കാടെവിടെ... നാടെവിടെ; ആനക്കെന്ത് അതിർത്തി
text_fieldsനിലമ്പൂർ: മലയോരമേഖലയിൽ കാടെന്നോ നാടെന്നോ തിരിച്ചറിയാൻ പ്രയാസമാണ്. കാട്ടുമൃഗങ്ങൾക്കാവട്ടെ അവരുടെ മുന്നിൽ അതിർത്തികളില്ല. മലയോരമേഖലയിൽ കാടും നാടും തിരിച്ചറിയാൻ മൃഗങ്ങൾക്കെന്നല്ല മനുഷ്യർക്കു പോലും ആവില്ല. വനാതിർത്തികളിൽ പ്രതിരോധമാർഗങ്ങൾ നടപ്പാക്കുകയേ പോംവഴിയുള്ളൂ. നേരത്തേ വനംവകുപ്പ് വനാതിർത്തികളിൽ നിർമിച്ച കിടങ്ങുകൾ ഫലപ്രദമായിരുന്നെങ്കിലും ശക്തമായ മഴയിൽ അരിക് ഇടിഞ്ഞ് ഒന്നോ രണ്ടോ വർഷങ്ങൾക്കിടയിൽ കിടങ്ങുകൾ തകരുന്ന അവസ്ഥയാണ് ഇപ്പോൾ.
കിടങ്ങുകളുടെ അരിക് കോൺക്രീറ്റ് ചെയ്യുകയോ കരിങ്കല്ലുകൊണ്ട് കെട്ടി സംരക്ഷിക്കുകയോ ചെയ്യണമെന്ന കർഷകരുടെ ആവശ്യം നടപ്പായതുമില്ല. ഇതിന് ഭാരിച്ച മുതൽമുടക്ക് വേണ്ടിവരുമെന്നാണ് വനംവകുപ്പ് പറയുന്നത്. എന്നാൽ, കാട്ടാന കൃഷിനാശത്തിനും ആക്രമണത്തിനും ഓരോ വർഷവും വനംവകുപ്പ് നൽകുന്ന കോടികളുണ്ടെങ്കിൽ ഇത്തരം പ്രവൃത്തികൾ ചെയ്യാവുന്നതാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ആനപ്പേടിയിൽ നഗരഹൃദയഭാഗത്തുള്ളവർക്കു പോലും നേരം ഇരുട്ടിയാൽ പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണുള്ളത്. ആനസഞ്ചാരപാതകൾ അടഞ്ഞതും കാട്ടാനകളെ ജനവാസ കേന്ദ്രത്തിലെത്തിക്കുന്നുണ്ട്. കേരള, തമിഴ്നാട് അതിർത്തി പങ്കിടുന്ന നാടുകാണി ചുരത്തിൽ വഴിക്കടവ് ആനമറി മുതൽ ബോർഡർവരെ പതിനൊന്നര കിലോമീറ്ററിൽ 48 ആനസഞ്ചാര പാതകളുണ്ടായിരുന്നു. അതിർത്തിവനമായതുകൊണ്ട് ചുരം കാട്ടാനകളുടെ വിഹാരകേന്ദ്രമാണ്. ഈ പാതകൾ വഴിയാണ് കാട്ടാനകൾ കൂട്ടമായി ചുരം റോഡ് എളുപ്പത്തിൽ മുറിച്ചുകടന്ന് ഇതര സംസ്ഥാനത്തെ കാടുകളിലേക്ക് പോക്കുവരവ് നടത്തിയിരുന്നത്. നാടുകാണി -പരപ്പനങ്ങാടി പാത നവീകരണവുമായി ബന്ധപ്പെട്ട് ചുരം റോഡ് വീതികൂടിയതോടെ ആനസഞ്ചാരപാതകൾ മിക്കതും അടഞ്ഞു.
