കോവിഡ്: തമിഴ്നാട് പരിശോധന വീണ്ടും കർശനമാക്കി
text_fieldsനിലമ്പൂർ: മൂന്നു മാസത്തെ ഇടവേളക്കു ശേഷം തമിഴ്നാട് സംസ്ഥാന അതിർത്തികളിൽ വീണ്ടും പരിശോധന കർശനമാക്കി. രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളിലെ ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമേ തമിഴ്നാട്ടിലേക്ക് കടത്തിവിടുന്നുള്ളൂ. കോവിഡ് കേസുകൾ കുറഞ്ഞതോടെ ഒക്ടോബർ മുതൽ നാടുകാണി അതിർത്തിയിൽ അന്തർസംസ്ഥാന പാതയിൽ പരിശോധന ലഘൂകരിച്ചിരുന്നു.
വ്യാഴാഴ്ച മുതൽ പരിശോധന വീണ്ടും കർശനമാക്കി. ഞായറാഴ്ച തമിഴ്നാട്ടിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുമുണ്ട്.
ശനിയാഴ്ച രാത്രി 10 മുതൽ തിങ്കളാഴ്ച പുലർച്ച അഞ്ച് വരെയാണ് ലോക്ഡൗൺ. അത്യാവശ്യ സർവിസുകൾ മാത്രമാണ് അനുവദിക്കുക. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായുള്ള മറ്റ് ഉപാധികളും കർശനമാക്കും. കർണാടക ഒരാഴ്ചമുമ്പുതന്നെ കർശന നിയന്ത്രണം പുനഃസ്ഥാപിച്ചിരുന്നു.
തമിഴ്നാട് അതിർത്തിയായ കക്കനഹള്ള ചെക്ക്പോസ്റ്റിൽ കർണാടക കർശനപരിശോധനക്കു ശേഷം മാത്രമാണ് യാത്രക്കാരെ കടത്തിവിടുന്നത്. 72 മണിക്കൂറിനുള്ളിലെ ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമാണ് കർണാടകയിലേക്ക് പ്രവേശനം അനുവദിക്കുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.