുട്ടികൾക്ക് വിശ്രമിക്കാൻ കിടക്കകൾ, ആധുനിക അടുക്കള എന്നിവ അംഗൻവാടിയുടെ പ്രത്യേകതകളാണ്. പച്ചക്കറി ഉൽപാദനത്തിലും സ്വയംപര്യാപ്തം. മുറ്റത്ത് മഴമറയോടു കൂടി പച്ചക്കറിത്തോട്ടം ഒരുക്കി. കുട്ടികൾക്ക് മുട്ട നൽകാൻ 10 കോഴികളോട് കൂടിയ ഹൈടെക് കൂട്, മാലിന്യ സംസ്കരണ സംവിധാനം, ഔഷധസസ്യത്തോട്ടം എന്നിവയുമുണ്ട്.
സംഘടനകൾ, സ്ഥാപനങ്ങൾ, സുമനസ്സുകൾ എന്നിവർക്കൊപ്പം വനിത ശിശുവികസന വകുപ്പ്, നഗരസഭ എന്നിവയുടെ പൂർണ പിന്തുണയുമാണ് ഉയരങ്ങളിലെത്തിച്ചത്.
ചക്കാലക്കുത്ത് വാർഡിൽ വികസന ക്ഷേമപ്രവർത്തനങ്ങളുടെ സിരാകേന്ദ്രമായി അംഗൻവാടി പ്രവർത്തിക്കുന്നു. ആഴ്ചയിൽ ഒരിക്കൽ സൗജന്യ പ്രമേഹ- രക്ത സമർദ പരിശോധന, എല്ലാ മാസവും വയോമിത്രം മെഡിക്കൽ ക്യാമ്പ് എന്നിവ നടത്തുന്നു. പ്രളയകാലത്ത് ദുരിതാശ്വാസം, ഇപ്പോൾ കോവിഡ് പ്രവർത്തനങ്ങൾ എന്നിവ നടത്തുന്നത് ഇവിടെ കേന്ദ്രീകരിച്ചാണ്.
നിലമ്പൂർ പട്ടരാക്ക കറുത്തേടത്ത് നൗഷാദിെൻറ ഭാര്യയായ സുഹ്റ അംഗൻവാടിയിലെ 35 കുട്ടികൾക്കും പ്രിയപ്പെട്ട അമ്മയാണ്. വനിത, ശിശു വികസന വകുപ്പിെൻറ എല്ലാ സേവനങ്ങളും ഗുണഭോക്താക്കൾക്ക് കൃത്യമായി എത്തിക്കുന്നത് പരിഗണിച്ചാണ് പുരസ്കാരം. നഴ്സിങ് പരിശീലനം നേടിയ സുഹ്റ വാർഡിലെ പാലിയേറ്റിവ് പ്രവർത്തനങ്ങളിലും സജീവമാണ്. നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന കോവിഡ് വാക്സിനേഷൻ ക്യാമ്പുകളിൽ സന്നദ്ധ സേവകയായും പ്രവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.