വന്യജീവി ആക്രമണം: വനം വകുപ്പിെൻറ ഭൂമി ഏറ്റെടുക്കൽ പദ്ധതിക്ക് സമ്മതം അറിയിച്ച് കൂടുതൽ കർഷകർ
text_fieldsനിലമ്പൂർ: കാട്ടാന, കാട്ടുപന്നി, കുരങ്ങ് തുടങ്ങിയ വന്യജീവികളുടെ ആക്രമണമുള്ള വനാതിർത്തികളിലെ കുടുംബങ്ങളുടെ ഭൂമി ഏറ്റെടുക്കൽ പദ്ധതിയിലേക്ക് സമ്മതം അറിയിച്ച് കൂടുതൽ കർഷകർ. വനം സംരക്ഷണവും ഒപ്പം കുടുംബങ്ങളുടെ സുരക്ഷയും കണക്കിലെടുത്ത് വനം വകുപ്പ് നൽകിയ നിർദേശം കേന്ദ്രം അംഗീകരിച്ചതോടെ നടപടികൾക്ക് വനം വകുപ്പ് വേഗതകൂട്ടി. പദ്ധതി നടത്തിപ്പിനായി കേരളത്തിന് കേന്ദ്രം 600 കോടി രൂപ അനുവദിക്കുകയും ആദ്യഗഡു 124 കോടി രൂപ കൈമാറുകയും ചെയ്തിട്ടുണ്ട്.
വന്യജീവി ശല്യമുള്ള വനാതിർത്തിയിലെ പുരയിടം ഉൾപ്പെടെ സ്വകാര്യഭൂമി കുടുംബങ്ങളിൽനിന്നും ഏറ്റെടുക്കുന്നതാണ് പദ്ധതി. വനംവകുപ്പും സർക്കാറും തയാറാക്കിയ വ്യവസ്ഥകളോട് കൂടിയ സമ്മത പത്രത്തിൽ ഭൂമി കൈമാറാൻ തയാറുള്ള കുടുംബങ്ങൾ ഒപ്പുവെക്കണം. വനത്തിനകത്ത് പട്ടയഭൂമിയിൽ താമസിക്കുന്ന ആദിവാസി വിഭാഗത്തിെൻറ കോളനികളിലുള്ളവർക്കും വേണമെങ്കിൽ സ്ഥലം സർക്കാറിന് നൽകി ഒഴിഞ്ഞുപോകാം.
ഒഴിഞ്ഞുപോവുന്ന ഒരു കുടുംബത്തിന് ഭൂമിക്കും വീടിനുമായി 15 ലക്ഷം രൂപയാണ് നൽകുക. മാതാപിതാക്കളും 18 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളും ഉൾപ്പെടുന്നതിനെയാണ് കുടുംബമായി കണക്കാക്കുന്നത്. 18 വയസ്സിന് മുകളിലുള്ളവർക്ക് ഭൂമി വാങ്ങി വീടുവെക്കുന്നതിനും സാമ്പത്തിക സഹായം നൽകും. പദ്ധതി പ്രകാരം കൈമാറാൻ തയാറുള്ള ഇത്തരം ഭൂമികളിൽ രജിസ്ട്രേഷൻ നടത്തരുതെന്ന് രജിസ്ട്രാർമാർക്ക് സർക്കാർ നിർദേശം നൽകി.
വനത്തിനോടു ചേർന്നോ വനത്തിനകത്തോ കൃഷി ഭൂമിയുള്ളവരുടെ സ്ഥലങ്ങളും സമ്മതമാണെങ്കിൽ വനം വകുപ്പ് ഏറ്റെടുക്കും. വലുതും ചെറുതുമായ സ്വകാര്യ തോട്ടങ്ങൾ വനത്തിനകത്തുണ്ട്. മലപ്പുറം ജില്ലയിൽ മാത്രം സ്ഥലം വിട്ടുകൊടുക്കാൻ സന്നദ്ധത അറിയിച്ച് 50 ലേറെ അപേക്ഷകൾ ലഭിച്ചതായി നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ മാർട്ടിൻ ലോവൽ പറഞ്ഞു. അപേക്ഷകളിൽ പ്രാഥമിക അന്വേഷണം നടത്തി സ്ഥിതിഗതികൾ മനസ്സിലാക്കിയ ശേഷമാണ് സർക്കാറിന് കൈമാറുക. പരിഗണിച്ച 24 അപേക്ഷകൾ വനംവകുപ്പ് സർക്കാറിലേക്ക് നൽകി.
മുണ്ടേരി അപ്പൻകാപ്പ് വനമേഖലയിലെ 52 ഏക്കർ ഭൂമി പദ്ധതി പ്രകാരം സർക്കാർ ഏറ്റെടുക്കാൻ താൽപര്യം കാണിച്ചിട്ടുണ്ട്. സ്ഥലമുടമകളുമായി സംസാരിച്ച് വിദഗ്ധസമിതി വില നിശ്ചയിച്ച് ഉഭയസമ്മതപ്രകാരമാണ് ഏറ്റെടുക്കൽ നടത്തുക. വനം റേഞ്ച് ഓഫിസർമാർ പ്രാഥമിക പരിശോധന നടത്തി തഹസിൽദാർവഴി നിയമപ്രകാരമുള്ള സ്ഥലപരിശോധനയും നടത്തിയാണ് വില കണക്കാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് യോഗം ചേർന്നിരുന്നു. വനത്തിനോടു ചേർന്നുള്ള ഭൂമി വനം വകുപ്പ് ഏറ്റെടുക്കാനും ഒറ്റപ്പെട്ട സ്ഥലങ്ങളാണെങ്കിൽ പഞ്ചായത്തുകൾ ഭൂമി ഏറ്റെടുക്കണമെന്നുമാണ് യോഗത്തിലുണ്ടായ ധാരണ. വയനാട്, കൊല്ലം, തിരുവനന്തപുരം, കാസർകോട് ജില്ലകളിലാണ് പദ്ധതിക്ക് തുടക്കമിട്ടതെങ്കിലും മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.