കടയിൽ നിന്ന് ലക്ഷങ്ങൾ അടിച്ചെടുത്ത് മുങ്ങിയ ശേഷം കോടതിയിൽ ഹാജരായ ജീവനക്കാരൻ റിമാൻഡിൽ
text_fieldsനിലമ്പൂർ: കടയിൽനിന്ന് ലക്ഷങ്ങൾ അടിച്ചുമാറ്റി മുങ്ങിയ കടയിലെ ജീവനക്കാരൻ റിമാൻഡിൽ. ഒളിവിൽ കഴിഞ്ഞ് ജില്ല കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ച് പരാജയപ്പെട്ടതോടെയാണ് പ്രതി നിലമ്പൂർ കോടതിയിൽ കീഴടങ്ങിയത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.
മമ്പാട് തോട്ടിൻക്കര കളത്തിങ്ങൽ അമീൻ നസ്വീഹാണ് (28) റിമാൻഡിലായത്. മമ്പാട് സ്വദേശി തച്ചങ്ങോടൻ സബീറലിയുടെ മമ്പാട് ടൗണിലെ ഡിജിറ്റൽ വേൾഡ് എന്ന സ്ഥാപനത്തിൽ നിന്നാണ് പണം തട്ടിയെടുത്തത്. 2017 മുതൽ പ്രതി സ്ഥാപനത്തിലെ ജീവനക്കാരനാണ്.
വിശ്വസ്തനായതോടെ പണം ഇടപാട് നടത്തുന്നതിന് സ്ഥാപന ഉടമ പാസ് വേഡും മറ്റു വിവരങ്ങളും പ്രതിക്ക് കൈമാറുകയായിരുന്നു. ബാങ്ക് ഇടപാടും മറ്റു സർവിസുകളും ഏൽപിച്ചു. അന്തർസംസ്ഥാന തൊഴിലാളികൾ വരെ പണം ട്രാൻസ്ഫർ ചെയ്യാൻ സ്ഥാപനത്തെ ഏൽപിച്ചിരുന്നു. പണം ലഭിച്ചില്ലെന്ന് പല അന്തർസംസ്ഥാന തൊഴിലാളികളും അടുത്തിടെ പരാതി പറയാൻ തുടങ്ങിയതോടെയാണ് ഉടമ ബാങ്ക് അക്കൗണ്ടും മറ്റു രേഖകളും പരിശോധിച്ചത്.
12 ലക്ഷത്തോളം രൂപ അക്കൗണ്ടിലെത്തിയിട്ടില്ലെന്ന് ബോധ്യപ്പെട്ടതോടെ ഉടമ നൽകിയ പരാതിയിൽ കഴിഞ്ഞ മാസം 22ന് നിലമ്പൂർ പൊലീസ് കേസെടുത്തു. ഇതോടെ പ്രതി ഒളിവിൽ പോവുകയായിരുന്നു. ഒളിവിൽ കഴിയുന്നതിനിടെ തനിക്ക് ശബളം നൽകിയില്ലെന്ന് കാണിച്ച് പ്രതി ഓൺലൈൻ വഴിയും തപാൽ മുഖേനയും സ്ഥാപന ഉടമക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. നേരിൽ പരാതി ബോധിപ്പിക്കാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും തയാറായില്ല.
സൈബർ സെല്ലിെൻറ സഹായത്തോടെ അന്വേഷണം ഊർജിതമാക്കുന്നതിനിടെയാണ് പ്രതി കോടതിയിൽ നേരിട്ട് ഹാജരായത്. തട്ടിയെടുത്ത പണം ഉപയോഗിച്ച് ആഡംബരമായാണ് ജീവിച്ചിരുന്നതെന്നും കാറും ബൈക്കുകളും ഭൂമിയും പ്രതി വാങ്ങിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. തുടർ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് ഇൻസ്പെക്ടർ ടി.എസ്. ബിനു പറഞ്ഞു. എസ്.ഐമാരായ നവീൻ ഷാജ്, എം. അസൈനാർ, മനോജ് കുമാർ, സി.പി.ഒ ബഷീർ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.