മറുനാടൻ പാലിനെതിരെ ക്ഷീര കർഷക കൂട്ടായ്മ
text_fieldsനിലമ്പൂർ: മറുനാടൻ പാലിനെതിരെ ക്ഷീരകർഷകരും മിൽമയും ചേർന്ന് നിലമ്പൂരിൽ കൂട്ടായ്മ സംഘടിപ്പിച്ചു. വ‍്യാജ ലേബലിൽ ഇറങ്ങുന്ന പാലിനെതിരെയും ഗുണമേന്മ കുറഞ്ഞ ഇറക്കുമതി പാൽ ഉൽപനങ്ങളെ കുറിച്ചും ഉപഭോക്താക്കളെ ബോധവത്കരിക്കുന്നതിനായാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. മിൽമയുടെ ഉൽപനങ്ങളുടെ പ്രദർശനവും വിപണനവും ഇതോടൊപ്പം സംഘടിപ്പിച്ചു. മിൽമ ഡയറക്ടർ ടി.പി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. മിൽമ മലബാർ മേഖല യൂനിയൻ ജില്ല ഡയറക്ടർ സുധാമണി അധ‍്യക്ഷത വഹിച്ചു. മലബാർ മേഖല യൂനിയൻ ജില്ല പി ആൻഡ് ഐ വിഭാഗം മേധാവി സി.എ. പുഷ്പരാജൻ, കാരക്കോട് ക്ഷീര സംഘം പ്രസിഡൻറ് ബാബു ശ്രീധരൻ, വിവിധ ക്ഷീര സംഘം പ്രസിഡൻറുമാർ, സെക്രട്ടറിമാർ തുടങ്ങിയവർ സംസാരിച്ചു.
ഇറക്കുമതി പാലുകളുടെ വിപണനം: ക്ഷീര കർഷകർക്ക് ഭീഷണി
നിലമ്പൂർ: അയൽ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള പാൽ ഇറക്കുമതി സ്വദേശി ക്ഷീര കർഷകർക്ക് ഭീഷണിയാവുന്നു. മലബാറിൽ പാൽ സംഭരണം ഉപഭോഗത്തിനെക്കാളും അധികമായിരിക്കുമ്പോൾ അയൽസംസ്ഥാനങ്ങളിൽനിന്ന് ഗുണനിലവാരം കുറഞ്ഞ പാൽ വില കുറച്ച് ഇവിടെ വിൽപന നടത്തുന്നതാണ് തിരിച്ചടിയാകുന്നത്. ഏജൻറുമാർക്കും വ‍്യാപാര സ്ഥാപനങ്ങൾക്കും അധിക കമീഷൻ നൽകിയാണ് ഇറക്കുമതി പാൽ വിപണികളിൽ സുലഭമായിരിക്കുന്നത്. കേരളത്തിൽനിന്ന് സംഭരിക്കുന്ന പാൽ വിറ്റഴിക്കാതിരിക്കുകയും എന്നാൽ അയൽസംസ്ഥാനങ്ങളിൽനിന്ന് വരുന്ന പാൽ വിറ്റഴിക്കപ്പെടുകയും ചെയ്യുന്നതോടെ സ്വദേശികളായ കർഷകർ പ്രതിസന്ധിയിലാകുകയാണ്.
മലബാർ മേഖലയിൽ ക്ഷീരോൽപാദക യൂനിയെൻറ പാൽ സംഭരണം ദിനംപ്രതി ശരാശരി ഏഴ് ലക്ഷം ലിറ്റർ കടന്നിരിക്കുകയാണ്. മലബാർ മേഖലയിൽ പാൽ വിപണനം 4,65,000 ലിറ്റർ മാത്രമാണ്. ഒരു ലക്ഷം ലിറ്റർ പാൽ എറണാകുളം, തിരുവനന്തപുരം മേഖലകളിലേക്കും നൽകുന്നു. ബാക്കി വരുന്ന 1.35 ലക്ഷം ലിറ്റർ തമിഴ്നാട്ടിലെ സേലത്തും പൊള്ളാച്ചിയിലും കൊണ്ടുപോയി പൗഡറാക്കി സൂക്ഷിക്കുകയാണ്. ഇറക്കുമതിയുള്ള പാൽ ഉൽപന്നങ്ങളിൽ പലതും ഭക്ഷ‍്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കപ്പെടാത്തതും ചിലത് വ‍്യാജവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.