തന്ത്രങ്ങളും മറു തന്ത്രങ്ങളും; വോട്ടർമാരെ തേടി സ്ഥാനാർഥികൾ തൊഴിലിടങ്ങളിൽ
text_fieldsനിലമ്പൂർ: വോട്ടെടുപ്പ് നാൾ അടുത്തതോടെ തന്ത്രങ്ങളും മറു തന്ത്രങ്ങളുമായി രാഷ്ട്രീയ പാർട്ടികൾ വാർഡ് തോറും സജ്ജീവമായി. പഴുതുകൾ അടച്ചുള്ള പ്രവർത്തനമാണ് നടക്കുന്നത്. തങ്ങളുടെ പക്ഷത്തുള്ള വോട്ടുകൾ ഉറപ്പിക്കുകയെന്ന ആദ്യ കടമ്പയാണ് ഇപ്പോൾ നടക്കുന്നത്. സ്ഥാനാർഥികളോടുള്ള വിരോധം, സീറ്റ് നൽകാത്തതിലുള്ള നീരസം തുടങ്ങി പല കാരണങ്ങളാൽ അകന്നുനിൽക്കുന്നവരെ പാളയത്തിൽ ഉറപ്പിക്കുകയെന്നത് ഓരോ കക്ഷിക്കും ശ്രമകരമായ ദൗത്യമാണ്. ഇതാണ് ഇപ്പോൾ നടന്നുവരുന്നത്. ഉറപ്പിക്കുന്ന വോട്ടുകൾ നിലനിർത്തി പോരുകയെന്നതും ഏറെ ശ്രമകരമാണ്. തങ്ങളുടെ വോട്ടുകൾ ഉറപ്പിച്ച ശേഷമാണ് രണ്ടാംഘട്ടമെന്ന നിലയിൽ മറുചേരിയിൽ നിന്നുള്ള വോട്ടുകൾ സ്വന്തം പെട്ടിയിൽ വീഴ്ത്താനുള്ള തന്ത്രങ്ങളും കുതന്ത്രങ്ങളും പയറ്റുക. സ്ഥാനാർഥിയെ മാറ്റിനിർത്തി ഇത്തരം കുതന്ത്രങ്ങൾ പയറ്റുന്നത് പ്രാദേശിക നേതൃത്വമാണ്. അവസാനഘട്ടത്തിൽ വാർഡിൽ നിറഞ്ഞ സാനിധ്യം ഉറപ്പിക്കുകയെന്നതാണ് സ്ഥാനാർഥികൾക്ക് നൽകുന്ന നിർദേശം. തന്ത്രങ്ങൾ പയറ്റുന്നത് നേതാക്കളും പ്രചരിപ്പിക്കുന്നത് പ്രവർത്തകരുമാണ്. പാളിച്ച പറ്റിയാൽ തിരിച്ചടിക്കുമെന്നതിനാൽ ഇത്തരം പ്രചാരണങ്ങൾക്ക് തെരഞ്ഞെടുക്കുന്നത് വിശ്വസ്തരായ അണികളെയാണ്.
നേരേത്ത സ്ഥാനാർഥിത്വം ഉറപ്പിച്ച ചില വാർഡുകളിൽ അവസാനഘട്ട പ്രവർത്തനത്തിലേക്ക് ചുവടുവെച്ചിട്ടുണ്ട്. ജില്ല പഞ്ചായത്ത് സ്ഥാനാർഥികളുടെ പര്യടനവുമായി ബന്ധപ്പെട്ടുള്ള മൈക്ക് പ്രചാരണം തിങ്കളാഴ്ച മുതൽ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, വാർഡ്തല സ്ഥാനാർഥികളുടെ പ്രചാരണ വാഹനങ്ങൾ നിരത്തിലിറങ്ങിയിട്ടില്ല. വോട്ടർമാരെ ആകർഷിക്കാനുള്ള മനോഹരമായ പാട്ടുകൾ മിനുക്കിയെടുക്കാനുള്ള തിരക്കിലാണ് മുന്നണികൾ. മത്സരം മുറുകുന്നതോടെ ഗ്രാമീണ മേഖലകൾ ഒച്ചപ്പാടിൽ മുങ്ങും.
വോട്ടർമാരെ തേടി സ്ഥാനാർഥികൾ തൊഴിലിടങ്ങളിൽ
കരുവാരകുണ്ട്: കോവിഡ് കാലത്ത് സാമൂഹിക മാധ്യമ പ്രചാരണം ഒരുഭാഗത്ത് പൊടിപൊടിക്കുമ്പോഴും വീടുകൾ കയറിയും ഊടുവഴികൾ താണ്ടിയും സ്ഥാനാർഥികൾ സജീവമായി. മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം സ്ത്രീകൾ, താഴെ തട്ടിലുള്ള തൊഴിലാളികൾ എന്നിവരുൾപ്പെടെ ഭൂരിപക്ഷം വോട്ടർമാരിലുമെത്തുന്നില്ലെന്ന തിരിച്ചറിവാണ് കാരണം.
വേനൽ കടുത്തതോടെ രാവിലെ തന്നെയാണ് വോട്ടുതേടി ഇറങ്ങുന്നത്. തൊഴിലാളികളെ തൊഴിലിടങ്ങളിൽ ചെന്നാണ് കാണുന്നത്. തോട്ടം മേഖലകളിലും മറ്റും ടാപ്പിങ്, നിർമാണ, തൊഴിലുറപ്പ് തൊഴിലാളികളെ നേരിൽ കാണാൻ ഇതുവഴി കഴിയുന്നുണ്ട്. കൂടുതൽ വോട്ടർമാരുള്ള വീടുകളിൽ ഇതിനകം നാലും അഞ്ചും പ്രാവശ്യം സന്ദർശനം നടത്തിയ സ്ഥാനാർഥികളുമുണ്ട്. രാത്രി വീടുകൾ കേന്ദ്രീകരിച്ച് കുടുംബയോഗങ്ങളും സജീവമാണ്. കുടുംബ യോഗങ്ങളിൽ ഗ്രാമപഞ്ചായത്ത്-േബ്ലാക്ക്-ജില്ല പഞ്ചായത്ത് സ്ഥാനാർഥികൾക്ക് ഒരുമിച്ച് പങ്കെടുത്ത് വോട്ട് തേടുകയും ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.