വനത്തിനകത്തെ ഊരുകളിലെ കുട്ടികളെ വിവിധ വകുപ്പുകൾ ചേർന്ന് സ്കൂളിലെത്തിക്കും
text_fieldsനിലമ്പൂർ: തിങ്കളാഴ്ച പൂർണതോതിൽ സ്കൂളുകൾ തുറക്കുന്നതിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ നിലമ്പൂർ ഉപജില്ലയിലെ ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. വിദ്യാർഥികളെ സ്കൂളുകളിൽ എത്തിക്കാൻ വിവിധ വകുപ്പുകൾ നടത്തിയ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. വനത്തിനുള്ളിലെ ഊരുകളിൽനിന്ന് കുട്ടികളെ സ്കൂളിൽ എത്തിക്കാൻ ഐ.ടി.ഡി.പി, പൊലീസ്, വനം, ജനമൈത്രി എക്സൈസ്, സമഗ്ര ശിക്ഷ കേരള തുടങ്ങിയ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തീരുമാനിച്ചു.
യോഗം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം ഉദ്ഘാടനം ചെയ്തു. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി അധ്യക്ഷത വഹിച്ചു. എ.ഇ.ഒ ടി.പി. മോഹൻദാസ് സ്വാഗതവും ബി.പി.സി എം. മനോജ് കുമാർ നന്ദിയും പറഞ്ഞു.
നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. എബ്രഹാം, നിലമ്പൂർ ജെ.ആർ.ടി.ഒ കെ.വി. രഘു, ഐ.ടി.ഡി.പി ജില്ല പ്രോജക്ട് ഓഫിസർ ശ്രീകുമാരൻ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രദീപ് കുമാർ, ഹെൽത്ത് സൂപ്പർവൈസർ ജലീൽ എരഞ്ഞിക്കൽ, ഡയറ്റ് സീനിയർ ഫാക്കൽറ്റി ഇ.കെ. നിഷ എന്നിവർ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എൻ.എ. കരീം, ജില്ല പഞ്ചായത്ത് അംഗം അഡ്വ. ഷെറോണ റോയ്, നിലമ്പൂർ ഉപജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷർ, ബ്ലോക്ക് പഞ്ചായത്ത് മെംബർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.