നാടുകാണി ചുരം റോഡിൽ കാട്ടാനക്കൂട്ടം
text_fieldsനിലമ്പൂർ: നാടുകാണി ചുരം റോഡിൽ കൊമ്പൻ ഉൾെപ്പടെയുള്ള നാലംഗ കാട്ടാനക്കൂട്ടം യാത്രക്കാർക്ക് ഭീഷണിയാകുന്നു. യാത്രക്കാർക്ക് നേരെ ഇതുവരെ കാട്ടാനക്കൂട്ടം ആക്രമണത്തിന് മുതിർന്നിട്ടില്ലെങ്കിലും ആനക്കൂട്ടത്തെ കണ്ടുപേടിച്ച് വാഹനങ്ങൾ നിയന്ത്രണംവിട്ടും മറ്റും അപകടങ്ങൾ ഉണ്ടാവുന്നുണ്ട്. കൊടും വളവുകളും തിരിവുകളുമുള്ള ചുരം റോഡിൽ മുന്നിലെത്തിയ ശേഷമാണ് യാത്രക്കാർ പലപ്പോഴും കാട്ടാനക്കൂട്ടത്തെ കാണുന്നത്. ഇതോടെ പേടിച്ച് വാഹനങ്ങൾ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയാണ്.
മഴക്കാലമായതോടെ ചുരം റോഡരികിൽ പൊന്തക്കാടുകൾ വളർന്നു നിൽക്കുന്നതും റോഡരികിൽ തീറ്റതേടുന്ന കാട്ടാനക്കൂട്ടത്തെ കാണാതിരിക്കാൻ ഇടയാക്കുന്നുണ്ട്. കാട്ടാനകൾ സ്ഥിരമായിറങ്ങുന്നയിടങ്ങളിൽ വനം വകുപ്പ് സ്ഥാപിച്ച കാട്ടാന മുന്നറിയിപ്പ് ബോർഡുകളും പൊന്തക്കാട്ടിൽ മറഞ്ഞിരിക്കുകയാണ്. രാപകൽ ഭേദമില്ലാതെ കൊമ്പനുൾെപ്പടെയുള്ള കാട്ടാനക്കൂട്ടം റോഡരികിലായി തീറ്റതേടി നടക്കുന്നുണ്ട്.
സംഘത്തിൽ കുട്ടിയാനയുമുണ്ട്. കുട്ടിയാന ഒപ്പമുള്ളതുകൊണ്ട് യാത്രക്കാർ ഏറെ കരുതേണ്ടതുണ്ട്. കുട്ടിയെ സംരക്ഷിക്കാൻ ആനകൾ യാത്രക്കാർക്ക് നേരെ പാഞ്ഞടുക്കാൻ സാധ്യതയുണ്ട്. നാടുകാണി-പരപ്പനങ്ങാടി പാത നവീകരണത്തിന് ശേഷം ചുരത്തിലെ ആനസഞ്ചാര വഴികൾ മിക്കതും അടഞ്ഞതും ഭീഷണിയാണ്. റോഡിലേക്കിറങ്ങുന്ന ആനക്കൂട്ടത്തിന് എളുപ്പത്തിൽ റോഡിന് ഇരുഭാഗങ്ങളിലേക്കുമുള്ള കാടുകൾ കയറാൻ കഴിയുന്നില്ല.
സ്ഥിരമായി ആനകൾ പോക്കുവരവ് നടത്തുന്ന ചുരത്തിലെ മിക്ക ആനസഞ്ചാര പാതകളും അടഞ്ഞുകിടക്കുകയാണ്. സംരക്ഷണഭിത്തിയും ഇരുമ്പുവേലിയും കൊണ്ട് റോഡരിക് അടച്ചിരിക്കുകയാണ്. റോഡിലിറങ്ങുന്ന ആനകൾക്ക് ഇതുമൂലം എളുപ്പത്തിൽ കാട് കയറാനാവുന്നില്ല. ചില ഭാഗങ്ങളിൽ റോഡിലൂടെ ഏറെ ദൂരം നടന്നശേഷം മാത്രമെ ആനകൾക്ക് കാടുകയറാൻ വഴിയുള്ളു.
കാട് കയറാനാവാതെ ആനകൾ റോഡിലൂടെ നടക്കുന്നത് ഏറെ അപകടങ്ങൾക്ക് കാരണമാവുന്നുണ്ട്. യാത്രക്കാർ ഉപേക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും റോഡരികിലേക്ക് കാട്ടാനക്കൂട്ടത്തെ ആകർഷിക്കാൻ കാരണമാവുന്നുണ്ട്. ചുരത്തിലെ മാലിന്യം നീക്കാനും മാലിന്യം തള്ളുന്നവരെ നിരീക്ഷിക്കാനും മുൻകാലങ്ങളിൽ വനം വകുപ്പ് ചുരത്തിൽ താൽക്കാലിക വാച്ചർമാരെ നിയമിച്ചിരുന്നു. അടുത്ത കാലത്താണ് അവരെ പിൻവലിച്ചത്.
കാട്ടാനകളെ പ്രകോപിപ്പിക്കരുത്
നിലമ്പൂർ: ചുരം വഴിയുള്ള യാത്രക്കാർ കാട്ടാനക്കൂട്ടത്തെ പ്രകോപിപ്പിക്കരുതെന്ന് വനം വകുപ്പ്. ഫോട്ടോ എടുക്കുന്നതിനും മറ്റും ആനക്കൂട്ടത്തിന്റെ അടുത്ത് വാഹനം നിർത്തുന്നത് വലിയ അപകടങ്ങൾക്ക് ഇടയാക്കും.
ആനക്കൂട്ടത്തിന്റെ നല്ല ഫോട്ടോ കിട്ടുന്നതിന് ബഹളം വെച്ചും ഹോണടിച്ചും വിരളിപിടിപ്പിക്കാനും ചിലർ ശ്രമിക്കുന്നുണ്ട്. ചുരത്തിൽ വനം വകുപ്പ് സ്ഥാപിച്ച കാമറകളിൽ ഇത്തരം ദൃശ്യങ്ങളുണ്ട്. ചുരത്തിൽ ഇപ്പോൾ കാണുന്ന കൊമ്പനുൾപ്പെട്ട സംഘം ഉപദ്രവകാരികളല്ല. എന്നാൽ, പ്രകോപിപ്പിച്ചാൽ ഇവ അക്രമസ്വഭാവം കാണിക്കാനിടയുണ്ട്.
ചുരത്തിൽ ആനകളുടെ ഫോട്ടോ എടുക്കുന്നതും മറ്റും കർശനമായി തടയും. ഇത്തരക്കാർക്കെതിരെ വനം നിയമപ്രകാരം കേസെടുക്കും. ചുരം വഴിയുള്ള യാത്രക്കാർ ഏറെ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.