ഇരുതല മൂരികളുമായി അഞ്ചുപേർ പിടിയിൽ
text_fieldsനിലമ്പൂർ: ഇരുതല മൂരികളുമായി അഞ്ചു പേരെ നിലമ്പൂർ വനം ഫ്ലയിങ് സ്ക്വാഡ് അറസ്റ്റ് ചെയ്തു. തിരുപ്പൂർ ന‍്യൂ ബസ്സ്റ്റാൻഡിന് സമീപം മൂന്നാംവഴി സ്വദേശി രാജാമുഹമ്മദ് (39), മഞ്ചേരിക്കടുത്ത് എളങ്കൂർ സ്വദേശി കിഴക്കേപുറത്ത് സൈദ് അബ്ദുൽ കരീം (42), പത്തപ്പിരിയം പാണക്കുന്ന് കമറുദ്ദീൻ (40), കാസർകോട് ചെങ്കള സ്വദേശി കൊളക്കാടൻ ഹനീഫ മുഹമ്മദ് (46), ആലപ്പുഴ എഴുപുന്ന സ്വദേശി പാങ്ങോത്ത്കരി ആനന്ദ് (25) എന്നിവരാണ് പിടിയിലായത്.
എളങ്കൂർ -തച്ചുണ്ണി റോഡിലെ കെ.എം. ഫാമിലി അപ്പാർട്മെന്‍റ് എന്ന കെട്ടിടത്തിൽ നിന്ന് വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇവർ പിടിയിലാവുന്നത്. കോഴിക്കോട് ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ സുനിൽകുമാറിന് ലഭിച്ച രഹസ‍്യവിവരത്തെ തുടർന്നാണ് മിന്നൽ പരിശോധന. ആന്ധ്രപ്രദേശിൽനിന്ന് 10 ലക്ഷം രൂപക്കാണ് രണ്ട് ഇരുതല മൂരികളെ വാങ്ങിയതെന്നാണ് പ്രതികളിലൊരാളുടെ മൊഴി. ഇവർ വന്ന തമിഴ്നാട്ടിൽ നിന്നും വാടകക്കെടുത്ത കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തൃശൂർ സ്വദേശിക്ക് 25 ലക്ഷത്തിന് വിൽപന നടത്താനാണ് ഇരുതല മൂരികളെ എളങ്കൂരിലെത്തിച്ചത്. കാൽ ലക്ഷത്തിന് കച്ചവടം ഉറപ്പിച്ച തൃശൂർ സ്വദേശിയെ ചോദ‍്യം ചെയ്താൽ മാത്രമേ പിന്നിൽ അന്താരാഷ്ട്ര കണ്ണികളുണ്ടോയെന്ന് വ‍്യക്തമാകുകയുള്ളൂവെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. മൊബൈൽ ഫോൺ വഴിയാണ് ഹാരിസ് എന്ന് പേര് പറഞ്ഞ തൃശൂർ സ്വദേശിയുമായി ബന്ധപ്പെട്ടിരുന്നത്. ഇയാളെയും കേസിൽ പ്രതിയാക്കും. തുടർ അന്വേഷണത്തിന്‍റെ ഭാഗമായി പ്രതികളെയും ഇരുതല മൂരികളെയും കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫിസർക്ക് കൈമാറി. ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ എം. രമേശൻ, ഡെപ‍്യൂട്ടി റേഞ്ച് ഓഫിസർ പി. മോഹനകൃഷ്ണൻ, ഫോറസ്റ്റ് ഓഫിസർമാരായ എൻ.പി. പ്രദീപ് കുമാർ, പി.കെ. വിനോദ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. അന്ധവിശ്വാസമാണ് ഇരുതല മൂരികളെ വ‍്യാപകമായി കടത്തുന്നതിന് പിന്നിൽ. വെള്ളിമൂങ്ങ, നക്ഷത്ര ആമ എന്നിവയേയും ആഭിചാരത്തിനായി ഉപയോഗിച്ചുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.