വ്യവസായിയെ ബന്ദിയാക്കി കവർച്ച; മുഖ്യ സൂത്രധാരനടക്കം അഞ്ചുപേർ അറസ്റ്റിൽ
text_fieldsനിലമ്പൂർ: മുക്കട്ട സ്വദേശിയായ പ്രവാസി വ്യവസായി കൈപ്പഞ്ചേരി ഷൈബിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറി പണവും ലാപ്ടോപ്പും മൊബൈൽ ഫോണും കവർന്ന സംഭവത്തിൽ മുഖ്യ സൂത്രധാരനടക്കം അഞ്ചുപേർ അറസ്റ്റിൽ. വയനാട് സുൽത്താൻ ബത്തേരി സ്വദേശികളായ തങ്ങളകത്ത് നൗഷാദ് എന്ന മോനു (41), ചേനക്കൽ ഷക്കീർ (41), കരിമ്പൻതൊടി സൈറസ് മുഹമ്മദ് (35), കൂളിപിലാക്കൽ നിഷാദ് (33), കടുകത്തൊടി സലീം (36) എന്നിവരെയാണ് നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ പി. വിഷ്ണുവിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
നൗഷാദും ഷക്കീറും സലീമും പരാതിക്കാരന്‍റെ കീഴിലെ ജീവനക്കാരായിരുന്നു. ഇവരെ അകാരണമായി ജോലിയിൽനിന്ന് പിരിച്ചുവിട്ടതും തുടർന്ന് ഇവർ ചോദിച്ച പണം നൽകാത്തതിലുമുള്ള പ്രതികാരമായാണ് നൗഷാദിന്‍റെ നേതൃത്വത്തിൽ കവർച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. നൗഷാദിന്‍റെ ജ്യേഷ്ഠൻ അഷറഫിനെ കഴിഞ്ഞ ദിവസം ബത്തേരിയിലെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു.
ഒളിവിൽ പോയ മറ്റ് പ്രതികൾ 29ന് സെക്രട്ടേറിയറ്റിനു മുന്നിൽ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യഭീഷണി മുഴക്കിയിരുന്നു. കന്‍റോൺമെന്‍റ് പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്ത് നിലമ്പൂർ എസ്.ഐ നവീൻ ഷാജിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന് കൈമാറിയിരുന്നു. ഇവരെ നിലമ്പൂരിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇനി ഒരാളെ കൂടി പിടികിട്ടാനുണ്ട്. നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. അബ്രഹാമിന്‍റെ കീഴിൽ എം. അസൈനാർ, എ.എസ്.ഐമാരായ റെനി ഫിലിപ്പ്, അൻവർ സാദത്ത്, അഭിലാഷ് കൈപ്പിനി, ടി. നിബിൻദാസ്, ജിയോ ജേക്കബ്, ഇ. രജീഷ്, വൈശാഖ് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് തുടരന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.