പ്രളയഭീതി: കേന്ദ്രസേന നിലമ്പൂരിലെത്തി
text_fieldsനിലമ്പൂർ: പ്രളയഭീഷണി ചെറുക്കാൻ ദേശീയ ദുരന്ത നിവാരണ സേന നിലമ്പൂരിലെത്തി. മലയോര മേഖലയിൽ ഒരാഴ്ചയായി മഴ തുടരുന്നതിനാലാണ് മുൻകരുതലിന്‍റെ ഭാഗമായി ജനറൽ മോഹൻ രങ്കന്റെ നേതൃത്വത്തിലുള്ള 18 അംഗ സേന എത്തിയത്.
സംസ്ഥാന സർക്കാർ ആവശ‍്യപ്പെട്ടത് പ്രകാരമാണ് ചെന്നൈയിൽനിന്ന് രക്ഷാ ദൗത‍്യത്തിനാവശ‍്യമായ ബോട്ട് ഉൾപ്പെടെ എല്ലാവിധ സജ്ജീകരണങ്ങളുമായാണ് എത്തിയത്. നിലമ്പൂർ വീട്ടിക്കുത്ത് ജി.എൽ.പി സ്കൂളിലാണ് ക‍്യാമ്പ് ചെയ്തിട്ടുള്ളത്. തഹസിൽദാറുടെ മേൽനോട്ടത്തിലാവും സേനയുടെ പ്രവർത്തനം. മുൻവർഷങ്ങളിൽ നിലമ്പൂർ മേഖലകളിൽ ഉണ്ടായ പ്രളയദുരന്തം കണക്കിലെടുത്താണ് സേന ഇത്തവണ നേരത്തേ എത്തിയത്. ചാലിയാറിന്‍റെയും ഉപനദികളായ പുന്നപ്പുഴ, കാരക്കോടൻ പുഴ, കലക്കൻപുഴ എന്നിവയുടെ കോർ ഏരിയകളിലും ഉത്ഭവസ്ഥാനമായ തമിഴ്നാട് ഭാഗങ്ങളിലും മഴ തുടരുന്നതിനാൽ പുഴകളിൽ മലവെള്ളപ്പാച്ചിലിന് സാധ‍്യതയുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് മുൻകരുതൽ നടപടി. സേനക്ക് നിലമ്പൂർ നഗരസഭയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.