ഉപകരണങ്ങൾ തകരാറിൽ; ജില്ല ആശുപത്രിയിൽ രോഗികൾ വലയുന്നു
text_fieldsനിലമ്പൂർ: ജില്ല ആശുപത്രിയിലെ സ്ട്രെച്ചറുകളും വീല്‍ ചെയറുകളും ഉപയോഗശൂന്യമായതോടെ രോഗികൾ വലയുന്നു. ഉപയോഗപ്രദമായ സ്ട്രെച്ചര്‍ ഇല്ലാത്തതിനെ ചൊല്ലി രോഗികളുടെ കൂടെ വന്നവര്‍ വെള്ളിയാഴ്ച പ്രതിഷേധവുമായി രംഗത്തെത്തി. അവശരായ രോഗികള്‍ക്ക് ഉപയോഗിക്കാനുള്ള സ്ട്രെച്ചറുകളും വീല്‍ചെയറുകളും ഉപയോഗരഹിതമായി മാറിയിട്ടുണ്ട്.
അത്യാഹിത വിഭാഗത്തിന് മുന്നിലുള്ള ഉപകരണങ്ങളൊന്നും മതിയായ രീതിയിൽ ഉപയോഗിക്കാവുന്നതല്ല. മിക്ക സ്ട്രെച്ചറുകള്ക്കും വീല്‍ചെയറുകള്‍ക്കും ഒടിഞ്ഞ വീലുകളാണ്. രോഗികള്‍ക്ക് ചവിട്ടാനുള്ള ഭാഗത്ത് കയര്‍കെട്ടിയാണ് ഉപയോഗിക്കുന്നത്. വലിച്ചുകൊണ്ടുപോകാന്‍ കഴിയാത്തതുമുണ്ട്. വീല്‍ചെയറുകളുടെ ഇരിപ്പിടവും പൊളിഞ്ഞതാണ്. നടക്കാനും ഇരിക്കാനും കഴിയാത്ത രോഗികളെ ഇതിൽ കൊണ്ടുപോകുന്നത് ഏറെ പ്രയാസപ്പെട്ടാണ്.
എന്നാൽ, ആശുപത്രിയില്‍ ആവശ്യമായ സ്ട്രെച്ചറുകളും വീല്ചെയറുകളുമുണ്ടെന്നും ആവശ്യമായവക്ക് അറ്റക്കുറ്റപ്പണി നടത്തുമെന്നും ആര്.എം.ഒ ഡോ. ബഹാവുദ്ദീന്‍ പറഞ്ഞു. നല്ല സ്ട്രെച്ചറുകളും ഉപകരണങ്ങളും രോഗികളുമായി വരുന്നവർ ആശുപത്രിയിലെ മറ്റു കെട്ടിടങ്ങളിലെ വാർഡുകളിലേക്ക് കൊണ്ടുപോവുന്നത് തിരിച്ചെത്തിക്കുന്നില്ല. അറ്റൻഡർമാർ കുറവായതുമൂലം സമയത്തിന് അത്യാഹിത വിഭാഗത്തിന് മുന്നിൽ ഇവ തിരിച്ചെത്തിക്കുന്നതിനും താമസം നേരിടുന്നുണ്ട്. അഞ്ച് അറ്റൻഡര്‍ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഒഴിവ് നികത്തി ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടത്തുമെന്നും ആര്.എം.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.