നവീകരിച്ച റോഡിന്റെ ഇരുഭാഗങ്ങളിലും രണ്ടര മീറ്റർ ഉയരത്തിൽ സംരക്ഷണ ഭിത്തികൾ നിർമിച്ചു. പോത്തുംകുഴി, തകരപ്പാടി, അമ്പലമുക്ക്, ആശാരിപ്പാറ, ഓടപ്പാലം, ജാറം, ഓടപ്പാലം ഞാവൽ, കാട്ടിപ്പാറ കൂപ്പ് റോഡ്, വെറ്റില വളവ് എന്നിവയാണ് ചുരത്തിലെ പ്രധാനപ്പെട്ട 10 ആനസഞ്ചാര പാതകൾ. ഇവയും മറ്റു ചിലതും തുറന്നിട്ടിട്ടുണ്ടെങ്കിലും റോഡ് ഉയർന്നതോടെ മറ്റിടങ്ങളിലുള്ള സഞ്ചാരപാത അടഞ്ഞു. തുറന്നിട്ട സഞ്ചാരപാതയിലൂടെ റോഡിലേക്ക് ഇറങ്ങുന്ന ആനക്കൂട്ടതിന് മറ്റിടങ്ങളിലൂടെ എളുപ്പത്തിൽ മറുഭാഗത്തെ കാട് കയറാനാവുന്നില്ല. ഇത് പലപ്പോഴും ആനകളും മനുഷ്യരും തമ്മിലുള്ള സംഘർഷത്തിലെത്തുന്നു. 2018ഓടെ നീലഗിരി ജൈവമണ്ഡലത്തിലെ മുളങ്കാടുകൾ കതിരിട്ട് നശിച്ചതോടെ അവശേഷിക്കുന്ന കുറച്ച് മുളങ്കാടുകൾ നാടുകാണി ചുരം റോഡരികിലാണുള്ളത്. ഇവ തിന്നാനായി എപ്പോഴും ആനക്കൂട്ടം പാതയരികിലും റോഡിലുമായുണ്ടാവും. ഈ ഭാഗത്തുള്ള സഞ്ചാരപാതകളും അടഞ്ഞുകിടക്കുകയാണ്. ചെറിയകുറുക്ക്, ജാറത്തിന് സമീപം രണ്ടാംതാര, ബിരാക്ക റോഡ് താഴെ ഭാഗം, വ്യൂ പോയന്റ് എന്നിവിടങ്ങളിലെ പ്രധാന സഞ്ചാരപാതകളെന്ന് പറയാവുന്നതെല്ലാം അടഞ്ഞുകിടക്കുകയാണ്.
നാലു തലമുറകൾ സഞ്ചരിച്ച പാതയിലൂടെ ആനകൾ സ്ഥിരമായി പോക്കുവരവ് നടത്തുമെന്നാണ് വിദഗ്ധരുടെ പക്ഷം. ചുരത്തിലെ സഞ്ചാരപാതകളിൽ വനംവകുപ്പ് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, സഞ്ചാരപാതകൾ നന്നാക്കിയെടുത്ത് ആനകൾക്ക് എളുപ്പത്തിൽ കാട് കയറാനുള്ള പദ്ധതിയാണ് ഒരുക്കേണ്ടതെന്ന് ആനപഠന വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ദേ ആന...!
കൊടും വളവുകളും തിരിവുകളുമുള്ള ചുരം പാതയിൽ മുന്നിലെത്തിയ ശേഷമാണ് റോഡിലുള്ള ആനകളെ വാഹനയാത്രക്കാർ കാണുക. ഇത് വലിയ അപകടങ്ങൾക്ക് കാരണമാവുന്നുണ്ട്. പെട്ടെന്ന് ആനയെ കണ്ട് പേടിച്ച് നിയന്ത്രണംവിട്ട് വാഹനം അപകടത്തിൽപ്പെടുന്നു. വാഹനത്തിൽനിന്ന് ഇറങ്ങി ഓടുന്നതിനിടയിലും പരിക്ക് പറ്റുന്നു. വിഭ്രാന്തിപിടിച്ച് ആനയും പ്രതിരോധത്തിനും ആക്രമണത്തിനും മുതിരുന്നു. അടുത്ത ദിവസങ്ങളിലായി ഏതാനും വാഹനങ്ങൾക്കു നേരെ ചുരത്തിൽ കാട്ടാനകളുടെ പരാക്രമം ഉണ്ടായി. മൊബൈൽ ഫോണിൽ അടുത്ത് ഫോട്ടോയിൽ കിട്ടുന്നതിനു വേണ്ടി യാത്രക്കാർ ഒച്ചയിട്ടും മറ്റും ആനയെ പ്രകോപിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത് ഏറെ അപകടങ്ങൾക്ക് ഇടവരുത്തുന്നു. കലിപൂണ്ട ആന മറ്റു വാഹനങ്ങൾക്കു നേരെയും പാഞ്ഞടുക്കുന്നു.
കാട്ടാനകൾ ചക്കപ്രിയർ
ഇഷ്ടഭോജ്യമായ ചക്ക തേടിയാണ് നാട്ടിൻപുറങ്ങളിലേക്ക് കാട്ടാനകൾ മിക്കപ്പോഴും എത്തുന്നത്. 30 മീറ്റർ ദൂരത്തേക്കാണ് ആനയുടെ ശരിയായ കാഴ്ചയെന്നാണ് പഠനങ്ങളിൽ പറയുന്നത്. മണം പിടിക്കാനുള്ള ആനകളുടെ കഴിവ് അപാരമാണ്. പഴുത്ത ചക്കയുടെ മണം പിടിച്ച് നിലമ്പൂർ ടൗണിൽ വരെ കാട്ടാന എത്തി. അന്തർസംസ്ഥാന പാതയായ കെ.എൻ.ജി റോഡിൽ കനോലി പ്ലോട്ടിന് ചേർന്ന് പത്തിലധികം തവണ കാട്ടാനകളിറങ്ങി. അടുത്തിടെയാണ് കാട്ടാനകൾ നിലമ്പൂർ നഗരമധ്യത്തിൽ പട്ടാപ്പക്കൽ പോലും എത്തിത്തുടങ്ങിയത്. കൃഷിയിടങ്ങൾ മാത്രമല്ല, മതിലുകൾ വരെ തകർത്താണ് വിളയാട്ടം.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.