84ാം വയസ്സിലും ത്രേസ്യാമ്മക്ക് കൃഷി ജീവൻ തന്നെ
text_fieldsനിലമ്പൂർ: വീട്ടുമുറ്റത്തെത്തുന്നവർക്ക് ത്രേസ്യാമ്മയെ കാണണമെങ്കിൽ പറമ്പിലേക്ക് നോക്കി ഉച്ചത്തിൽ പേര് ചൊല്ലി കൂവി വിളിക്കണം. 84 കാരിയായ ഈ വീട്ടമ്മ തൂമ്പയും കത്തിയുമായി സദാസമയവും കൃഷിയിടത്തിലാവും. കുടിയേറ്റ കർഷക കുടുംബത്തിലെ അംഗമാണിവർ. 1970 കളിൽ കോട്ടയത്ത് നിന്നാണ് ത്രേസ്യാമ്മയുടെ കുടുംബം ചാലിയാർ പഞ്ചായത്തിലെ അളക്കല്ലിൽ കുടിയേറുന്നത്. പ്രതികൂല കാലാവസ്ഥയോടും വന്യജീവികളോടും മല്ലിട്ട് മണ്ണിൽ പൊന്ന് വിളയിച്ചിരുന്ന കുടുംബത്തിലെ അംഗമായ ഇവർക്ക് കൃഷിയെന്നാൽ ജീവനാണ്. പരമ്പരാഗത കൃഷിരീതികൾക്കൊപ്പം ആധുനിക രീതിയും പരീക്ഷിച്ച് കാർഷിക വൃത്തിയിൽ വിജയം കൊയ്യുകയാണിപ്പോൾ ഈ വീട്ടമ്മ. നിലമ്പൂർ റെയിൽവേ സ്റ്റേഷന് സമീപത്താണ് കടപ്രയിൽ ത്രേസ്യാമ്മ തോമസും കുടുംബവും ഇപ്പോൾ താമസം. തികച്ചും ജൈവ രീതിയിലുള്ള കൃഷിയിൽ നൂറ് മേനി വിളവ് കൊയ്യുകയാണിവർ. വിഷമടിച്ച അന്യസംസ്ഥാന പച്ചക്കറിക്കെതിരെയുള്ള പോരാട്ടത്തിന്റെ വിജയം കൂടിയാണിത്. ഒരു വീടിന് ആവശ്യമായ എല്ലാപച്ചക്കറികളും പൂർണമായും ജൈവരിതിയിൽ ഉല്പാദിപ്പിക്കുകയാണ് ഈ വീട്ടമ്മ. വീട്ടുപറമ്പിലെ ഒന്നര ഏക്കർ സ്ഥലത്താണ് കൃഷിയിടം. കൃഷിയിടത്തിലെ എന്ത് പണിചെയ്യാനും വിളവെടുക്കാനും പ്രായം ഇവർക്ക് തടസ്സമേയല്ല.
കൃഷിയിടത്തിൽ നിറയെ വൈധിധ്യമാർന്ന വിളകളാണ്. ചേമ്പ്, ചേന, കാച്ചിൽ, ചെറുനാരകം, റംമ്പൂട്ടാൻ, മഞ്ഞൾ, കൂവ, കുമ്പളം, വാഴകൾ, കാന്താരി, പപ്പായ, കപ്പ, കറിവേപ്പ്, വിവിധതരം പ്ലാവുകൾ, മാവുകൾ എല്ലാം കൃഷിയിടത്തിലുണ്ട്. കൃഷിയിടം ഒരുക്കുന്നതും വിളവിറക്കുന്നതും പരിപാലിക്കുന്നതുമെല്ലാം ത്രേസ്യാമ്മ തന്നെ. ജൈവവളം മാത്രം ഉപയോഗിക്കുന്നതിനാൽ സൂപ്പർ മാർക്കറ്റുകൾ നടത്തുന്നവർ നേരിട്ട് എത്തിയാണ് വിളകൾ മൊത്തമായും ചില്ലറയായും വാങ്ങുന്നത്.
കൃഷിയിൽ നിന്ന് നല്ല വരുമാനമുണ്ടെന്ന് ഇവർ പറയുന്നു. കഴിഞ്ഞ വർഷം റംമ്പുട്ടാൻ കൃഷിയിൽ നിന്ന് തന്നെ രണ്ട് ലക്ഷത്തോളം വരുമാനം ലഭിച്ചു. കൃഷി ചെയ്യാൻ താൽപര്യമുള്ളവർക്ക് വിത്തുകളും നൽകുന്നുണ്ട്. കൃഷി വർധക്യത്തിൽ നൽകുന്ന സന്തോഷം ചെറുതല്ലെന്ന് ത്രേസ്യാമ്മ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.