ഹരിത കേരളം പദ്ധതിക്ക് പിന്തുണയേകി സഹകരണ വകുപ്പ്; സംസ്ഥാനത്ത് ഈ വർഷം ലക്ഷം മാവിൻതൈകൾ നടും
text_fieldsനിലമ്പൂർ: സംസ്ഥാന സർക്കാറിന്‍റെ ഹരിത കേരളം പദ്ധതിക്ക് പിന്തുണ നൽകി പരിസ്ഥിതി സംരക്ഷണത്തിനായി സഹകരണ വകുപ്പ് ഈ വർഷം ഒരു ലക്ഷം മാവിൻതൈകൾ വെച്ചുപിടിപ്പിക്കും. 'തീം ട്രീസ് ഓഫ് കേരള' എന്ന പദ്ധതിയിലൂടെയാണ് മാവിൻതൈകൾ നടൽ. ലോക പരിസ്ഥിതിദിനമായ ജൂൺ അഞ്ചിന് പദ്ധതി ആരംഭിക്കും. ജൂൺ 30നകം നടീൽ പൂർത്തീകരിക്കും. സഹകരണസംഘങ്ങളുടെ അധീനതയിലുള്ള സ്ഥലത്തും ബന്ധപ്പെട്ട അധികാരികളുടെ അനുമതിയോടെ പൊതുസ്ഥലങ്ങളിലും തൈകൾ നട്ടുപിടിപ്പിക്കും.
തശൂർ വെള്ളാനിക്കര കാർഷിക കോളജ്, തിരുവനന്തപുരം വെള്ളായണി കാർഷിക കോളജ് എന്നിവിടങ്ങളിൽ നിന്നും, കൂടാതെ ഗുണമേന്മയുള്ള മാവിൻതൈകൾ ലഭിക്കുന്ന മറ്റു സ്ഥാപനങ്ങളിൽ നിന്നും തൈകൾ വാങ്ങാം. പൂർണമായും ഹരിത ചട്ടങ്ങളും കോവിഡ് പ്രോട്ടോകോളും പാലിച്ചാവും പദ്ധതി നടത്തിപ്പ്. പ്രചാരണത്തിനായി ഉപയോഗിക്കുന്ന ഫ്ലക്സുകളും ബാനറുകളും മറ്റു പരസ‍്യമാർഗങ്ങളും പ്രകൃതി സൗഹൃദകരമാവും. സംസ്ഥാന, ജില്ല, താലൂക്ക് തലങ്ങളിൽ ഉദ്ഘാടന ചടങ്ങുകൾ സംഘടിപ്പിക്കും. നടത്തിപ്പിന് സംഘങ്ങളുടെ പൊതുനന്മ ഫണ്ടിൽ നിന്ന് പതിനായിരം രൂപവരെ ചെലവഴിക്കാം.
പൊതുനന്മ ഫണ്ട് ഇല്ലാത്ത സംഘങ്ങൾക്ക് 5000 രൂപവരെ ജനറൽ ഫണ്ടിൽ നിന്നും വിനിയോഗിക്കാം. ജില്ലതലത്തിൽ പദ്ധതിയുടെ ഏകോപനവും അവലോകനവും നടത്തുന്നതിന് ജില്ല ജോയന്‍റ് രജിസ്ട്രാർമാരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപവത്കരിച്ച് പുരോഗതി റിപ്പോർട്ട് ജൂലൈ 31നകം സഹകരണ സംഘം രജിസ്ട്രാർ ഓഫിസിൽ സമർപ്പിക്കണം. ജില്ലകളിൽ നട്ടുപിടിപ്പിക്കേണ്ട വൃക്ഷത്തൈകളുടെ എണ്ണം രേഖപ്പെടുത്തിയ പട്ടിക എല്ലാ ജോയന്‍റ് രജിസ്ട്രാർമാർക്കും അയച്ചിട്ടുണ്ട്.
തിരുവനന്തപുരം -5000, കൊല്ലം -8000, പത്തനംതിട്ട -7000, ആലപ്പുഴ -5000, കോട്ടയം -7000, ഇടുക്കി -4000, എറണാകുളം -8000, തശൂർ -7000, പാലക്കാട് -8000, മലപ്പുറം -9000, കോഴിക്കോട് -9000, വയനാട് -3000, കണ്ണൂർ -10,000, കാസർകോട് -10,000 എന്നിങ്ങനെയാണ് വൃക്ഷത്തൈകൾ നടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.