കാലിത്തീറ്റ വില വർധനവും രോഗവ്യാപനവും; ജില്ലയിൽ പാലുൽപാദനത്തിൽ ഗണ്യമായ കുറവ്
text_fieldsനിലമ്പൂർ: കാലിത്തീറ്റയുടെ വില വർധനവും കാലികളിലെ രോഗവ്യാപനവും ഒപ്പം സബ്സിഡി ഇല്ലായ്മയും കാരണം പ്രതിസന്ധി മറികടക്കാനാവാതെ ജില്ലയിലെ ക്ഷീരകർഷകർ. പാലുൽപാദനത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായത്.
ജില്ലയിൽ 9,500 ഓളം കർഷകരാണുള്ളത്. പ്രതിസന്ധി മറികടക്കാനാവാതെ പത്ത് ശതമാനം കർഷകരുടെ കുറവുണ്ടായി. കഴിഞ്ഞ വർഷം ജില്ലയിലെ ദിനംപ്രതി പാലുൽപാദനം ശരാശരി 83,000 ലിറ്ററായിരുന്നെങ്കിൽ ഈ വർഷം 73,000 ലിറ്ററായി കുറഞ്ഞു. അകിടുവീക്ക രോഗത്തിന് പുറമെ ചർമ മുഴരോഗവും വ്യാപിക്കുന്നുണ്ട്. വഴിക്കടവ് പഞ്ചായത്തിൽ മാത്രം 20ഓളം കാലികൾക്ക് ചർമമുഴ റിപ്പോർട്ട് ചെയ്തു.
രോഗം മൂർഛിച്ച കാലികൾ മരണപ്പെടുകയാണ്. രോഗവ്യാപനം തടയാൻ തിങ്കളാഴ്ച വഴിക്കടവിൽ ആരംഭിച്ച ജില്ല ക്ഷീര സംഗമത്തിലെ കന്നുകാലി പ്രദർശനം ഒഴിവാക്കി.
കഴിഞ്ഞ ഒരു വർഷത്തിനിടെ കാലിത്തീറ്റക്ക് കിലോക്ക് എട്ട് രൂപയുടെ വർധനവാണുണ്ടായത്. 50 കിലോയുടെ ഒരു ചാക്ക് കാലിത്തീറ്റക്ക് 1650 രൂപയാണ് ഇപ്പോഴത്തെ വില. കഴിഞ്ഞ ഡിസംബറിൽ പാലിന് ലിറ്ററിന് അഞ്ച് രൂപ വർധിപ്പിച്ചെങ്കിലും ചെലവ് ഇനത്തിലെ വർധനവിന് ആനുപാതികമല്ല.
കർഷകന് ലിറ്ററിന് 43 രൂപയാണ് സൊസൈറ്റികളിൽ ലഭിക്കുന്നത്. ചെലവിനനുസൃതമായുള്ള വരുമാനം ലഭിക്കുന്നില്ലെന്ന് മാത്രമല്ല, നഷ്ടത്തിലേക്കും നീങ്ങുന്നു. പത്ത് പശുകളുള്ള ഒരു യൂനിറ്റ് ആരംഭിക്കാൻ പത്ത് ലക്ഷത്തോളം രൂപ ചെലവ് വരുന്നുണ്ട്. 30 ശതമാനമാണ് സബ്സിഡി നൽകുന്നത്.
സബ്സിഡി നൽകുന്നതും പര്യാപ്തമല്ല. കഴിഞ്ഞ വർഷം പത്ത് യൂനിറ്റിന് സബ്സിഡി ആവശ്യപ്പെട്ടപ്പോൾ ഒരു യൂനിറ്റിന് മാത്രമാണ് ലഭിച്ചത്. 50 ശതമാനമെങ്കിലും സബ്സിഡി അനുവദിച്ചാലേ ക്ഷീരകർഷകർക്ക് പിടിച്ചു നിൽക്കാനാവൂ. പശുകളെ ഇൻഷൂർ ചെയ്യാൻ സബ്സിഡി ഇല്ല.
ഒരു പശുവിനെ ഒരു വർഷത്തേക്ക് ഇൻഷൂർ ചെയ്യാൻ 4500 ഓളം രൂപ വരും. പ്രമീയം തുക മുഴുവനും കർഷകൻ അടക്കണം. തീറ്റപ്പുൽ, ചോളം കൃഷിക്കും സബ്സിഡി നന്നേ കുറവാണ്. ഒരു സെന്റിന് 56 രൂപയാണ് സബ്സിഡി ലഭിക്കുന്നത്. തുക വർധിപ്പിക്കുകയാണ് ക്ഷീരമേഖലയെ നിലനിർത്താനും പുഷ്ടിപ്പെടുത്താനുമുള്ള ഏക പോംവഴിയെന്ന് കർഷകരും അധികൃതരും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.