ചാലിയാര്‍ റിവര്‍ പാഡിലിന് ഉജ്ജ്വല തുടക്കം; ആവേശത്തുഴയെറിഞ്ഞ് ചാലിയാർ
text_fieldsനിലമ്പൂര്‍: ഏഷ്യയിലെ രണ്ടാമത്തെ ദീര്‍ഘദൂര കയാക്കിങ് യാത്രയായ ചാലിയാര്‍ റിവര്‍ പാഡിലിന് നിലമ്പൂരില്‍ ഉജ്ജ്വല തുടക്കം. നിലമ്പൂര്‍ മാനവേദന് ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപത്തെ കടവില്‍നിന്ന് വെള്ളിയാഴ്ച വൈകീട്ട് മൂന്നിനാണ് യാത്ര ആരംഭിച്ചത്. പി.വി. അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു.
ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സ് സ്ഥാപകന്‍ കൗഷിക് കോടിത്തൊടിക, മാനേജിങ് ഡയറക്ടര്‍ റിന്‍സി ഇക്ബാല്‍, മുഖ്യപരിശീലകന്‍ പ്രസാദ് തുമ്പാണി, വി.കെ. അക്ഷയ് അശോക്, സുധാകര്‍ ജന തുടങ്ങിയവര്‍ സംസാരിച്ചു.
ഇന്ത്യ, ആസ്ട്രേലിയ, സിംഗപ്പൂര്‍, ജര്‍മനി, യു.കെ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് 20 മുതല്‍ 62 വയസ്സു വരെയുള്ള 50 പേരാണ് യാത്രയില്‍ പങ്കെടുക്കുന്നത്. അഞ്ചു വനിതകളുമുണ്ട്. പ്രായംകൂടിയ വ്യക്തി ജര്‍മന്‍കാരനായ 62കാരന് യോഗ് മേയറാണ്. ചാലിയാറിലൂടെ 68 കിലോമീറ്ററാണ് സഞ്ചരിക്കുക. വെള്ളിയാഴ്ച സംഘം നിലമ്പൂരില്‍നിന്ന് മമ്പാട് വരെ എട്ടു കിലോമീറ്റര്‍ സഞ്ചരിച്ചു. ഓഷ്യന്‍ ഗ്ലോബ് റേസ് പായ്വഞ്ചിയോട്ട മത്സരത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ സെയ്ലിങ് താരം ധന്യ പൈലോയാണ് യാത്ര നയിക്കുന്നത്. ചാലിയാറിനെ സംരക്ഷിക്കാനും ജലസാഹസിക വിനോദത്തെ പ്രോത്സാഹിപ്പിക്കാനുമായി നടത്തുന്ന ദീര്‍ഘദൂര കയാക്കിങ് ബോധവത്കരണ യാത്രയാണ് ചാലിയാര്‍ റിവര്‍ പാഡില്‍. വിവിധ തരം കയാക്കുകളിലും സ്റ്റാൻഡപ് പാഡിലിലും പായ്വഞ്ചിയിലും ചുരുളന്‍ വള്ളത്തിലുമായാണ് മൂന്നു ദിവസത്തെ യാത്ര.
കോഴിക്കോട് കേന്ദ്രമായ ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സ് ക്ലബാണ് യാത്ര സംഘടിപ്പിക്കുന്നത്. ടൂറിസം വകുപ്പ്, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന് സൊസൈറ്റി, കോഴിക്കോട് പാരഗണ്‍ റസ്റ്റാറന്റ്, ഗ്രീന്‍ വേംസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. പത്താം തവണയാണ് ചാലിയാര്‍ റിവര്‍ പാഡിൽ നടത്തുന്നത്.
ലോകതാരങ്ങൾക്കൊപ്പം തുടക്കക്കാർക്കും തുഴയെറിയാം
നിലമ്പൂർ: ലോക കയാക്കിങ് താരങ്ങളോടൊപ്പം തുടക്കക്കാര്‍ക്കും തുഴയെറിയാമെന്നതാണ് ചാലിയാര്‍ റിവര്‍ പാഡിലിന്റെ സവിശേഷത. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് കയാക്കിങ്. മൂന്നു ദിവസംകൊണ്ട് ചാലിയാര്‍ പുഴയില്‍നിന്ന് ഏകദേശം 2000 കിലോഗ്രാം മാലിന്യം ശേഖരിക്കലാണ് ലക്ഷ്യം. പുഴയില്‍നിന്ന് ശേഖരിക്കുന്ന മാലിന്യത്തിന്റെ അളവ് നാട്ടുകാരെയും കുട്ടികളെയും ജനപ്രതിനിധികളെയും ബോധ്യപ്പെടുത്തും. പിന്നീട് ഗ്രീന്‍ വേംസിന്റെ സഹകരണത്തോടെ മാലിന്യം വേര്‍തിരിച്ച് പുനഃചംക്രമണത്തിന് അയക്കും. യാത്രയുടെ ഭാഗമായി ചാലിയാറിന്റെ സമീപ പ്രദേശങ്ങളിലുള്ള വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി നദീസംരക്ഷണ ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും.
നാട്ടുകാര്‍ക്കും കുട്ടികള്‍ക്കും വിവിധ ജലകായിക വിനോദങ്ങള്‍ പരിചയപ്പെടുത്തും. കയാക്കിങ് ബോധവത്കരണ യാത്ര ഞായറാഴ്ച വൈകീട്ട് മൂന്നിന് കോഴിക്കോട് ചെറുവണ്ണൂരിലെ ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സ് ക്ലബില്‍ സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.