ജുഡീഷ്യറിയെപ്പോലും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല -മുഖ്യമന്ത്രി
text_fieldsനിലമ്പൂർ: രാജ്യത്തെ ജനാധിപത്യം അട്ടിമറിക്കാനുള്ള ബോധപൂർവ ശ്രമങ്ങളാണ് നടക്കുന്നതെന്നും ജുഡീഷ്യറിയെപ്പോലും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ആനി രാജയുടെ നിലമ്പൂർ മണ്ഡലം തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ മതേതരത്വം തകർക്കാനുള്ള നീക്കം ആർ.എസ്.എസിന്റെ അജണ്ടയാണ്. ഇതിന്റെ ഭാഗമായി രാജ്യത്തെ നിയമവ്യവസ്ഥകൾ അട്ടിമറിക്കാനുള്ള ശ്രമവും നടന്നുവരുകയാണ്.
ജനാധിപത്യത്തിന്റെ വഞ്ചകപരിശയായി കോൺഗ്രസ് മാറിയെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അവരുടെ നിലപാടുകളിൽ വലിയതോതിൽ അയവ് വരുത്തുകയാണ്. ഇത് ബി.ജെ.പി, ആർ.എസ്.എസ് താദാത്മ്യം പ്രാപിക്കുന്നിടത്തേക്ക് എത്തിയെന്നും ഇത് ബി.ജെ.പിയുടെ വളർച്ചക്ക് കാരണമായെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായിരുന്നപ്പോൾ യാസിർ അറഫാത്തിനെ ചേർത്തുപിടിച്ച് ഫലസ്തീനൊപ്പമായിരുന്നു ഇന്ത്യയുടെ നിലപാട്. എന്നാൽ, നരസിംഹറാവു പ്രധാനമന്ത്രിയായപ്പോഴാണ് ഇസ്രായേൽ അനുകൂല നിലപാട് സ്വീകരിച്ചുതുടങ്ങിയത്. നരേന്ദ്ര മോദി സർക്കാർ ഇസ്രായേലിനൊപ്പമാണെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ജനങ്ങളുടെ കരുത്തിന് മുന്നിൽ പലരും തോറ്റ അനുഭവമുണ്ട്.
ഇന്ത്യയാണ് ഇന്ദിര എന്ന കോൺഗ്രസ് മുദ്രാവാക്യത്തിന് 1977ൽ കോൺഗ്രസിനെ തോൽപിച്ചുകൊണ്ടാണ് ജനം മറുപടി നൽകിയത്. 2004ൽ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെ തോൽപിച്ചും ജനം മറുപടി നൽകി. ഈ തെരഞ്ഞെടുപ്പിൽ മോദിക്ക് ജനം മറുപടി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട്ടിൽ ആനി രാജക്കെതിരെ മത്സരിക്കാൻ രാഹുൽ ഗാന്ധി തയാറായതിനെയും 44 മിനിറ്റ് നീണ്ട പ്രസംഗത്തിൽ അദ്ദേഹം വിമർശിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ഇ. പത്മാക്ഷൻ, സ്ഥാനാർഥി ആനി രാജ, സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ്, സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി പി.പി. സുനീർ, സി.പി.ഐ ജില്ല കമ്മിറ്റി അംഗം പി.എം. ബഷീർ, ജനാധിപത്യ കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ് എം.എ. വിറ്റാജ്.
കേരള കോൺഗ്രസ്-ബി ജില്ല പ്രസിഡന്റ് കെ.പി. പീറ്റർ, ആർ.ജെ.ഡി നേതാവ് രാജമോഹൻ, എൻ.സി.പി-എസ് ബ്ലോക്ക് പ്രസിഡന്റ് പരുന്തൻ നൗഷാദ്, ഐ.എൻ.എൽ പ്രതിനിധി പറാട്ടി കുഞ്ഞാൻ, നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലിം, കേരള കോൺഗ്രസ്-എം മണ്ഡലം പ്രസിഡന്റ് എം.എ. തോമസ്, നഗരസഭ വൈസ് ചെയർപേഴ്സൻ അരുമ ജയ കൃഷ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.