പാലം വാഗ്ദാനങ്ങളിൽ മുങ്ങി ആദിവാസികൾക്ക് ചങ്ങാടം തന്നെ ശരണം
text_fieldsനിലമ്പൂർ: 2018 ലെ പ്രളയത്തിൽ പൂർണമായി തകർന്ന പാലത്തിന്റെ പുനർനിർമാണം ഈ വർഷവും നടന്നില്ല. ഈ മഴക്കാലത്തും ആദിവാസി കുടുംബങ്ങൾക്ക് പുന്നപ്പുഴ കടക്കാൻ പുഞ്ചക്കൊല്ലി കടവ് കടക്കാൻ മുളകൊണ്ടുള്ള ചങ്ങാടം തന്നെ ശരണം. വനം വകുപ്പിന്റെ അനുമതിയോടെ നാടുകാണി ചുരത്തിൽ നിന്നും മുളവെട്ടി ചങ്ങാടം നിർമാണത്തിനുള്ള ഒരുക്കത്തിലാണ് ആദിവാസികൾ. പുഞ്ചക്കൊല്ലി പ്ലാന്റേഷൻ കോർപറേഷന്റെയും വനം വകുപ്പിന്റെയും സാമ്പത്തിക സഹായത്തോടെ പുഞ്ചക്കൊല്ലി ഊര് മൂപ്പൻ കോട്ട ചാത്തന്റെ നേതൃത്വത്തിൽ ചങ്ങാടത്തിന്റെ പണി തുടങ്ങി. പുറമെയുള്ള ഈന്തൻകുഴിയൻ മുഹമ്മദാലി, ഗുഡ്സ് ജീപ്പ് ഡ്രൈവർ ജയൻ എന്നിവരും സഹായത്തിനുണ്ട്.
കോൺക്രീറ്റ് നടപ്പാലമാണ് പുഞ്ചക്കൊല്ലി കടവിൽ ഉണ്ടായിരുന്നത്. പുഞ്ചക്കൊല്ലി റബർ പ്ലാന്റേഷൻ കോർപറേഷൻ പതിറ്റാണ്ടുകൾക്ക് മുമ്പ് തൊഴിലാളികൾക്ക് പോയി വരാനാണ് പാലം നിർമിച്ചത്. പുഞ്ചക്കൊല്ലി, അളക്കൽ കോളനികളിലെ ആദിവാസി കുടുംബങ്ങളും ഈ പാലമാണ് ഉപയോഗിച്ചിരുന്നത്. പുറംലോകവുമായി ബന്ധപ്പെടാൻ കോളനിക്കാരുടെ ഏക ആശ്രയമായിരുന്നു ഇത്. പാലം തകർന്നതോടെ ആദിവാസികൾ തന്നെ മുളകൊണ്ട് കെട്ടിയുണ്ടാക്കുന്ന താൽക്കാലിക ചങ്ങാടത്തിലാണ് പുന്നപ്പുഴ കടക്കുന്നത്. മഴക്കാലത്ത് മഴവെള്ളപ്പാച്ചിലിൽ കുത്തിയൊലിക്കുന്ന പുഴയിലൂടെ കൈക്കുഞ്ഞുങ്ങളും രോഗികളും ഗർഭിണികളും ഉൾപ്പെടെയുള്ളവരുടെ യാത്ര ഏറെ അപകടം പിടിച്ചതാണ്.
പുഞ്ചക്കൊല്ലിയിൽ 65ഉം അളക്കല്ലിൽ 36 ഉം കുടുംബങ്ങളാണുള്ളത്. ഇവർക്ക് റേഷൻ കടയിൽ പോവാനും വൈദ്യസഹായം ലഭിക്കുന്നതിനു പോലും പുഴ കടക്കണം. പാലം പുനർനിർമിക്കുന്നതിന് ലക്ഷങ്ങളുടെ എസ്റ്റിമേറ്റ് തയാറാക്കി സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. പാലം ഇന്നുവരും നാളെ വരുമെന്ന് പറയുകയല്ലാതെ വർഷങ്ങൾ കഴിഞ്ഞിട്ടും പ്രതീക്ഷക്കൊത്ത നടപടികളില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.